തിരുവനന്തപുരം : തിരുവനന്തപുരം പിഎംജിയിലുള്ള സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ നാലോടെയാണ് പിഎംജിയിലുള്ള ടിവിഎസ് സ്കൂട്ടർ ഷോറൂമിന് തീപിടിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പത്ത് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ ഇപ്പോൾ നിയന്ത്രണവിധേയമായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.
താഴെയും മുകളിലുമുള്ള നിലകളിൽ തീപിടിച്ചു. താഴെ നിലയിലാണ് സ്കൂട്ടറുകളുണ്ടായിരുന്നത്. ഒന്നരക്കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കരുതുന്നത്. സ്കൂട്ടറുകളും സ്പെയർപാട്സും സർവീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു. പത്തോളം വാഹനങ്ങൾ കത്തി നശിച്ചതായാണ് വിവരം. കേടുപാടുകൾ സംഭവിക്കാത്ത വാഹനങ്ങൾ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. സമീപത്തുള്ള സർവീസ് കേന്ദ്രത്തിലുള്ള വസ്തുക്കളും തീകത്തി നശിച്ചു. മുകൾ നിലയിലെ ഗോഡൗണിലാണ് സ്പെയർപാർട്സുകൾ സൂക്ഷിക്കുന്നത്. മുകൾ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്നാണ് വിവരം. കെട്ടിടം പൂർണമായി കത്തിനശിച്ച നിലയിലാണ്. അപകട സമയത്ത് ജീവനക്കാർ ആരും തന്നെ ഷോറൂമിൽ ഉണ്ടായിരുന്നില്ല.