കല്ലടയാറ്റിലെ രൗദ്രഭാവം: കുന്നത്തൂരിൽ തീരപ്രദേശം ഒലിച്ചുപോയി, വീടുകൾ ഭീഷണിയിൽ

Advertisement



കുന്നത്തൂർ: കല്ലടയാർ ശാന്തമല്ലിപ്പോൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കല്ലടയാറിന്റെ തീരങ്ങൾ വ്യാപകമായി ഇടിഞ്ഞുതാഴുകയായിരുന്നു. കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിന് സമീപം, നിരവധി വീടുകളിലേക്കുള്ള പ്രധാന പാതയും കൃഷിഭൂമിയും കല്ലടയാറിന് സ്വന്തമായി. വീടുകളുടെ മുറ്റത്തോടു ചേർന്നുള്ള ഭാഗങ്ങൾ പോലും പുഴയെടുത്തതോടെ, ഓരോ നിമിഷവും ഭീതിയോടെയാണ് കുന്നത്തൂരിലെ ജനങ്ങൾ തള്ളിനീക്കുന്നത്. രാത്രികാലങ്ങളിൽ കുട്ടികളടക്കമുള്ളവർ ഉറക്കമില്ലാതെ കഴിച്ചുകൂട്ടുകയാണെന്നും പ്രദേശവാസികൾ പറയുന്നു.
കൊക്കാംകാവ് ക്ഷേത്രവും ഭീഷണിയിൽ
ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊക്കാംകാവ് ക്ഷേത്രവും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പ്രദേശവാസികൾ സ്വന്തമായി പണം പിരിച്ച് നിർമ്മിച്ച റോഡാണ് പൂർണമായും പുഴയെടുത്തത്. തെങ്ങുകളടക്കമുള്ള ഫലവൃക്ഷങ്ങളും പുഴയുടെ ഒഴുക്കിൽപ്പെട്ടു. ഒറ്റ രാത്രികൊണ്ട് അര ഏക്കറോളം പുരയിടമാണ് പ്രദേശവാസികൾക്ക് നഷ്ടമായത്. തീരം ഇടിഞ്ഞുതാഴ്ന്നതോടെ കല്ലടയാറിന്റെ വിസ്തൃതി ഈ ഭാഗത്ത് ഗണ്യമായി വർധിച്ചിട്ടുണ്ട്. കല്ലടയാർ കിഴക്കോട്ടൊഴുകുന്ന ഈ ഭാഗത്ത് മഴക്കാലത്ത് അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടാറുള്ളത്.
ഉറപ്പുകൾ പാഴായി: ജനരോഷം എം.എൽ.എക്കെതിരെ
മുൻകാലങ്ങളിൽ തീരമിടിയാറുണ്ടായിരുന്നത് പുഴയുടെ എതിർവശത്തായിരുന്നെന്നും, എന്നാൽ രാഷ്ട്രീയ സ്വാധീനമുള്ളവർ അവിടെ താമസത്തിനെത്തിയപ്പോൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിച്ചതിനാൽ ആ ഭാഗം സുരക്ഷിതമായെന്നും നാട്ടുകാർ ആരോപിക്കുന്നു. എല്ലാ വർഷവും തീരം ഇടിയാറുണ്ടെങ്കിലും ഇത്തവണത്തെപ്പോലെ വലിയ തോതിലുള്ള ഇടിവ് മുൻപുണ്ടായിട്ടില്ലെന്നും അവർ പറയുന്നു.
ഓരോ തവണ തീരം ഇടിയുമ്പോഴും കോവൂർ കുഞ്ഞുമോൻ എം.എൽ.എ. പ്രദേശം സന്ദർശിക്കുകയും സംരക്ഷണ ഭിത്തി കെട്ടി ജനങ്ങളെയും കൃഷിഭൂമിയെയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്യാറുണ്ടെന്നും, എന്നാൽ അതൊന്നും യാഥാർത്ഥ്യമാകാറില്ലെന്നും പ്രദേശവാസികൾക്ക് പരാതിയുണ്ട്. ഇത്തവണ പ്രതിഷേധം ഭയന്ന് എം.എൽ.എ. ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലത്രെ.
കച്ചേരികടവ് മുതൽ കുന്നത്തൂർ പാലം വരെ സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കിൽ ഈ ഭാഗത്തെ ക്ഷേത്രവും വീടുകളും കല്ലടയാറ്റിൽ പതിക്കുമെന്ന് കൊക്കാംകാവ് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിഷ്ണുലാൽ മുന്നറിയിപ്പ് നൽകി. സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കാമെന്ന് ആവർത്തിച്ച് ഉറപ്പ് നൽകുന്ന എം.എൽ.എ. തന്റെ വാക്ക് പാലിക്കണമെന്ന് കടയിൽപടിഞ്ഞാറ്റതിൽ ബിനു എന്ന പ്രദേശവാസിയും ആവശ്യപ്പെട്ടു.
കല്ലടയാറിന്റെ തീരപ്രദേശം സംരക്ഷിക്കാൻ കോടിക്കണക്കിന് രൂപ റിവർ മാനേജ്‌മെന്റ് ഫണ്ടിലുണ്ടായിട്ടും അത് നേടിയെടുക്കാൻ ശ്രമിക്കാതെ ദുരന്തത്തിനായി കാത്തിരിക്കുന്ന എം.എൽ.എ.യും റവന്യൂ വകുപ്പും മൗനം വെടിയണമെന്നും, കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആർ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.

Advertisement