Home Blog Page 2305

അനധികൃതമായി അറസ്റ്റ് ചെയ്തെന്ന് നടിയുടെ പരാതി; 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അമരാവതി: അനധികൃതമായി അറസ്റ്റ് ചെയ്തെന്ന നടിയുടെ പരാതിയിൽ മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ആന്ധ്രപ്രദേശ് സർക്കാർ. ഡ‍ിജിപി പി.എസ്.ആർ.ആഞ്ജനേയുലു, ഐജി കാന്തി റാണ ടാറ്റ, എസ്പി വിശാൽ ഗുന്നി എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.

മുംബൈ സ്വദേശിയായ നടി കാദംബരി ജെത്വാനിയുടെ പരാതിയിലാണ് നടപടി. വൈസ്ആർ കോൺഗ്രസ് നേതാവായ ഒരു സിനിമാ നിർമാതാവിന്റെ വ്യാജ പരാതിയിൽ തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചെന്നാണ് കാദംബരിയുടെ പരാതി. ഈ വർഷം ഫെബ്രുവരിയിലാണ് നടിയെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തത്. ഈ സമയം ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസായിരുന്നു ആന്ധ്രയിൽ അധികാരത്തിൽ.

അനധികൃതമായി ഭൂമി സമ്പാദിക്കുന്നതിന് നടി വ്യാജരേഖ ചമച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു നിർമാതാവിന്റെ പരാതി. എന്നാൽ ഇയാൾക്കെതിരെ മുംബൈയിൽ താൻ നൽകിയ മറ്റൊരു പരാതിയുടെ പ്രതികാരനടപടിയാണ് ഇതെന്നും ആ പരാതി പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും നടി ആരോപിച്ചു. ഫെബ്രുവരി രണ്ടിനാണ് കാദംബരി ജെത്വാനിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ ജനുവരി 31നു തന്നെ നടിയെ അറസ്റ്റ് ചെയ്യാൻ അന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവിയായിരുന്ന പി.എസ്.ആർ ആഞ്ജനേയുലു, കാന്തി റാണ ടാറ്റയ്ക്കും വിശാൽ ഗുന്നിക്കും നിർദേശം നൽകുകയായിരുന്നു. ആഞ്ജനേയുലു തന്റെ അധികാരവും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്തുവെന്നും മതിയായ പരിശോധനകളില്ലാതെ അന്വേഷണം വേഗത്തിലാക്കാൻ ശ്രമിച്ചെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

അന്നു വിജയവാഡ കമ്മിഷണറായിരുന്ന കാന്തി റാണാ ടാറ്റ, മേലുദ്യോഗസ്ഥന്റെ വാക്കാൽ നിർദേശപ്രകാരം കൃത്യമായ അന്വേഷണമില്ലാതെ നടപടികൾ സ്വീകരിച്ചെന്നും കൃത്യമായ രേഖകളില്ലാതെ നടിയെ അറസ്റ്റ് ചെയ്യാൻ പോകുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് മുംബൈയിലേക്ക് വിമാനം ബുക്ക് ചെയ്തെന്നും ഉത്തരവിൽ പറയുന്നു. നടിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് നൽകിയ പരാതി വിശദമായി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടെന്ന കുറ്റമാണ് വിശാൽ ഗുന്നിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൃത്യമായ രേഖാമൂലമുള്ള ഉത്തരവില്ലാതെ അറസ്റ്റിനായി ഫെബ്രുവരി രണ്ടിന് മുംബൈയിലേക്ക് പോയ അദ്ദേഹം മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയായിരുന്നു. വിശദീകരണം നൽകാൻ മതിയായ അവസരം നൽകാതെ എഫ്ഐആർ ഫയൽ ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടിയെ ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്തത്.

തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് നടി കാദംബരി ജെത്വാനി ഇബ്രാഹിംപട്ടണം ജില്ലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വൈഎസ്ആർ കോൺഗ്രസ് നേതാവിനും മറ്റുള്ളവർക്കുമെതിരെ പൊലീസ് കേസെടുത്തു. മലയാളച്ചിത്രത്തിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുള്ള നടിയാണ് ഇരുപത്തിയെട്ടുകാരിയായ കാദംബരി ജെത്വാനി. 2012ൽ സദ്ദ അദ്ദ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഒയിജ (കന്നഡ), ആതാ (തെലുങ്ക്), ഐ ലവ് മി (മലയാളം), ഓ യാരാ ഐൻവായി ഐൻവായി ലുട്ട് ഗയാ (പഞ്ചാബി) തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

ന്യൂസ് അറ്റ് നെറ്റ്, ഇപ്പോൾ സംഭവിക്കുന്നത്,

2024 സെപ്തംബർ 16 താങ്കൾ ,1.30 PM

?മലപ്പുറം മമ്പാട് കാരച്ചാലിൽ സ്ക്കൂട്ടർ മറിഞ്ഞ് അമ്മയും മകനും മരിച്ചു. ധ്യാൻ ദേവ്( 3) ശ്രീലക്ഷമി( 36 ) എന്നിവരാണ് മരിച്ചത്. സ്ക്കൂട്ടറിൽ ഉണ്ടായിരുന്നത് 5 പേർ.

?ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നാളെ രാജിവെച്ചേക്കും.

?മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റി കൊന്ന കേസ്സിൽ പിടിയിലായ അജ്മൽ 8 കേസുകളിൽ പ്രതി

?നടിയെ ആക്രമിച്ച കേസ് പൾസർ സുനിയുടെ ജാമ്യം റദ്ദാക്കരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

?നിപരോഗ ലക്ഷണമുള്ള 10പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

?സാമ്പിൾ പരിശോധന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബിൽ

?നിപ:മലപ്പുറം ജില്ലയിൽ തിരുമാലി, മമ്പാട് പഞ്ചായത്ത്കളിലെ 5 വാർഡുകളിൽ സർവ്വേ പൂർത്തിയാക്കും.

? ബംഗ്ലൂരുവിൽ നിന്ന് എത്തിയ ശേഷം പോയ സ്ഥലങ്ങളിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പരിശോധന

?മലയാള സിനിമയിൽ പ്രോഗ്രസീവ് ഫിലിം മേക്കേഴ് അസ്സോസിയേഷൻ എന്ന പുതിയ സംഘടന

?ആഷിഖ് അബു, അജ്ഞലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, റിമാ കല്ലിങ്കൽ, രാജീവ് രവി എന്നിവർ നേതൃനിരയിൽ

?പുതിയ സിനിമാസംഘടന സംബന്ധിച്ച് സിനിമാപ്രവർത്തകർക്ക് കത്ത് നൽകി.

?രഞ്ജിത്തിനെതിരായ കേസ്; ബംഗാളി നടിയുടെ മൊഴി ഈ ആഴ്ച എടുക്കും

മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ
ഇൻറർനെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി.

?മലപ്പുറം പൈങ്കണ്ണൂരിൽ നിന്ന് കാണാതായ യുവതിയേയും രണ്ട് മക്കളേയും കൊല്ലത്ത് നിന്ന് കണ്ടെത്തി.

?കൽക്കത്തയിൽ സമരം ചെയ്യുന്ന ഡോക്ടർമാരുമായി ഇന്ന് ചർച്ച നടത്താൻ മുഖ്യമന്ത്രി മമത ബാനർജി.

കാറിടിപ്പിച്ച ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയ കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന്
കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നു കളത്ത കാറിലുണ്ടായിരുന്നത് , ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് വി.കെ. ബിനാകുമാരി പറഞ്ഞു.

കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും കാർ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.

വന്ദേ മെട്രോ ഇനി ‘നമോ ഭാരത് റാപിഡ് റെയിൽ’; പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും

അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽനിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ വന്ദേ മെട്രോ സർവീസ്. ആറു മണിക്കൂറിൽ 360 കിലോമീറ്ററാണ് ട്രെയിൻ സർവീസ് നടത്തുക. ജന്മദിനത്തിന്റെ തലേന്നാണ് പ്രധാനമന്ത്രി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. അതേസമയം, വന്ദേ മെട്രോ സർവീസിന്റെ പേര് ഇന്ത്യൻ റെയിൽവേ ‘നമോ ഭാരത് റാപിഡ് റെയിൽ’ എന്ന് പുനർനാമകരണം ചെയ്തു.

മണിക്കൂറിൽ 110 കി.മീ. വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുക. ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തും. പുലർച്ചെ 5.02ന് ഭുജിൽനിന്നു തിരിക്കുന്ന ട്രെയിൻ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും. വൈകുന്നേരം 5.30ന് അഹമ്മദാബാദിൽനിന്നു തിരിക്കുന്ന ട്രെയിൻ രാത്രി 11.20ന് ഭുജിൽ തിരിച്ചെത്തും. 1,150 യാത്രക്കാർക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന ട്രെയിനിൽ ആകെ 2,058 വരെ യാത്രക്കാരെ ഉൾക്കൊള്ളാനാകും.

∙ മിനിമം ടിക്കറ്റ് 30 രൂപ

വന്ദേ മെട്രോ നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. മിനിമം ‌ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണ്. ഒരാഴ്ച മുതൽ ഒരു മാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഉണ്ടാകും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാം. ഭുജിൽനിന്ന് അഹമ്മദാബാദ് വരെയെത്തുന്നതിന് 430 രൂപയാണ് ജിഎസ്ടി ഇല്ലാതെ ചെലവാകുക.

