അടിമാലി: പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ വീട് കത്തി നാലംഗ സംഘം പൊള്ളലേറ്റ് മരിച്ച നിലയില്‍. കൊമ്പെടിഞ്ഞാല്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, രണ്ട് മക്കള്‍ ശുഭയുടെ മാതാവ് എന്നിവരാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ശുഭയുടെ 4 വയസ്സുള്ള മകന്‍ അഭിനവിന്റെ മൃതശരീരം നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
സംഭവം വെള്ളിയാഴ്ച രാത്രിയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് പരിസരവാസികള്‍ വീട് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസും അടിമാലി ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാല്‍ മാത്രമേ വിശദ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.