നന്തന്‍കോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസിലെ വിധി പ്രസ്താവിച്ചിരിക്കുകയാണ്. ജീവപര്യന്തം തടവും 15 ലക്ഷംരൂപ പിഴയും ആണ് ശിക്ഷാവിധി. കേരളത്തെ ഏറെ ഞെട്ടിച്ച കേസില്‍ കേദല്‍ ജിന്‍സണ്‍ രാജയാണ് ഏകപ്രതി. കേഡലിന്റെ മാതാപിതാക്കളായ ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, സഹോദരി കരോലിന്‍, ഡോക്ടറുടെ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായാണ് കൊലപാതകം നടന്നതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ ശരീരത്തില്‍നിന്നു വേര്‍പെടുത്തുമെന്നു വിശ്വസിക്കപ്പെടുന്ന ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ കഥ മെനഞ്ഞാണ് നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ (34) പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, മനശാസ്ത്രജ്ഞരുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ തന്ത്രങ്ങള്‍ പാളി. പിതാവിനോടുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു വ്യക്തമായി. ശാസ്ത്രീയ തെളിവുകളും പൊലീസിനെ സഹായിച്ചു.
പത്തു വര്‍ഷത്തിലേറെയായി കുടുംബാംഗങ്ങള്‍ അറിയാതെ കേഡല്‍ സാത്താന്‍ സേവ നടത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷനില്‍ അറിവ് നേടിയത്.
നല്ല സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവുമുള്ള കുടുംബത്തിലെ അംഗമായ കേഡല്‍, സാത്താന്‍ സേവയില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നത് പോലീസിനെ കുഴക്കിയിരുന്നു.
എന്താണ് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’
കൂടുവിട്ടു കൂടുമാറ്റം എന്നൊക്കെ പറയാവുന്ന തരം ബ്ലാക് മാജിക്കാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ശരീരംവിട്ട് ആത്മാവ് മറ്റെവിടെയോ സഞ്ചരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്ന മനോനിലയാണിത്. അല്ലെങ്കില്‍, ഒരാള്‍ക്ക് ഒരേസമയം രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ എത്തിച്ചേരാനാകുമെന്നു തോന്നിപ്പിക്കുന്ന അവസ്ഥ. ആത്മാവിനെ ശരീരത്തില്‍നിന്നു മോചിപ്പിച്ചു മറ്റൊരു ലോകത്തേക്ക് എത്തിക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണമാണു താന്‍ നടത്തിയതെന്നായിരുന്നു കേഡലിന്റെ ആദ്യ മൊഴി.
ആസ്ട്രല്‍ എന്ന വാക്കിനു നക്ഷത്രമയം എന്നാണ് അര്‍ഥം. താന്ത്രിക വിദ്യയിലേതുപോലെയുള്ള മാര്‍ഗങ്ങളാണു ഇതു പരിശീലിക്കുന്ന സാത്താന്‍ സേവക്കാരും പ്രയോഗിക്കുന്നത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷണത്തില്‍ വിജയിച്ചാല്‍ വിശാലമായതും മറ്റുള്ളവര്‍ക്കു കാണാന്‍ പറ്റാത്തതുമായ കാഴ്ചകള്‍ കാണാനാകുമെന്നാണു വിശ്വാസം. വ്യക്തികളുടെ ആത്മാവിനെ ഇതുവഴി സ്പര്‍ശിക്കാനാകുമെന്നും ഇത് പ്രയോഗിക്കുന്നവര്‍ പ്രചരിപ്പിക്കുന്നു.
ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ ഡ്രീം യോഗയില്‍ വര്‍ഷങ്ങളായി അകപ്പെട്ടു പോയ ഒട്ടേറെ ആളുകളുണ്ട്. ഇതില്‍ എത്താന്‍ ഘട്ടങ്ങള്‍ അഭ്യസിക്കണം എന്നു പറഞ്ഞാണ് ഇതിന്റെ പ്രചാരകര്‍ ഇരകളെ വീഴ്ത്തുന്നത്. ഉന്മാദവും ഭ്രാന്തും ചേര്‍ന്ന മാനസിക നിലയിലേക്കാണ് ഇരകളെ എത്തിക്കുന്നത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ സംബന്ധിച്ചുള്ള മറ്റു പ്രചാരണങ്ങള്‍ ഇങ്ങനെ : ആസ്ട്രല്‍ പ്രൊജക്ഷന്‍ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊര്‍ജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തിക്കും അയാളെ തൊടാനാകില്ല. ഈ അവസ്ഥയില്‍ ഇഷ്ടമുള്ളിടത്തേക്കു പറക്കാനാകും. ആസ്ട്രല്‍ ട്രാവല്‍ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും വിശ്വസിപ്പിക്കും. ഇത്തരം ചെയ്തികള്‍ മതിഭ്രമമുണ്ടാക്കിയേക്കാമെന്നു മനഃശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തോടുള്ള പക
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തോടുള്ള കേദല്‍ ജിന്‍സന്‍ രാജയുടെ പകയെന്നാണ് കേസ്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടക്കൊലപാതകം നടന്ന് എട്ടു വര്‍ഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തില്‍ വിധി പ്രസ്താവിച്ചത്.
