ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇംഗ്ലണ്ട് പര്യടനത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് കോഹ്ലിയുടെ വിരമക്കല്‍ പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോഹ്ലി വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ അറിയിച്ചത്.
ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോഹ്‌ലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോഹ്ലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. T20 ക്രിക്കറ്റിലും IPL ലും ഏറ്റവും അധികം റണ്‍സ് നേടിയ വ്യക്തിയാണ് കോഹ്ലി. T20 വേള്‍ഡ് കപ്പില്‍ 2 വട്ടം മാന്‍ ഓഫ് ദി സീരീസ് നേടിയ ഏക താരവും കോഹ്ലിയാണ്.
”ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാറുന്നത് അത്ര എളപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ അത് ശരിയാണെന്ന് തോന്നുന്നു. കഴിവിന്റെ പരമാവധി ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്‍കിയിട്ടുണ്ട്. പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെയും നല്‍കി. നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് വിട വാങ്ങുന്നതെന്നും ടെസ്റ്റ് കരിയറിലേക്ക് എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കും” എന്നാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.