നജീബ് അഹമ്മദ് എവിടെ ? ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാന കേസിൽ അന്വേഷണം അവസാനിപ്പിക്കാൽ അനുമതി നൽകി കോടതി

40
Advertisement

ന്യൂഡൽഹി: ഡൽഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യില്‍ നിന്നും 2016 ല്‍ കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ്. സിബിഐക്ക് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയത് ഡൽഹി കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരിയാണ്.

കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തെളിവ് ലഭിക്കുകയാണെങ്കില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള അനുമതിയും കോടതി സിബിഐക്ക് നല്‍കിയിട്ടുണ്ട്. നജീബിന്‍റെ തിരോധാനത്തില്‍ ആദ്യം അന്വേഷണം നടത്തിയിരുന്നത് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് എന്നാല്‍ കേസില്‍ ഒരു തരത്തിലുള്ള തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ 2018 ല്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ജെഎന്‍യുവില്‍ എംഎസ്‌സി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതാവുന്നത് 2016 ലാണ്. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികൾ നജീബിന്‍റെ തിരോധാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇത്ര വര്‍ഷമായിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല. 2016 ഒക്ടോബറില്‍ ഒരു തെരഞ്ഞെടുപ്പ് സമയത്ത് എബിവിപി പ്രവര്‍ത്തകരുമായി നജീബ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും തുടര്‍ന്ന് രാത്രി ഹോസ്റ്റല്‍ മുറിയിലെത്തിയ ഇവര്‍ നജീബിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മര്‍ദനത്തെ തുടര്‍ന്ന് നജീബ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ നജീബ് മാതാവിനെ വിളിച്ച് ഉടന്‍ യൂണിവേഴ്സിറ്റിയിലേക്ക് എത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേദിവസം മുതല്‍ നജീബിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ക്യാമ്പസിലുള്‍പ്പെടെ നടന്നിരുന്നു. നിലവില്‍ 2025ലും നജീബിന്‍റെ തിരോധാനത്തില്‍ വ്യക്തതയില്ല.

Advertisement