കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തെ ‘ബിരിയാണി ചെമ്പ് വെച്ച അടുപ്പിൻകല്ല്’ പോലെയാണെന്ന് ഉപമിച്ചുള്ള ഇ.കെ. വിഭാഗം സുന്നി പണ്ഡിതൻ ആബിദ് ഹുദവി തച്ചണ്ണയുടെ പ്രസംഗം വിവാദത്തിൽ. ഈ പ്രസംഗത്തിനെതിരെ എ.പി. വിഭാഗം സുന്നികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
വടകര ഓർക്കാട്ടേരി പള്ളിയിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് ആബിദ് ഹുദവി ഈ പരാമർശം നടത്തിയത്. സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒരുമിച്ച് നിൽക്കുന്നതാണ് സമുദായത്തിൻ്റെ ശക്തിയെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഈ ബന്ധം തകർക്കാൻ ശ്രമിക്കുന്നവർക്ക് കൂട്ടുനിൽക്കരുതെന്നും പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ഇതിനെതിരെ എ.പി. വിഭാഗം സമസ്ത നേതാവ് വഹാബ് സഖാഫി മമ്പാട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ‘ഇസ്ലാമിക ചരിത്രത്തിലോ സമസ്തയുടെ ചരിത്രത്തിലോ ഇങ്ങനെയൊരു അടുപ്പിൻകല്ല് തിയറിയുണ്ടോ?’ എന്ന് അദ്ദേഹം ചോദിച്ചു. സമസ്തയുടെ രൂപീകരണ കാലത്ത് മുസ്ലിം ലീഗ് എന്ന അടുപ്പിൻകല്ല് രൂപം കൊണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാധനയ്ക്കായി ഉപയോഗിക്കുന്ന പള്ളികൾ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമർശനവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.






































