തൃശ്ശൂർ പെരുമ്പിലാവിലെ സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിൽ ഓണാഘോഷം സംബന്ധിച്ചുള്ള അധ്യാപകരുടെ ശബ്ദസന്ദേശം വിവാദമാകുന്നു. ഓണാഘോഷ പരിപാടികളിൽ ഇസ്‌ലാം മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്നാണ് രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ ഈ സന്ദേശം പ്രചരിച്ചതോടെ സംഭവം വിവാദമായി. ഡിവൈഎഫ്‌ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സന്ദേശവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അധ്യാപകർ സ്വന്തം നിലയിൽ അയച്ചതാണെന്നും സ്‌കൂൾ അധികൃതർ വിശദീകരിച്ചു. ഏറ്റവും ഭംഗിയായി ഓണാഘോഷം നടത്തുമെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
#കേരളം #ഓണം #വിദ്യാഭ്യാസം #മതനിരപേക്ഷത #തൃശൂർ #ഓണാഘോഷം #വിവാദം
































