പൂരാവേശം…തെക്കേ ഗോപുരനട ഇന്ന് തുറക്കും

Advertisement

പൂര പ്രേമികൾക്ക് ആവേശം സമ്മാനിച്ച് പൂര വിളംബരമായി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും. പകൽ പതിനൊന്നരയോടെ നെയ്‌തലക്കാവ് വിഭാഗത്തിനുവേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറക്കും. ശിവകുമാർ തുമ്പിക്കൈ ഉയർത്തുന്നതോടെ പുഷ്‌പവൃഷ്‌ടിയോടെ ജനങ്ങൾ ആർപ്പുവിളികളുമായി പൂരാരവമുയർത്തും. ചൊവ്വാഴ്‌ചയാണ്‌ പൂരം.


രാവിലെ കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രത്തിൽനിന്ന്‌ എഴുന്നള്ളിപ്പ്‌ തുടങ്ങും. പാറമേക്കാവ്‌ ക്ഷേത്രത്തിന്‌ മുന്നിലൂടെ പൂരപ്പറമ്പ്‌ വഴി മണികണ്‌ഠനാലിൽ എത്തും. കക്കാട്‌ രാജപ്പൻ പ്രമാണിയായ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക്‌ നീങ്ങും. ശ്രീമൂലസ്ഥാനത്തിനു താഴെ പാണ്ടി കൊട്ടിക്കയറും. പടിഞ്ഞാറേ ഗോപുരം കടന്ന്‌ വടക്കുന്നാഥൻ ക്ഷേത്രം വലംവച്ചശേഷം തെക്കേ ഗോപുര വാതിൽ തുറക്കും.


ഞായറാഴ്‌ച സാമ്പിൾ വെടിക്കെട്ട്‌ നടന്നിരുന്നു. ഇന്ന് വൈകിട്ട്‌ വൈദ്യപരിശോധനയ്‌ക്ക്‌ ആനകൾ നിരക്കും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും പൂരപ്പന്തലുകളും ദീപാലംകൃതമാവും. നാളെ രാവിലെ എട്ട്‌ ഘടകക്ഷേത്രങ്ങളിൽ നിന്ന്‌ ചെറുപൂരങ്ങളുടെ വരവ്‌. തുടർന്ന്‌ 11.30ന്‌ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ്‌. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. കോങ്ങാട്‌ മധു പ്രമാണിയായി പഞ്ചവാദ്യധാരയുമുണ്ടാവും. പകൽ മൂന്നിന്‌ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത്‌ എത്തി കൊട്ടിക്കയറ്റം. പകൽ പന്ത്രണ്ടോടെ പാറമേക്കാവ്‌ എഴുന്നള്ളിപ്പ്‌ തുടങ്ങും. രണ്ടോടെ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട്‌ 5.30ന്‌ തെക്കോട്ടിറക്കവും വർണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധൻ പുലർച്ചെയാണ്‌ വെടിക്കെട്ട്‌.