ദീര്‍ഘ നാളുകളായുള്ള ആസൂത്രണത്തിനൊടുവിലാണ് കേഡല്‍ ജിന്‍സണ്‍ രാജ കുടുബാംഗങ്ങളെ അരുംകൊല ചെയ്തതെന്നാണ് പ്രോസക്യൂഷന്‍ കേസ്. 2017 ഏപ്രില്‍ അഞ്ചിന് ജീന്‍ പത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും രണ്ടാം നിലയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി.
ഒരു കമ്പ്യൂട്ടര്‍ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. കമ്പ്യൂട്ടറിന് മുന്നില്‍ ഒരു കസേരയില്‍ ഇരുത്തിയ ശേഷം പിന്നില്‍ നിന്നും മഴു കൊണ്ട് കേഡല്‍ കഴുത്തില്‍ വെട്ടുകയായിരുന്നു.
ഓണ്‍ലൈന്‍ വഴി മഴു വാങ്ങിയെന്നാണ് കണ്ടെത്തല്‍. എട്ടാം തീയതിയാണ് കേഡലിന്റെ വീട്ടില്‍ രക്ഷിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞ ലളിതയെന്ന ബന്ധുവിനെ കൊലപ്പെടുത്തുന്നത്.
എട്ടാം തീയതി രാത്രി രണ്ടാം നിലയില്‍ നിന്നും തീയും പകയും ഉയര്‍ന്നപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കേഡലിനെ കാണാനില്ലായിരുന്നു. രണ്ടാം നിലയില്‍ തീയണച്ച് ഫയര്‍ഫോഴ്‌സുദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ കത്തിക്കരിഞ്ഞ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.
പെട്രോള്‍ വാങ്ങിക്കൊണ്ട് വന്ന് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ശേഷം കേഡല്‍ രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലേക്ക് പോയ പ്രതി തിരികെയത്തിയപ്പോഴാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുന്നത്. യാതൊരു ഭാവ ഭേദവുമില്ലാതെയാണ് കേഡല്‍ തിരികെയെത്തിയത്.
അന്വേഷണത്തില്‍ കേഡല്‍ അല്ലാതെ മറ്റൊരാളിന്റെ ഇടപെടല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേഡല്‍ മാത്രമാണ് കേസിലെ പ്രതി. സംഭവത്തിന് ശേഷം നന്തന്‍കോട്ടുള്ള വീട് പൂട്ടിക്കിടക്കുകയാണ്.
രണ്ട് പ്രാവശ്യം കേദലിനെ കുടുംബം വിദേശത്തേക്ക് പഠിക്കാന്‍ അയച്ചു. പഠനം പൂര്‍ത്തിയാകാതെ തിരിച്ചെത്തി വീട്ടിനുള്ളില്‍ കഴിഞ്ഞ കേഡലിനെ അച്ഛന്‍ തുടര്‍ച്ചയായി വഴക്കു പറയുമായിരുന്നു.
അങ്ങനെ തുടങ്ങിയ പ്രതികാരമാണ് കൂട്ടകൊലക്ക് ആസൂത്രണം ചെയ്യാന്‍ കാരണം. കൊലപാതകം നടപ്പാക്കുന്നതിന് മുമ്പ് ഗൂഗിളില്‍ വിവിധ കൂട്ടക്കൊലകളെ കുറിച്ച് പ്രതി സെര്‍ച്ച് ചെയ്തിരുന്നു. ആയുധവും പെട്രോളും പോളിത്തീന്‍ കവറും തറ കഴുകാനുള്ള ലായനിയുമെല്ലാം പ്രതി വാങ്ങി.
അഭിഭാഷകരോട് കൃത്യമായി കേസിന്റെ കാര്യങ്ങള്‍ സംസാരിക്കുകയും സ്വത്തു തര്‍ക്കത്തില്‍ ഉള്‍പ്പെടെ വക്കാലത്തു നല്‍കുന്ന കേഡലിന് ഒരു മാനസിക പ്രശ്‌നങ്ങളുമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
മാത്രമല്ല ഓരോരുത്തരെയും വകവരുത്തി വീട്ടിനുള്ളില്‍ ഇട്ടിരുന്നപ്പോള്‍ ബന്ധുക്കളുടെ ഫോണുകള്‍ വന്നു, വീട്ടു ജോലിക്കാര്‍ എത്തി, വീട്ടുകാര്‍ വിനോദ യാത്രക്ക് പോയെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ച തിരിച്ചയച്ച് പ്രതി കൃത്യമായ ആസൂത്രണം നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നേരത്തേ പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതിനാല്‍ കേസില്‍ തുടര്‍നടപടികള്‍ വൈകിയിരുന്നു.
സഹ തടവുകാരനെ ആക്രമിച്ച പശ്ചാത്തലമുള്ളതിനാല്‍ കേഡലിനെ മിക്ക സമയത്തും ഒറ്റയ്ക്കായിരുന്നു ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ഇടയ്ക്ക് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടിരുന്നു.