കൊല്ലം പൂയപ്പള്ളിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. പ്രതികൾ രണ്ടുപേരും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഭർത്താവ് ചന്ദുലാൽ, ഭർതൃമാതാവ് ഗീതാലാലി എന്നിവർ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2019 മാർച്ച് 21-നാണ് 28-കാരി തുഷാര പട്ടിണികിടന്ന് മരിക്കുന്നത്. ഭർതൃവീട്ടിൽ വച്ചായിരുന്നു സംഭവം. ആശുപത്രിയിലേക്ക് തുഷാരയുടെ വീട്ടുകാർ എത്തുമ്പോൾ യുവതിയെ കണ്ട് അവർ അമ്പരന്നുപോയിരുന്നു. ശോഷിച്ച്, എല്ലൊട്ടി, വാരിയെല്ലുകൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു തുഷാരയുടെ മൃതദേഹം. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഭർതൃവീട്ടുകാരുടെ കൊടുംക്രൂരത പുറത്തുവന്നത്.
മരണസമയത്ത് തുഷാരയുടെ ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ തുഷാരയെ പട്ടിണിക്കിട്ട് കൊന്നതാണെന്ന് പിന്നീട് തെളിഞ്ഞു. പറഞ്ഞുറപ്പിച്ച സ്ത്രീധനം മുഴുവൻ നൽകാൻ വൈകിയെന്ന് പറഞ്ഞായിരുന്നു തുഷാരയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. വീട്ടുകാരെ കാണുന്നതിൽ നിന്ന് വിലക്കിയും യുവതി ജന്മം നൽകിയ രണ്ട് പെൺകുഞ്ഞുങ്ങളെ ലാളിക്കാൻ പോലും സമ്മതിക്കാതെയും ഭർതൃവീട്ടുകാർ തുഷാരെ പീഡിപ്പിച്ചു.
മൂത്ത കുഞ്ഞിനെ നഴ്സറിയിൽ ചേർക്കുന്ന സമയത്ത് അമ്മയെ ഒപ്പം കാണാതിരുന്നപ്പോൾ അദ്ധ്യാപകർ തിരക്കിയിരുന്നു. എന്നാൽ അമ്മ കിടപ്പുരോഗിയാണെന്നായിരുന്നു മറുപടി. സ്കൂളിൽ ചേർക്കുമ്പോൾ കുട്ടിയുടെ വിവരങ്ങൾ എഴുതുന്ന രേഖയിൽ അമ്മയുടെ പേരിന്റെ സ്ഥാനത്ത് തുഷാര എന്ന് എഴുതുന്നതിന് പകരം ഗീതലാലി എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മക്കളിൽ നിന്ന് എല്ലാവിധത്തിലും തുഷാരയെ അകറ്റാൻ ഭർതൃവീട്ടുകാർ ശ്രമിച്ചിരുന്നു. രണ്ടാമത്തെ പ്രസവ സമയത്ത് തുഷാരയ്‌ക്ക് 48 കിലോ ഭാരവും കുഞ്ഞിന് മൂന്ന് കിലോയോളം തൂക്കവും ഉണ്ടായിരുന്നു. എന്നാൽ മരണ സമയത്ത് 21 കിലോ ഭാരം മാത്രമായിരുന്നു യുവതിക്കുണ്ടായിരുന്നത്.
എല്ലാ കണ്ടെത്തലുകൾക്കും തെളിവുകൾ സമർപ്പിച്ചുകൊണ്ടായിരുന്നു കേസിൽ പ്രോസിക്യൂഷൻ വാദം നടത്തിയത്. ഒടുവിൽ കുറ്റക്കാരായ രണ്ടുപേർക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു കോടതി.
Home News Breaking News തുഷാര കൊലക്കേസ്: ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ, തുഷാരയെ കൊലപ്പെടുത്തിയത് പട്ടിണിക്കിട്ട്