വീടിനു തീപിടിച്ച് നാലുപേര്‍ മരിക്കാനിടയായത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനം

Advertisement

കൊന്നത്തടി പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാലില്‍ വീടിനു തീപിടിച്ച് നാലുപേര്‍ മരിക്കാനിടയായത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ ഫോറന്‍സിക് സംഘത്തിന്റ പരിശോധനയിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപടര്‍ന്നതായുള്ള സൂചനകള്‍ ലഭിച്ചത്.
തെള്ളിപ്പടവില്‍ പൊന്നമ്മ (70), മകന്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (35), മക്കളായ അഭിനന്ദ് (9), അഭിനവ് (5) എന്നിവരാണ് മരിച്ചത്. നാലുപേരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് വിലയിരുത്തല്‍. പൊലീസും ഡോഗ് സ്‌ക്വാഡും രാവിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
അഭിനവിന്റെ മൃതദേഹം നാട്ടുകാര്‍ ശനിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെയാണ് വീട്ടില്‍ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. ഒറ്റപ്പെട്ട സ്ഥലത്താണ് വീട്. അടുത്ത് മറ്റൊരു വീട് ഉണ്ടെങ്കിലും അവിടെ ആരും ഇല്ലായിരുന്നു.
ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം പുറംലോകമറിഞ്ഞത്. ഓട് മേഞ്ഞ വീട് പൂര്‍ണമായി കത്തിനശിച്ച നിലയിലായിരുന്നു. ഇവര്‍ താമസിക്കുന്ന വീടിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ മറ്റു വീടുകള്‍ ഇല്ലാത്തതാണ് സംഭവം പുറത്തറിയാന്‍ വൈകിയത്. രണ്ട് ഏക്കറിലധികമുള്ള കൃഷിയിടത്തിനു നടുവിലാണ് വീട്. ചുറ്റുപാടും കൃഷിയിടങ്ങളാണ്.