ഇറാനിലേക്ക് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങള്‍ പറത്താന്‍ ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചോ? ആരോപണം വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

439
Advertisement

ന്യൂഡൽഹി: ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക ഇറാനിലെ ആണവ നിലയങ്ങളില്‍ നടത്തിയ ആക്രമണത്തിന് (ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍) ഇന്ത്യന്‍ വ്യോമപാത യുഎസ് സേനകള്‍ ഉപയോഗിച്ചതായുള്ള പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ വ്യോമപാത ഉപയോഗിച്ചാണ് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങളടക്കം ഇറാനിലേക്ക് വിന്യസിച്ചത് എന്നായിരുന്നു ഇറാന്‍ ടൈംസിന്‍റെ ഉള്‍പ്പടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നിഷേധിച്ചു. ഇറാനെ ആക്രമിക്കാന്‍ ഇന്ത്യ വ്യോമപാത അമേരിക്കയ്ക്ക് അനുവദിച്ചതായി പാകിസ്ഥാന്‍ അനുകൂല എക്‌സ് അക്കൗണ്ടുകളും പ്രചരിപ്പിച്ചിരുന്നു.

ഇറാനിലെ ഫോര്‍ഡോ ആണവ നിലയത്തിലടക്കം അമേരിക്കന്‍ സേന നടത്തിയ ആക്രമണത്തില്‍ ബി-2 സ്‌പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ക്ക് ഇന്ത്യ സഞ്ചാരപാതയൊരുക്കി എന്നായിരുന്നു ഇറാന്‍ അനുകൂല എക്സ് അക്കൗണ്ടുകളിലെ പ്രചാരണം. പാക് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും സമാന ആരോപണമുയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാതെയാണ് യുഎസിന്‍റെ ബോംബര്‍ വിമാനങ്ങള്‍ ഇറാനില്‍ പ്രവേശിച്ചത് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പിഐബി ഫാക്ട് ചെക്ക് വിശദീകരിച്ചു.

Advertisement