Home Blog Page 2860

നെഞ്ചില്‍ കല്ലേറ്റ് വേച്ചുവീണ സി ആര്‍ മഹേഷിനെതിരെ വധശ്രമം ചാര്‍ജ്ജുചെയ്തവര്‍ ചെവിയില്‍ നുള്ളിക്കോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കരുനാഗപ്പള്ളി. നെഞ്ചില്‍ കല്ലേറ്റ് വേച്ചുവീണ ആളിനെതിരെ വധശ്രമം ചാര്‍ജ്ജുചെയ്തവര്‍ ചെവിയില്‍ നുള്ളിക്കോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിആര്‍ മഹേഷിനെ ആക്രമിച്ച സംഭവത്തിനെതിരെ കരുനാഗപ്പള്ളിയില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്‍. ആരെകൊല്ലാന്‍പോയെന്നാണിവര്‍ പറയുന്നത്, ആളെക്കൂട്ടി കൊല്ലാന്‍പോകാന്‍ ആരാണിവര്‍, സാദാ പൊലീസുകാരോടല്ല, റൂറല്‍എസ്പി മുതല്‍ താഴോട്ടുള്ളവരോട് പറയുകയാണ് ചെവീല് നുള്ളിക്കോ, ഇവിടെ ഒരുത്തനേയും ഞങ്ങള്‍ വെറുതേ വിടില്ല, പഴയപോലെയല്ല. നവകേരളയാത്ര കൊല്ലത്തെത്തിയപ്പോള്‍ കണ്ടല്ലോ, സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുമായി ബന്ധപ്പെട്ട് നടന്ന കലാശക്കൊട്ടിൽ കല്ലേറിൽ പരിക്കേറ്റ സി.ആർ മഹേഷ് എം എൽ എ യെ വധശ്രമക്കേസിൽ പ്രതിയായി ചേർത്തതിൽ പ്രതിഷേധിച്ച റാലി കരുനാഗപ്പള്ളി കോൺഗ്രസ് ഭവൻ്റെ മുന്നിൽ നിന്നാരംഭിച്ചു. റാലിക്ക് ശേഷം മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കെ.സി രാജൻ അദ്ധ്യക്ഷത വഹിച്ചു.എം.എം ഹസ്സൻ, എൻ്‍കെ പ്രേമചന്ദ്രൻ , പി രാജേന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കി

തിരുവനന്തപുരം.ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കി. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇനി മുതൽ ദർശനം നടത്താൻ കഴിയുകയുള്ളൂ. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിന്റെതാണ് തീരുമാനം. ഒരു ദിവസം വെർച്ചൽ ക്യൂ വഴി രജിസ്റ്റർ ചെയ്യാവുന്ന ഭക്തര് എണ്ണം 80,000 ആയി പരിമിതപ്പെടുത്തി. ശബരിമലയിലെ തിരക്കും സ്ഥലപരിമിതിയും കണക്കിലെടുത്താണ് തീരുമാനം. അടുത്ത മണ്ഡലം മകരവിളക്ക് തീർത്ഥാടനകാലമുതൽ ഇത് നടപ്പാക്കും.

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡനത്തിന് ഇരയാക്കി

കോഴിക്കോട്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയതായി പരാതി. പത്തൊൻപതുകാരിയെ പ്ലംബിംഗ് ജോലിക്കെത്തിയ ആൾ പീഡിപ്പിച്ചെന്നാണ് ആരോപണം. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്ലംബിംഗ് ജോലിക്ക് എത്തിയ നന്ദു എന്നയാൾക്ക് എതിരെയാണ് കേസ്. ഇയാൾ ഒളിവിൽ ആണെന്ന് പോലീസ് അറിയിച്ചു.

