റിപ്പോർട്ടർ ടിവിയിലെ മുൻ ജീവനക്കാരിയുടെ ആരോപണം: Who cares’ എന്ന നിലപാട് സ്ഥാപനത്തിനില്ലെന്നും അരുൺ കുമാർ

Advertisement

കൊച്ചി: റിപ്പോർട്ടർ ടിവിയിലെ മുൻ വനിതാ റിപ്പോർട്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലെ ഗുരുതര ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് എഡിറ്റർ അരുൺ കുമാർ. സ്ഥാപനത്തിൽ നിന്ന് രാജിവച്ചുപോയ റിപ്പോർട്ടർ ഫേസ്ബുക്കിൽ ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സംഭവം അന്വേഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
മുൻ റിപ്പോർട്ടർ രാജി സമർപ്പിച്ചപ്പോൾ രാജി കത്തിലോ, എക്സിറ്റ് ഇന്റർവ്യൂവിലോ, ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്കോ (ICC) യാതൊരു പരാതിയും നൽകിയിരുന്നില്ലെന്നും അരുൺ കുമാർ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, പഴയ സഹപ്രവർത്തകയ്ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നാണ് എഡിറ്റോറിയൽ ടീമിന്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ഥാപനത്തിലെ ഡെസ്കും ഫ്ലോറും പൂർണ്ണമായും സിസിടിവി നിരീക്ഷണത്തിലായതിനാൽ ദൃശ്യങ്ങൾ ശേഖരിച്ച് തുടർ നിയമനടപടികൾക്ക് തെളിവായി ഉപയോഗിക്കാനാകുമെന്നും പോസ്റ്റിൽ പറയുന്നു. സ്ത്രീകൾക്കെതിരെയുള്ള ഒരു അതിക്രമത്തെയും പിന്തുണയ്ക്കില്ലെന്ന് ഉറപ്പു നൽകിയ അരുൺ കുമാർ, മുൻ ജീവനക്കാരിക്ക് ഇപ്പോഴും പോലീസിലോ, എച്ച്ആർ വിഭാഗത്തിലോ, എക്സിക്യൂട്ടീവ് എഡിറ്റർക്കോ, അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഇമെയിലിലോ പരാതി നൽകാവുന്നതാണെന്നും അറിയിച്ചു. എല്ലാ പിന്തുണയും നൽകുമെന്നും ‘Who cares’ എന്ന നിലപാട് സ്ഥാപനത്തിനില്ലെന്നും അരുൺ കുമാർ പോസ്റ്റിലൂടെ ഉറപ്പു നൽകി.

Advertisement