വിഴിഞ്ഞം പദ്ധതി മെയ് 2ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

301
Advertisement

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം മെയ് 2 ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖ അധികൃതര്‍ക്ക് ലഭിച്ചു. രാജ്യത്തിന്റെ ആദ്യ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ തുറമുഖമായാണ് വിഴിഞ്ഞം കമ്മിഷനിംഗ് ചെയ്യുന്നത്.
പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വികസിപ്പിച്ച തുറമുഖം ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിന് സാധിക്കും. 2024 ജൂലൈയില്‍ ആരംഭിച്ച ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ച്ച് വരെ ഒരു ലക്ഷത്തില്‍പരം കണ്ടെയ്‌നറുകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ എത്തിച്ചേരുകയും ചെയ്തു. 2028 ല്‍ തുറമുഖം പൂര്‍ണ്ണസജ്ജമാക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
തുറമുഖത്തിന്റെ തുടര്‍ഘട്ടങ്ങളുടെ നിര്‍മ്മാണത്തിന് കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നത് കടല്‍ നികത്തിയായിരിക്കും. കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് 2000 മീറ്ററാക്കും. 30 ലക്ഷം കണ്ടെയ്‌നര്‍ വരെ വാര്‍ഷിക ശേഷിയുള്ള കണ്ടെയ്നര്‍ യാര്‍ഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ 77.17 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രഡ്ജിംഗിലൂടെ കടല്‍ നികത്തി കണ്ടെത്തുക. ആദ്യഘട്ടത്തില്‍ 63 ഹെക്ടര്‍ ഭൂമിക്കായി കടല്‍ നികത്തിയിരുന്നു.
കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തുറമുഖം നടത്തിപ്പ് സംബന്ധിച്ച കരാര്‍ 2015 ല്‍ അദാനിയുമായി ഒപ്പുവെച്ചിരുന്നു. 40 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കരാര്‍. പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്നതും 18 മീറ്റര്‍ സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റ് ഉള്ളതുമായ തുറമുഖമാണ് വിഴിഞ്ഞം. രാജ്യത്തെ ആദ്യ ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് മെന്റ് ഹബ്ബായ വിഴിഞ്ഞം കൊളംബോ, സലാല, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ വന്‍കിട തുറമുഖങ്ങളോട് മത്സരിക്കുന്നതാണ്. റോഡ്, റെയില്‍ കണക്റ്റിവിറ്റി പ്രാവര്‍ത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് മുന്‍പില്‍ വലിയ വികസന സാധ്യതകള്‍ തുറന്നിടും.

Advertisement