ശാസ്താംകോട്ട: ഭരണിക്കാവ് ജംഗ്ഷനിലെ ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ അധികാരികൾ കാണിക്കുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെ സിപിഐ (എം) പ്രതിഷേധത്തിനൊരുങ്ങുന്നു. ജംഗ്ഷനിലെ നാല് റോഡുകളിലും അടയാളപ്പെടുത്തിയിട്ടുള്ള ബസ് ബേകളിൽ ബസ്സുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന തീരുമാനമാണ് ഇതുവരെയും നടപ്പാക്കാത്തത്.
ജൂലൈ 15-ന് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ, ബസ് സ്റ്റാൻഡ് പുനഃപ്രവർത്തിപ്പിക്കാനും നാല് റോഡുകളിലെയും സ്റ്റോപ്പുകളിൽ ബസ്സുകൾ നിർത്തി യാത്രക്കാരെ ഇറക്കാനും പാർക്കിങ് സ്റ്റാൻഡിൽ മാത്രം മതിയാക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ, ബസ്സുകൾ ഈ തീരുമാനം പാലിക്കാതെ വന്നതോടെ, ഓഗസ്റ്റ് നാലിന് ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലും, പിന്നീട് ഓഗസ്റ്റ് 16-ന് ബ്ലോക്ക് ഓഫീസിലും യോഗങ്ങൾ ചേർന്നു. ഈ യോഗങ്ങളിലും ബസ്സുകൾ ജംഗ്ഷനിലെ നാല് റോഡുകളിലും നിർത്താൻ ധാരണയായി.
തുടർന്ന്, ഓഗസ്റ്റ് 21-ന് നടന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ജംഗ്ഷനിലെ ബസ് ബേകളിൽ ബസ്സുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് തീരുമാനമെടുക്കുകയും, ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ഭരണിക്കാവിലെ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ യോഗങ്ങളിലും ജംഗ്ഷനിലെ ബസ് ബേകളിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന നിലപാടാണ് സിപിഐ (എം) സ്വീകരിച്ചത്. എന്നാൽ ഈ തീരുമാനം നടപ്പാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഐ (എം) കുന്നത്തൂർ ഏരിയ കമ്മിറ്റി സെക്രട്ടറി ടി.ആർ. ശങ്കരപ്പിള്ള അറിയിച്ചു.
































