ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മാക്സ്വെല്‍

Advertisement

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍. ടി20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കല്‍ തീരുമാനമെന്നും 36-കാരനായ താരം അറിയിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കുകയാണ് ലക്ഷ്യം. 13 വര്‍ഷത്തെ ഏകദിന കരിയറിനാണ് മാക്സ്വെല്‍ വിരാമമിടുന്നത്. ഇതോടെ 2027 ലോകകപ്പില്‍ ഓസീസ് നിരയില്‍ മാക്സ്വെല്‍ ഉണ്ടാകില്ല. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലാണ് മക്സ്വെല്‍ അവസാനമായി ഓസീസ് ടീമില്‍ കളിച്ചത്.
149 ഏകദിന മത്സരങ്ങളില്‍ നിന്നായി 3990 റണ്‍സും 77 വിക്കറ്റുകളും നേടിയിട്ടുണ്ട്. നാല് സെഞ്ചുറികളും 23 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 33.81 ശരാശരിയിലാണ് താരത്തിന്റെ നേട്ടം. 2015, 2023 വര്‍ഷങ്ങളില്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു മാക്സ്വെല്‍. 2023 ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ പരാജയം മുന്നില്‍ കണ്ട് ഓസീസിനെ ഇരട്ട സെഞ്ചുറിയുമായി (201*) വിജയത്തിലെത്തിച്ച മാക്സ്വെല്ലിന്റെ പ്രകടനം മറക്കാനാകാത്തതാണ്.

Advertisement