പെന്‍ഷന്‍ വരും വരും എന്ന് പറയുന്നു… പക്ഷേ വന്നില്ല

11546
Advertisement

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ തുക അനുവദിച്ചെങ്കിലും പലർക്കും ക്ഷേമ പെൻഷൻ ലഭിച്ചിട്ടില്ല. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക  കൂടി ചേർത്ത് മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുകയെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്.
ഈ മാസം 24 മുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങുമെന്നും ജൂണ്‍ അഞ്ചിന് മുന്‍പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനുമായിരുന്നു നിര്‍ദേശം. എന്നാൽ പലർക്കും ക്ഷേമ പെൻഷൻ ലഭിച്ചിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകളിൽ ഉണ്ടാകുന്ന കാല താമസം ആണ് പെൻഷൻ ലഭിക്കാൻ വൈകുന്നത് എന്നായിരുന്നു ഗുണഭോക്താക്കൾ കരുതിയിരുന്നത്. എന്നാൽ തിങ്കളാഴ്ചയും പണം അക്കൗണ്ടിൽ ലഭിച്ചില്ല. പെൻഷൻ സോഫ്റ്റ്‌വെയറിൽ ഉണ്ടായ പ്രശ്നങ്ങളാണ് പെൻഷൻ വൈകാൻ കാരണം എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
ധന ഞെരുക്കത്തിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന്റെ അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അതില്‍ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഒരു ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത്. 62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്.

Advertisement