കുന്നത്തൂർ: എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണിക്കാവിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ സായാഹ്ന ധർണയിലേക്ക് ഒരുകൂട്ടം ബസ് ജീവനക്കാർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു സംഘർഷം ഒഴിവാക്കാൻ കാരണമായി.
വ്യാപാരികൾ ഉച്ചയ്ക്ക് നടത്തിയ പ്രതിഷേധ ധർണയിലേക്ക് ഒരു ബസ് കയറി വന്നതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഭവങ്ങളുടെ തുടക്കം. പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ ബസ് ജീവനക്കാരൻ അസഭ്യം പറഞ്ഞുവെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് വ്യാപാരികൾ ചെയ്തതെന്നും അവർ പറയുന്നു. ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ ഫേസ്ബുക്ക് ലൈവ് പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും വ്യാപാരികൾ ആരോപിച്ചു.
ഇതേത്തുടർന്ന് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുകയും പിന്നീട് സർവീസ് പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ, രാത്രി ഏഴരയോടെ കുറച്ച് ബസ് ജീവനക്കാർ സായാഹ്ന ധർണ നടക്കുന്ന സ്ഥലത്തേക്ക് എത്തുകയും തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. പോലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടായതുകൊണ്ട് മാത്രമാണ് ഭരണിക്കാവിൽ വലിയൊരു സംഘർഷം ഒഴിവായത്.
പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്ഥലങ്ങൾ ബസ് മുതലാളിമാർ വാങ്ങി കൂട്ടി ഷോപ്പിങ് കോംപ്ലക്സുകൾ പണിയാൻ ശ്രമിക്കുന്നതുകൊണ്ടാണ് ബസ് ബേകളിൽ ബസ് നിർത്തണമെന്നുള്ള സർവകക്ഷി യോഗത്തിലെ തീരുമാനം അട്ടിമറിക്കുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ബസ് ബേകളിൽ ബസ് നിർത്താത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, പ്രൈവറ്റ് ബസ് സ്റ്റാൻഡ് തകർക്കാൻ വ്യാപാരികൾ ശ്രമിക്കുന്നു എന്ന കള്ളപ്രചാരണം അവസാനിപ്പിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.






































