ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 15 പേർ മരിച്ചു. 3 കുട്ടികൾ ഉൾപ്പെടെ 15 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. പ്രയാഗ് രാജിലേക്ക് പോകാൻ ട്രെയിൻ കാത്തു നിന്നവർ ആണ് അപകടത്തിൽ പെട്ടത്. വൈകിയോടിയ രണ്ടു ട്രെയിനുകൾ പ്ലാറ്റഫോമിലേക്ക് എത്തിയപ്പോൾ ആണ് വലിയ തിരക്ക് ഉണ്ടായത്. പതിനാല്, പതിനഞ്ച് പ്ലാറ്റ്‌ഫോമിലാണ് അപകടം സംഭവിച്ചത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.
കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടതെന്നാണ് വിവരം. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധാവസ്ഥയിലായി.
നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. സ്റ്റേഷനിലെ കനത്ത തിരക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.