ഇരുമ്പു ഗ്രില്ലിൽ നിന്നു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷോക്കേറ്റു: യുവതി മരിച്ചു

Advertisement

തൃശൂർ വടക്കാഞ്ചേരിയിൽ ഇരുമ്പു ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്കും ഷോക്കേറ്റു. ഇരുവർക്കും പരിക്കുണ്ട്.

ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണം നടക്കുന്നതിനാൽ ഇവർ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പു ഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.
മൂന്ന് പേരേയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേണുകയുടെ ജീവൻ രക്ഷിക്കാനായില്ല. അധികൃതരുടെ പരിശോധനയ്ക്കു ശേഷമേ ഗ്രില്ലിൽ എങ്ങിനെ വൈദ്യുതിയെത്തി എന്നു അറിയാൻ സാധിക്കു.

Advertisement