അഹമ്മദാബാദ് ആകാശദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നഴ്സ്, രഞ്ജിതയുടെ മൃതദേഹം ഇന്നെത്തിക്കും; നാടൊന്നാകെ യാത്രാമൊഴിയേകും

80
Advertisement

തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ ഏഴിന് മൃതദേഹം ഏറ്റുവാങ്ങും. രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചു. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.

മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സ‍ർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയിൽ ജോലിയിൽ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രയുടെ ഉദ്ദേശ്യം. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്.

ഗോപകുമാരന്‍ നായര്‍ – തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Advertisement