ജൂലൈ ഒമ്പതിന് സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്ക്; പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ

1377
Advertisement

തിരുവനന്തപുരം: ജൂലൈ ഒമ്പതിലെ സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ. കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. ലേബർ കോഡ് പിൻവലിക്കുക, അടിസ്ഥാന അവകാശങ്ങൾ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും പണിമുടക്കിൽ ഉന്നയിക്കും. മെയ് 20 നാണ് കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്തുടനീളമുള്ള സാഹചര്യം കണക്കിലെടുത്താണ് പണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റിയത്.

ഡൽഹിയില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി സംഘടനകളുടെ കണ്‍വെന്‍ഷനിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക കരട് നയം , മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, പൊതു വിദ്യാഭ്യാസം, വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കെതിരെയുള്ള കേന്ദ്രത്തിന്‍റെ അവഗണനയെയും കണ്‍വെന്‍ഷന്‍ ശക്തമായി എതിര്‍ത്തു.

തൊഴിലാളി യൂണിയനുകള്‍ ഫെഡറേഷനുകള്‍ അസോസിയേഷനുകള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളെ തൊഴിലാളികള്‍ എന്നിവര്‍ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ പണിമുടക്കില്‍ പങ്കാളികളാകും. ലേബര്‍ കോഡിലൂടെ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തിരുന്നു.

Advertisement