പ്രായം തോന്നാതിരിക്കാന്‍ ഉള്ള വഴികള്‍ എന്തൊക്കെ…?

Advertisement

ജീവിതശൈലിയിലെ മാറ്റങ്ങള്‍ കാരണം പലര്‍ക്കും പ്രായം കുറവാണെങ്കിലും പ്രായക്കൂടുതല്‍ തോന്നാറുണ്ട്. ഇങ്ങനെ പ്രായം തോന്നാതിരിക്കാന്‍ ഉള്ള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ജലാംശം നിലനിര്‍ത്തുക
ശരീരത്തിന് ജലം വളരെയധികം ആവശ്യമുണ്ട്. ശരീരത്തിലെ വെള്ളത്തിന്റെ അഭാവമാണ് ചര്‍മ്മത്തിന് ക്ഷീണം തോന്നാനുള്ള പ്രധാന കാരണം. ജലാംശം കുറവാണെങ്കില്‍ അത് ചര്‍മ്മത്തിന്റെ ഇലാസ്റ്റികത കുറയ്ക്കുകയും ചുളിവുകള്‍ക്ക് കാരണമാവുകയും ചെയ്യും.

വൈറ്റമിന്‍ സിയുടെ അഭാവം
വൈറ്റമിന്‍ സിയുടെ അഭാവവും ചര്‍മ്മത്തിന് പ്രായം തോന്നിക്കാനുള്ള ഒരു കാരണമാകാറുണ്ട്. ഏറ്റവും പ്രധാനമായ ഒരു വൈറ്റമിന്‍ ആണ് സി. ഭക്ഷണത്തിലൂടെയും അല്ലാതെയും വൈറ്റമിന്‍ സി ശരീരത്തിലേക്ക് എടുക്കുന്നത് കൊളജന്‍ വര്‍ധിപ്പിക്കാനും ചുളിവുകള്‍ അകറ്റാനും സഹായിക്കും.

സണ്‍സ്‌ക്രീന്‍
ശരിയായ സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കാത്തതും സണ്‍സ്‌ക്രീന്‍ തീരെ ഉപയോഗിക്കാത്തതും ചര്‍മ്മത്തിന് പെട്ടെന്ന് പ്രായം തോന്നിക്കാന്‍ കാരണമാകാം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് സൂര്യരശ്മികള്‍ നിങ്ങളുടെ ചര്‍മ്മത്തെ കേടു വരുത്താതെ ഇരിക്കുന്നത്.

സമ്മര്‍ദ്ദം
അമിതമായ സമ്മര്‍ദ്ദം ഉണ്ടാകുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. പഠിത്തം, ജോലി എന്നിവയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ നന്നായി ബാധിക്കുന്നത് കൊണ്ട് തന്നെ സമ്മര്‍ദ്ദത്തിന് ചികിത്സ തേടുകയും സമ്മര്‍ദ്ദത്തെ മറി കടക്കാനുള്ള മാര്‍ഗം തിരയുകയും വേണം.

ചര്‍മ്മ സംരക്ഷണം
രാവിലെയും വൈകുന്നേരവും ശരിയായ ചര്‍മ്മ സംരക്ഷണ രീതി പിന്തുടരുക.ഉറങ്ങുന്നതിനു മുന്‍പ് മേക്കപ്പ് നന്നായി റിമൂവ് ചെയ്യാന്‍ ശ്രദ്ധിക്കണം.

വൃത്തിയായി സൂക്ഷിക്കുക
പുറത്തുപോയി വന്നാല്‍ ചര്‍മം വൃത്തിയാക്കി സൂക്ഷിക്കുക.കാരണം പൊടിപടലങ്ങള്‍ അടിഞ്ഞ് അത് നിങ്ങളുടെ ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റു പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതും നിങ്ങള്‍ക്ക് പെട്ടെന്ന് പ്രായമായ പോലെ തോന്നാന്‍ കാരണമാകാം.

നല്ല ഉറക്കം
നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ ഇരട്ടി വയസ്സ് തോന്നിപ്പിച്ചേക്കും. അതുകൊണ്ടുതന്നെ നന്നായി ഉറങ്ങുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.