വീട് കുത്തി തുറന്ന് 69 പവൻ സ്വർണം മോഷ്ടിച്ച പ്രതികൾ പിടിയിൽ

കൊച്ചി. പുത്തൻ കുരിശിൽ വീട് കുത്തി തുറന്ന് 69 പവൻ സ്വർണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ബൈജു, നോർത്ത് പറവൂർ സ്വദേശി നിസാർ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 27 നാണ് ഇരുപ്പച്ചിറ നണ്ണാൽ പറമ്പിൽ രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ മോഷണം നടന്നത്.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് മുകളിലത്തെ വാതിൽ കുത്തി തുറന്ന പ്രതികൾ അകത്തു കടന്നു. പിന്നാലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 69 പവൻ മോഷ്ടിച്ച കടന്നുകളഞ്ഞു.

പുത്തൻ കുരിശു മുതൽ ആലുവ വരെയുള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ
പ്രതികളെ കൊടുങ്ങല്ലൂരിൽ നിന്ന് പോലീസ് പിടികൂടി. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ.

ആലുവ റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡിവൈഎസ്പി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. 48 പവൻ സ്വർണ്ണം പ്രതികളിൽ നിന്ന് കണ്ടെത്തി. തെളിവെടുപ്പിനിടയിൽ മോഷണത്തിന് ഉപയോഗിച്ച ആയുധകളും പിടിച്ചെടുത്തിട്ടുണ്ട്.

ദൈവകൃപയിലും പരിജ്ഞാനത്തിലും ദൈവാത്മാവിലും കുഞ്ഞുങ്ങൾ വളരണമെന്ന് ഡോ.ജോസഫ് മാർ ദീവന്നാസിയോസ്

ശാസ്താംകോട്ട: ദൈവകൃപയിലും പരിജ്ഞാനത്തിലും ദൈവാത്മാവിലും കുഞ്ഞുങ്ങൾ വളരണമെന്ന് അഖില മലങ്കര ബാലസമാജം പ്രസിഡന്റ് ഡോ.ജോസഫ് മാർ ദീവന്നാസിയോസ് അഭിപ്രായപ്പെട്ടു.കൊല്ലം മെത്രാസനം ബാലസമാജം വാർഷിക സംഗമം പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മെത്രാസനം വൈസ് പ്രസിഡന്റ് ഫാ.മാത്യു അലക്സ് അധ്യക്ഷത വഹിച്ചു.ബാലസമാജം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ജിം.എം. ജോർജ് ക്ലാസ് നയിച്ചു.വികാരി ഫാ.സോളു കോശി രാജു,ഫാ.ഇ.പി വർഗീസ് ഇടവന,ഫാ.ആൻഡ്രൂസ് വർഗീസ് തോമസ്,ഫാ.ജോയിക്കുട്ടി വർഗീസ്,ഫാ.ബഹനാൻ കോരുത്, കേന്ദ്ര ജോയിിന്റ് സെക്രട്ടറി മഞ്ജു ജിസൺ,അഭിഷേക് തോമസ്,ഐറിൻ അലക്സ്,ഇടവക ട്രസ്റ്റി തോമസ് കെ.ഡാനിയേൽ,ഇടവക സെക്രട്ടറി ജോൺസൺ ടി.പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

ബി​ഗ് ബോസ് മത്സരാര്‍ത്ഥി സായി ആശുപത്രിയിൽ

കൊച്ചി:ബി​ഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥിയായ സായി ആശുപത്രിയിലേക്ക്. നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചു. എന്നാല്‍ പിന്നീടും കണ്‍ഫഷന്‍ റൂമില്‍ വന്ന സായി വേദന നല്ല രീതിയില്‍ ഉണ്ടെന്നും ടാസ്കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും അറിയിക്കുകയായിരുന്നു

ഇതിനെ തുടര്‍ന്ന് വിവരങ്ങള്‍ പിന്നെ അറിയിക്കാം എന്ന് പറഞ്ഞ് സായിയെ ബിഗ് ബോസ് വീണ്ടും വീട്ടിലേക്ക് വിട്ടു. തുടര്‍ന്ന് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബിഗ് ബോസ് വീണ്ടും സായിയെ വിളിപ്പിച്ച് നിങ്ങളെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയാണ് എന്ന് അറിയിക്കുകയാണ്. തുടര്‍ന്ന് കണ്ണൂമൂടി സായിയെ വീട്ടിന് പുറത്തേക്ക് എത്തിച്ചു.

ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം നിരക്കും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്.

അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണാര്‍ക്കാട് മേഖലയില്‍ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

താമിര്‍ ജിഫ്രിയുടെ മരണം; പ്രതികളായ പൊലീസുകാരെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ

കോഴിക്കോട്: താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡി മരണ കേസില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആല്‍ബിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജിനേഷിനെയും വിപിനെയും വള്ളിക്കുന്നിലുള്ള വീട്ടില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. അഭിമന്യുവിനെ താനൂരില്‍ വെച്ചാണ് ആല്‍ബിനെ കൊല്ലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.

2023 ഓഗസ്റ്റ് ഒന്നിനാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരിക്കുന്നത്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുന്‍പും 2 മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് മരണകാരണമെങ്കിലും ശരീരത്തിലേറ്റ അടിയാണ് ഈ നീര്‍ക്കെട്ടിന് പ്രധാന കാരണമെന്നാണ് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. അമിത അളവിലുള്ള ലഹരി ഉപയോഗവും നീര്‍ക്കെട്ടിനു കാരണമായി. ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ തൃപ്തരാകാത്തതിനെത്തുടര്‍ന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടത്. സംഭവത്തില്‍ എട്ട് പോലീസുകാരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പഞ്ചാബിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു

പട്യാല.പഞ്ചാബിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരായ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. പട്യാല രാജ്പുരയിലാണ് സംഭവം.ബിജെപി സ്ഥാനാർഥി പർണീത് കൗറിനെതിരായ പ്രതിഷേധത്തിനിടെ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് കർഷകൻ മരിച്ചത്.തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്ന് കർഷകർ ആരോപിച്ചു.സംഘർഷത്തിനിടെ രണ്ട് കർഷകർക്ക് പരിക്കേറ്റു.മേഖലയിൽ കർഷകരുടെ പ്രതിഷേധം തുടരുന്നു.കർഷക സമരത്തിൻറെ ഭാഗമായി പഞ്ചാബിലെ ബിജെപി നേതാക്കൾക്ക് നേരെ കർഷകർ നേരത്തെയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു

സംസ്ഥാനത്ത് ചൂട് കുറയുന്നു, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

തിരുവനന്തപുരം. സംസ്ഥാനത്ത് ചൂട് കുറയുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തീരദേശ മേഖലയിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് ഓറഞ്ച് അലെർട്ടാക്കി ലഘൂകരിച്ചു// അതേസമയം ഉഷ്ണതരംഗസാധ്യതയുടെ പശ്ചാത്തലത്തിലുള്ള തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ ഉത്തരവിറക്കി

പൊള്ളുന്ന വേനൽചൂടിന് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് പിന്‍വലിച്ചു. തിങ്കളാഴ്ച വരെ പകല്‍ചൂടിനുള്ള മുന്നറിയിപ്പ് തുടരും. വരും ദിവസങ്ങളില്‍ വേനല്‍ചൂട് കുറയുമെന്നും  വ്യാപകമായി മഴ കിട്ടുമെന്നുമാണ് പ്രതീക്ഷ. ഇത്തവണ ശക്തമായ മണ്‍സൂണ്‍ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അതിനിടെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനുമുള്ള റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നാളെ രാത്രിവരെ ഒാറഞ്ച് അലര്‍ട്ട് തുടരും.

ഇന്ന് രാത്രി എട്ടുമണിയോടെ കേരളതീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ട്. ഉഷ്ണതരംഗസാധ്യതയുടെ പശ്ചാത്തലത്തിലുള്ള തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ ഉത്തരവിറക്കി. നേരത്തെ തൊഴിൽ സമയ ക്രമീകരണങ്ങളിൽ നിന്നും, സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ് ബാധകമാക്കിയത്.