മഴ ദുരിതം… 3 പേര്‍ മരിച്ചു

Advertisement

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്.മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചു. ഒരാളെ കാണാതായി. നിരവധി വീടും കെട്ടിടവും തകര്‍ന്നു. മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി.
കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്ത് കാറ്റില്‍ വള്ളംമറിഞ്ഞ് മേത്തല പടന്ന പാലക്കപറമ്പില്‍ സന്തോഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓട്ടറാട്ട് പ്രദീപിനായുള്ള തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് വടകര അഴിയൂരില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിനടിയില്‍ കുടുങ്ങി കണ്ണൂര്‍ പെരിങ്ങത്തൂര്‍ കരിയാട് മുക്കാളിക്കര എരോത്ത് പീടികയ്ക്ക് സമീപം കുളത്തുവയല്‍ വീട്ടില്‍ രജീഷ് (48) മരിച്ചു.കണ്ണൂര്‍ എടക്കാട് ദേശീയപാത 66ല്‍ കോണ്‍ക്രീറ്റിങ്ങിനിടെ മണ്ണിടിഞ്ഞ് ജാര്‍ഖണ്ഡ് സ്വദേശി ബയാസ് ഒറോയ (34) മരിച്ചു.
മഴക്കടുതിയില്‍ മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. പലയിടത്തും ട്രെയിന്‍ ഗതാഗതം അടക്കം തടസപ്പെട്ടു. വൈദ്യുതിബന്ധവും തകരാറിലായി. തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. നാദാപുരം റോഡ് റെയില്‍വേ ലൈനില്‍ മരംവീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ മുടങ്ങി. പഴശ്ശി അണക്കെട്ടിന്റെ നാലു ഷട്ടര്‍ അരമീറ്റര്‍ വീതം ഉയര്‍ത്തി. മലപ്പുറം എടക്കര പുന്നപ്പുഴയിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. പാലക്കാട് ജില്ലയില്‍ മൂന്നു വീടും ആലപ്പുഴയില്‍ ഒരുവീട് പൂര്‍ണമായും ആറു വീട് ഭാഗികമായും തകര്‍ന്നു. ആലുവയിലും തൃപ്പൂണിത്തുറയിലും മരംവീണ് വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും ലൈനില്‍ മരം വീണ് വൈദ്യുതി മുടങ്ങി.

Advertisement