ഷെറിന് ചിലരുമായി ശാരീരികവും മാനസികവുമായ ബന്ധം, വിഐപി പരിചരണവും ബ്യൂട്ടി പാർലറും, സഹതടവുകാരിയുടെ വെളിപ്പെടുത്തൽ”

3074
Advertisement

തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ അസാധാരണമായ സൗകര്യങ്ങൾ ലഭിച്ചിരുന്നെന്നും, അവരുടെ മോചനത്തിനായി ജയിൽ ഉപദേശക സമിതി ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകിയെന്നും സഹതടവുകാരിയുടെ വെളിപ്പെടുത്തൽ. തലക്കുളം സ്വദേശി സുനിതയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഷെറിന്റെ മോചനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സുനിത അറിയിച്ചു.
ജയിലിനുള്ളിൽ ഷെറിന് സർവ സ്വാതന്ത്ര്യവും ലഭിച്ചിരുന്നുവെന്ന് സുനിത പറയുന്നു. പ്രത്യേക വസ്ത്രങ്ങൾ, ഭക്ഷണം, മേക്കപ്പ് കിറ്റ് എന്നിവയെല്ലാം അവർക്ക് ലഭ്യമായിരുന്നു. മന്ത്രിസഭയുടെ ഇടപെടലാണ് ഷെറിന്റെ മോചനം വേഗത്തിലാക്കിയതെന്നും, അവർക്ക് പുറത്തിറങ്ങാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നും സുനിത ആരോപിച്ചു.
ഷെറിനേക്കാൾ യോഗ്യതയുള്ള അഞ്ചോളം സ്ത്രീ തടവുകാർ ഓപ്പൺ ജയിലിൽ ഉണ്ടായിരുന്നിട്ടും, ഷെറിനെ തെരഞ്ഞെടുത്തത് മന്ത്രിസഭയുടെ പ്രത്യേക താൽപര്യത്തിലാണെന്ന് സുനിത ചൂണ്ടിക്കാട്ടി. നല്ല പെരുമാറ്റമുള്ള പ്രതികളെ മാത്രമേ ഓപ്പൺ ജയിലിലേക്ക് മാറ്റാറുള്ളൂ. എന്നാൽ ഷെറിന് അത്തരത്തിലൊരു നല്ല പെരുമാറ്റത്തിന്റെ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നും സുനിത കൂട്ടിച്ചേർത്തു.
ജയിൽ സൂപ്രണ്ട് ഷെറിന് അനുകൂലമായ റിപ്പോർട്ട് നൽകിയതിനാലാണ് ഗവർണർ അതിൽ ഒപ്പുവെച്ചതെന്നാണ് സുനിതയുടെ പക്ഷം. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ഒരാൾ ജയിലിൽ ജോലി ചെയ്യേണ്ടത് നിർബന്ധമാണെങ്കിലും, ഷെറിൻ ജോലി ചെയ്യാറുണ്ടായിരുന്നില്ല. അവരുടെ വസ്ത്രങ്ങൾ പോലും മറ്റുള്ളവരാണ് കഴുകി നൽകിയിരുന്നത്. മൂന്ന് നേരവും പുറത്തുനിന്നുള്ള ഭക്ഷണം, ഫോൺ ഉപയോഗം തുടങ്ങിയ സൗകര്യങ്ങളും ഷെറിന് ലഭിച്ചിരുന്നു. ആറ് മാസം മുമ്പ് ഒരു വിദേശ വനിതയെ ആക്രമിച്ചതിന് ഷെറിനെതിരെ കേസ് വന്നിട്ടുപോലും അവരെ മോചിപ്പിച്ചത് വിരോധാഭാസമാണെന്നും സുനിത പറയുന്നു.
ജയിലിൽ നിന്ന് നൽകുന്ന സാധാരണ വസ്ത്രങ്ങൾക്കു പകരം വെള്ള നിറത്തിലുള്ള ലിനൻ വസ്ത്രങ്ങളാണ് ഷെറിൻ ധരിച്ചിരുന്നത്. “ബ്യൂട്ടി പാർലർ വീട്ടിൽ തന്നെ എന്ന് പറയുന്നപോലെ എല്ലാ സൗകര്യങ്ങളും സൂപ്രണ്ട് അവർക്ക് അനുവദിച്ചിരുന്നു,” സുനിത പറഞ്ഞു. ഷെറിന് പുറത്തിറങ്ങേണ്ട കാര്യമില്ലെന്നും, ജയിലിനുള്ളിൽ അത്രയധികം സൗകര്യങ്ങളാണ് അവർക്ക് ലഭിച്ചുകൊണ്ടിരുന്നതെന്നും സുനിത കൂട്ടിച്ചേർത്തു. ചില വ്യക്തികൾക്ക് ഷെറിനുമായുള്ള മാനസികവും ശാരീരികവുമായ അടുപ്പമാണ് ഇതിനെല്ലാം കാരണമെന്നും സുനിത ആരോപിച്ചു.
ഷെറിൻ പുറത്തിറങ്ങുന്നത് തനിക്കൊരു പ്രശ്നമല്ലെന്നും, എന്നാൽ ഇതിനെക്കാൾ യോഗ്യതയുള്ളവരുടെ പട്ടിക തള്ളിക്കളഞ്ഞത് ശരിയല്ലെന്നും സുനിത വ്യക്തമാക്കി. ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement