ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

Advertisement

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. പൊലീസിന്റെ പരിശോധനയിലാണ് ക്ഷേത്ര വളപ്പിലെ മണല്‍പരപ്പില്‍ സ്വര്‍ണം കണ്ടെത്തിയത്.
നഷ്ടപ്പെട്ട സ്വര്‍ണം തന്നെയാണോ ഇതെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സ്ട്രേംഗ് റൂമിലെ സ്വര്‍ണം മണല്‍പരപ്പില്‍ വന്നത് എങ്ങനെയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.
ലോക്കറില്‍ സൂക്ഷിച്ച പതിമൂന്നര പവന്‍ സ്വര്‍ണമാണ് കളവ് പോയത്. ശ്രീകോവിലിന്റെ താഴികകുടത്തിന് സ്വര്‍ണം പൂശുന്ന പണി നടന്നുവരികയാണ്. ഓരോ ദിവസവും നിര്‍മ്മാണത്തിന് ആവശ്യമായ സ്വര്‍ണം തൂക്കി നല്‍കിയശേഷം ബാക്കി ലോക്കറില്‍ തിരികെ വയ്ക്കുകയാണ് ചെയ്യുന്നത്.
ഇന്നലെ രാവിലെ ജോലിക്കാര്‍ എത്തിയ ശേഷം സ്വര്‍ണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവന്‍ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി.