തിരുവനന്തപുരം: ലോകമെങ്ങും ജനനനിരക്ക് കുറയുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. കുടുംബവും സമൂഹവുമാണ് മനുഷ്യരെ സന്തോഷവാന്മാരാക്കുന്ന രണ്ട് ഘടകങ്ങളെന്നും, അതിനാൽ കുടുംബങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ലോകം നിർമ്മിക്കാൻ നിർമ്മിതബുദ്ധി (എഐ) സഹായിക്കുമെന്നും അദ്ദേഹം ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞു.
‘എജിഐ’ (ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്) യാഥാർത്ഥ്യമാകുമ്പോൾ സമൂഹത്തിന്റെ ഘടനതന്നെ മാറും. അത് ആളുകൾക്ക് കൂടുതൽ സമയവും സമ്പത്തും നൽകുകയും, കുട്ടികളെ വളർത്തുന്നത് എളുപ്പമാക്കുകയും ചെയ്യും. ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ കുറയുന്നതോടെ കുടുംബങ്ങൾക്ക് കൂടുതൽ മികച്ച ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കും.
അടുത്തിടെ അച്ഛനായ ആൾട്ട്മാൻ, രക്ഷാകർതൃത്വം ഒരു അത്ഭുതകരമായ അനുഭവമാണെന്ന് കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ ജനനസമയത്ത് താൻ നിരന്തരം ചാറ്റ്‌ജിപിടിയോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഭാവിയിൽ തന്റെ കുട്ടികൾ എഐയെക്കാൾ മിടുക്കരാവില്ലെങ്കിലും, എഐ ഉപയോഗിക്കുന്നതിൽ അവർക്ക് വലിയ കഴിവുകളുണ്ടാകുമെന്ന് അദ്ദേഹം നേരത്തെ തമാശയായി പറഞ്ഞിരുന്നു.
അതേസമയം, ജനസംഖ്യ വർധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്കും വർഷങ്ങളായി ശബ്ദമുയർത്തുന്നുണ്ട്. കുറഞ്ഞ ജനനനിരക്ക് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മസ്ക് പറഞ്ഞിരുന്നു.






































