കൊല്ലം: തേവലക്കര കോവൂർ സ്കൂളിൽ കുട്ടി ഷോക്കേറ്റു മരിച്ച സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ 24 ന്യൂസ് അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം ചിരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് രൂക്ഷ വിമർശനം. ദുരന്തവാർത്ത വായിക്കുന്നതിനിടെ അവതാരകൻ മൊബൈലിൽ വന്ന തമാശ ആസ്വദിച്ച് ചിരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
ലൈവ് ആയി നടന്ന സംഭവത്തിൽ ഹാഷ്മി ചിരിക്കുന്നത് പ്രേക്ഷകർ നേരിട്ട് കാണുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകർ ഉടൻ തന്നെ ലൈവാണെന്ന വിവരം അദ്ദേഹത്തെ ധരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, അതിനോടകം തന്നെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു.
ഒരു കുരുന്നിന്റെ ദാരുണമായ മരണവാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ അവതാരകൻ ഇത്തരത്തിൽ അനാദരവ് കാണിച്ചത് അംഗീകരിക്കാനാവില്ലെന്ന് പലരും വിമർശിച്ചു. “ദുരന്തം വിറ്റ് ജീവിക്കുന്ന കഴുകന്മാർ” എന്നുവരെയുള്ള കടുത്ത പ്രയോഗങ്ങളിലൂടെയാണ് പലരും ഹാഷ്മിക്കെതിരെ രംഗത്തെത്തിയത്. മാധ്യമപ്രവർത്തനത്തിന്റെ ധാർമ്മികതയെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.