ഇറാനില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങണം; ചൈനയെ ഉപദേശിച്ച് ട്രംപ്

357
Advertisement

വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ അസാധാരണ നീക്കം. ചൈനയ്ക്ക് ഇറാനില്‍ നിന്ന് ഇനി ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരാമെന്നും അവര്‍ യു.എസില്‍ നിന്നും വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് തന്റെ ട്രൂത്ത് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല അത് സാധ്യമാക്കിയത് തനിക്കൊരു ബഹുമതികൂടിയാണെന്നും ട്രംപ് പറഞ്ഞുവെച്ചു.

ഇറാനെതിരേ പരമാവധി സമ്മര്‍ദം ചെലുത്തി സാമ്പത്തിക ഉപരോധത്തിലൂടെയും മറ്റും ആണവ പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ട്രംപ് നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. ഇതില്‍ നിന്നാണ് ഒറ്റയടിക്ക് തിരിഞ്ഞുനടന്നിരിക്കുന്നത്. ട്രംപിന്റെ പുതിയ നീക്കത്തില്‍ അന്താരാഷ്ട്ര രംഗത്ത് തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. യു.എസ് ഉപരോധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇറാന് പിടിവള്ളിയായത് ചൈന ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത് കൊണ്ടാണ്. ഇറാനില്‍ ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. ഇതിനിടെയാണ് പ്രോത്സാഹനവുമായി ട്രംപ് രംഗത്ത് വന്നത്.
ഇറാനില്‍ നിന്ന് കഴിഞ്ഞ ഏപ്രിലില്‍ 90 ശതമാനം ക്രൂഡ് ഓയിലും വാങ്ങിയത് ചൈനയാണ്. ഇതിന് പിന്നാലെ കഴിഞ്ഞമാസം ചൈനയിലേക്കുള്ള ഇറാന്റെ എണ്ണ വ്യാപാരത്തിനെതിരെ യു.എസ് ഉപരോധം കൊണ്ടുവന്നിരുന്നു.

യു.എസിന്റെ ഓയില്‍ കമ്പനികള്‍ക്ക് ചൈനയില്‍ നിന്ന് ഓര്‍ഡറുകള്‍ നേടിയെടുക്കാനുള്ള തന്ത്രമാണോ ട്രംപ് പയറ്റുന്നതെന്നാണ് ലോകം സംശയിക്കുന്നത്. ഇറാനെയും ചൈനയെയും ഒരേപോലെ ഉപയോഗപ്പെടുത്തുന്നത് റഷ്യയെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തല്‍. ഇറാനില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ ചൈന വാങ്ങിയാല്‍ റഷ്യയില്‍ നിന്നുള്ള അവരുടെ ഇറക്കുമതി കുറയും. നിലവില്‍ ഇന്ത്യയും ചൈനയുമാണ് റഷ്യയില്‍ നിന്ന് കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത്. യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് അസംസ്‌കൃത എണ്ണ വില്‍പ്പനയിലൂടെയുള്ള വരുമാനം നിര്‍ണായകമാണ്.

Advertisement