ശാസ്താംകോട്ട താലൂക്ക് ആശുപത്രി നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി വീണാ ജോർജ്

Advertisement

പോരുവഴി കുടുംബാരോഗ്യകേന്ദ്രം: പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു;


ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യ-വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പോരുവഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ആരോഗ്യകേന്ദ്രങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനാണ് സർക്കാർ വിവിധ പദ്ധതികളിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ ആരോഗ്യ മിഷന്റെ 1,43,00000 രൂപ ഫണ്ട് ഉപയോഗിച്ച് മലനട ദേവസ്വം സൗജന്യമായി നൽകിയ ഭൂമിയിലാണ് പോരുവഴി കുടുംബാരോഗ്യകേന്ദ്രം നിർമിച്ചത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കീമോതെറാപ്പി രോഗികൾക്കുള്ള ധനസഹായം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ വിതരണം ചെയ്തു. കൂടാതെ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട പാലിയേറ്റീവ് രോഗികൾക്കുള്ള ഉപകരണങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ശ്യാമള അമ്മയും വിതരണം ചെയ്തു.
ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി

Advertisement