ഭരണിക്കാവിലെ ട്രാഫിക് പരിഷ്‌കരണം: പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്

Advertisement


ഭരണിക്കാവ്: ഭരണിക്കാവ് ട്രാഫിക് പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും നടത്തി. ട്രാഫിക് പരിഷ്‌കരണം കാരണം വ്യാപാരികളും പൊതുജനങ്ങളും ഒരുപോലെ ദുരിതത്തിലാണെന്ന് വ്യാപാരികൾ ആരോപിച്ചു.
ബസ്സുകൾ നിലവിലെ സ്റ്റോപ്പുകളിൽ നിർത്താത്തതിനാൽ വിദ്യാർത്ഥികൾ, പ്രായമായവർ, രോഗികൾ, സ്ത്രീകൾ എന്നിവരുൾപ്പെടെയുള്ളവർക്ക് ദീർഘദൂരം നടക്കേണ്ടിവരുന്നുണ്ട്. ഇത് സമയനഷ്ടത്തിനും യാത്രാദുരിതത്തിനും കാരണമാകുന്നു. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
ബൈപ്പാസ് റോഡുകൾ യാത്രായോഗ്യമാക്കുക, നിലവിലെ ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും സൗകര്യമൊരുക്കുക, ബസ് ബേയിലെ പാർക്കിങ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ ഉന്നയിച്ചത്.
സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ എസ്. ദേവരാജൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.കെ. ഷാജഹാൻ, ജനറൽ സെക്രട്ടറി എ. ബഷീർകുട്ടി, ട്രഷറർ ജി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഈ വിഷയത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ തുടർ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികൾ അറിയിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, വ്യാപാര മേഖലകളിലെ നേതാക്കളും പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

Advertisement