കൊല്ലം കോടതി വളപ്പിലെ സംഘർഷം: നാളെ കൊല്ലത്ത് കോടതി നടപടികളിൽ നിന്ന് അഭിഭാഷകർ വിട്ട് നിൽക്കും…. സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Advertisement

കൊല്ലം: കോടതി വളപ്പില്‍ അഭിഭാഷകരും ആര്‍ടി ഓഫീസില്‍ എത്തിയവരും തമ്മില്‍ കയ്യാങ്കളി ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ നാളെ കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കും. കാറിന് കുറുകെയിട്ട വാഹനം മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. കോടതി വളപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്ത യുവാവും യുവതിയും തങ്ങളുടെ കാറിന് തടസ്സമായി കാര്‍ പാര്‍ക്ക് ചെയ്‌തെന്ന് ആരോപിച്ച് കോടതിയില്‍ പോകാനായി എത്തിയ അഭിഭാഷകനുമായി കയ്യാങ്കളിയാവുകയായിരുന്നു.
അഡ്വ. ഐ.കെ. കൃഷ്ണകുമാറും വാഹനത്തിന്റെ ഫീസ് അടയ്ക്കാനെത്തിയ കടയ്ക്കല്‍ സ്വദേശിനി ഷെമീന, ഡ്രൈവര്‍ സിദ്ദിഖ് എന്നിവരും തമ്മിലായിരുന്നു കയ്യാങ്കളി. ഷെമീന ഫീസ് അടയ്ക്കാനായി ആര്‍ടി ഓഫീസിലേക്ക് പോയ സമയം കാറില്‍ സിദ്ദിഖ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കാറിന് മുന്നില്‍ അഭിഭാഷകന്‍ സ്വന്തം കാര്‍ നിര്‍ത്തിയ ശേഷം കോടതിയിലേക്ക് പോയി. ആര്‍ടി ഓഫീസിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഷെമീന തിരികെ എത്തിയപ്പോള്‍ കാര്‍ പുറത്തേക്ക് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഭിഭാഷകന്‍ എത്തി കാര്‍ മാറ്റുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു. തുടര്‍ന്ന് കോടതിവളപ്പില്‍ വലിയ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തു. ഒടുവില്‍ ഇരുകൂട്ടരും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Advertisement