‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ഉത്തം മഹേശ്വരി. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചല്ല ചിത്രം പ്രഖ്യാപിച്ചതെന്ന് ഉത്തം മഹേശ്വരി പ്രസ്താവനയില്‍ അറിയിച്ചു. ചിത്രം പ്രഖ്യാപിച്ചതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായി സംവിധായകന്‍ കുറിച്ചു. ഇന്ത്യന്‍ സായുധ സേനയുടെ വീരോചിതമായ പ്രയത്നങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചതെന്ന് സംവിധായകന്‍ പറയുന്നു. സൈനികരുടെയും നേതൃത്വത്തിന്റെയും ധൈര്യവും ത്യാഗവും ശക്തിയും വളരെയധികം സ്പര്‍ശിച്ചു. ഈ ശക്തമായ കഥ വെളിച്ചത്തു കൊണ്ടുവരാന്‍ ആഗ്രഹിച്ചു. പണമോ പ്രശസ്തിയോ ആയിരുന്നില്ല ലക്ഷ്യം.
എന്നാല്‍ ചിത്രം പ്രഖ്യാപിച്ച സമയം ചിലര്‍ക്ക് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കിയിരിക്കാമെന്ന് മനസിലാക്കുന്നു. അതില്‍ അഗാധമായി ഖേദിക്കുന്നുവെന്നും ഉത്തം മഹേശ്വരി അറിയിച്ചു. നമ്മുടെ സൈന്യത്തിന്റെ ശക്തിയും, ബുദ്ധിയും ധൈര്യവും ആത്മസമര്‍പ്പണവും വെള്ളിത്തിരയിലെത്തിക്കണമെന്ന് മാത്രമേ താന്‍ ഉദ്ദേശിച്ചുള്ളൂവെന്നും മഹേശ്വരി പറയുന്നു. മാപ്പപേക്ഷയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദിയും സംവിധായകന്‍ അറിയിച്ചു. ഈ ധീരമായ നേതൃത്വത്തിന് നന്ദിയെന്നാണ് മഹേശ്വരി കുറിച്ചത്.
നിക്കിവിക്കി ബഗ്‌നാനി ഫിലിംസും കണ്ടന്റ് എഞ്ചിനീയറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാസ്റ്റിങ്ങിന്റെ കാര്യങ്ങളിലൊന്നും തീരുമാനമായില്ലെന്നും സിനിമാഅധികൃതര്‍ പറയുന്നു. ചിത്രത്തിന്റെ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സൈനിക യൂണിഫോമില്‍ റൈഫിളുമേന്തി പുറംതിരിഞ്ഞുനില്‍ക്കുന്ന വനിത നെറ്റിയില്‍ സിന്ദൂരക്കുറി അണിയുന്നതായാണ് പോസ്റ്ററിലുള്ളത്.
‘ഭാരത് മാതാ കീ ജയ്’ എന്ന് ത്രിവര്‍ണത്തില്‍ എഴുതിയിരിക്കുന്നതായും പോസ്റ്ററില്‍ കാണാം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’, ‘മിഷന്‍ സിന്ദൂര്‍’, ‘സിന്ദൂര്‍: ദ് റിവഞ്ച്’ തുടങ്ങിയ വിവിധ പേരുകളുള്‍പ്പെടെ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, വെസ്റ്റേണ്‍ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവയിലേക്ക് 30 ലധികം ടൈറ്റില്‍ അപേക്ഷകളാണ് എത്തിയത്.
Home News Breaking News ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചു… രൂക്ഷ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