മുതുപിലാക്കാട് ക്ഷേത്രത്തിൽ പൂക്കളത്തിന് താഴെ ‘ഓപ്പറേഷൻ സിന്ദൂർ’: സൈനികർ ഉൾപ്പെടെ 25 പേർക്കെതിരെ കേസ്

Advertisement


കുന്നത്തൂർ: ഓണാഘോഷത്തിന്റെ ഭാഗമായി മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ തയ്യാറാക്കിയ അത്തപ്പൂക്കളത്തിന് താഴെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പൂക്കൾ കൊണ്ടെഴുതിയത് വിവാദമായി. ആർ.എസ്.എസ് പ്രവർത്തകരും ഭക്തരും ചേർന്നാണ് പൂക്കളം ഒരുക്കിയത്. ഹൈക്കോടതി വിധിയും ശാസ്താംകോട്ട പൊലീസിന്റെ വിലക്കും മറികടന്നാണ് ഇവർ ഇത് ചെയ്തതെന്ന് ക്ഷേത്ര ഭരണസമിതി ആരോപിച്ചു.

സി.പി.എം-കോൺഗ്രസ് സമിതി ഭരിക്കുന്ന ക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രിയിൽ ആർ.എസ്.എസ് പ്രവർത്തകർ പൂക്കളം ഇടാനെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഭരണസമിതിയുടെ പരാതിയെ തുടർന്ന് പൊലീസ് ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തി പൂക്കളം ഒരുക്കാനുള്ള സ്ഥലം നിശ്ചയിച്ചുനൽകി. പൂക്കളത്തിൽ രാഷ്ട്രീയ പാർട്ടിയുടെ പേരോ കൊടിയോ പാടില്ലെന്ന് പൊലീസ് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, പൊലീസ് മടങ്ങിയതിന് ശേഷം പൂക്കളത്തിനൊപ്പം ശിവജിയുടെ ഫ്ലെക്സ് വെക്കുകയും ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പൂക്കൾ കൊണ്ട് എഴുതിച്ചേർക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് വാക്കേറ്റത്തിന് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് കലാപശ്രമം, നിയമവിരുദ്ധമായി ഫ്ലെക്സ് ബോർഡ് സ്ഥാപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സൈനികൻ ഉൾപ്പെടെ 25 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

Advertisement