∙ ഇന്റർസിറ്റി യാത്രകൾക്കുവേണ്ടി

ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്. വന്ദേ മെട്രോ ഉൽപാദനം കൂട്ടിയതിനാൽ വൈകാതെ കേരളത്തിനും ട്രെയിനുകൾ ലഭിക്കും. കോഴിക്കോട്– എറണാകുളം, എറണാകുളം– കോയമ്പത്തൂർ, മംഗളൂരു– കോഴിക്കോട്, മധുര– ഗുരുവായൂർ (പാലക്കാട് വഴി), എറണാകുളം– തിരുവനന്തപുരം, കൊല്ലം– തിരുനെൽവേലി റൂട്ടുകളിൽ വന്ദേ മെട്രോ സർവീസുകൾക്കു സാധ്യതയുണ്ട്.

ശ്രീക്കുട്ടിയും പ്രതി; ജോലിയിൽനിന്നു പുറത്ത്; അജ്മലിനെതിരെ മുൻപും കേസുകൾ; കാറിൽ മൂന്നാമതൊരാളും?

മൈനാഗപ്പള്ളി: മൈനാഗപ്പള്ളിയിൽ, ഇടിച്ചു വീഴ്ത്തിയ കാർ വീണ്ടും ദേഹത്തു കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അജ്മൽ ചന്ദനക്കടത്ത് അടക്കം അഞ്ചു കേസിൽ പ്രതിയാണെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു. അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി ജോലിയില്‍നിന്നു പുറത്താക്കി. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. പ്രേരണാക്കുറ്റമാണ് ചുമത്തുക.

അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയിട്ടും കാർ‌ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണ്. അപകടത്തിന്റെ വ്യാപ്തി മനസ്സിലായിട്ടും പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ലെന്നതും ശ്രീക്കുട്ടിക്കെതിരെ കേസെടുക്കാൻ കാരണമാണ്. മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമായ ബിഎന്‍എസ് 105 വകുപ്പ് ചുമത്തിയാണ് അജ്മലിനെ കസ്റ്റഡിയിലെടുത്തത്.

അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചു മദ്യപിച്ച അജ്മലും ശ്രീക്കുട്ടിയും അവിടെനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു സുഹൃത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ഇയാൾ കാറിൽനിന്ന് ഇറങ്ങിയിരുന്നു.

മൈനാഗപ്പള്ളി ആനൂർകാവിൽ വളവു തിരിഞ്ഞു വന്ന കാർ സ്കൂട്ടർ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട്, റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. മുന്നോട്ടു പോയ കാർ മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിയിൽ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മലും ശ്രീക്കുട്ടിയും പുറത്തിറങ്ങിയോടി. അജ്മൽ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്തുനിന്നാണ് പിടികൂടിയത്.

33കാരന് മാച്ചിം​ഗ് ആയ വധുവിനെ കിട്ടാൻ ബുദ്ധിമുട്ടെന്ന് മാട്രിമോണി സൈറ്റ്; അമ്മയുടെ പരാതി, 10,000 രൂപ പിഴയിട്ടു

കോയമ്പത്തൂർ: ഒരു ഉപഭോക്താവിന് പൊരുത്തപ്പെടുന്ന പ്രൊഫൈലുകൾ അയയ്ക്കുന്നതിൽ പരാജയപ്പെട്ടതിന് മാട്രിമോണിയൽ സൈറ്റ് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ പരിഹാര കമ്മീഷൻ ഉത്തരവിട്ടു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ഉപഭോക്താവിൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് തിരികെ നൽകാനും കമ്മീഷൻ സൈറ്റിനോട് നിർദ്ദേശിച്ചിട്ടുണ്ട്. തിരുപ്പൂരിലെ പിച്ചംപാളയത്തെ ഡി ഇന്ദ്രാണി തൻ്റെ മകന് വധുവിനെ കണ്ടെത്താനാണ് 2022 ജനുവരി 17 ന് CommunityMatrimony.comൽ രജിസ്റ്റർ ചെയ്തത്.

രജിസ്ട്രേഷൻ ചാർജായി 3,766 രൂപയാണ് അടച്ചത്. എന്നാൽ, ഇന്ദ്രാണിയും മകനും തിരുപ്പൂരിലെ കമ്പനിയുടെ ഓഫീസിലെത്തി അനുയോജ്യരായ പ്രൊഫൈലുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ, മകന് 33 വയസായതിനാൽ വധു ഒന്നുകിൽ വിധവകളോ വിവാഹമോചിതരോ ആയിരിക്കുമെന്നും 40 പ്രൊഫൈലുകൾ മാത്രമേ അയക്കാനാകൂ എന്നായിരുന്നു മറുപടി. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ഇന്ദ്രാണി രജിസ്ട്രേഷൻ റദ്ദാക്കാക്കി അടച്ച ഫീസ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ, ഒരു മാസത്തിനുള്ളിൽ തുക റീഫണ്ട് ചെയ്യാമെന്ന് കമ്പനി സമ്മതിച്ചെങ്കിലും പിന്നീട് പണം തിരികെ നൽകിയില്ല. തുടർന്ന് ഇന്ദ്രാണി തിരുപ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. പൊരുത്തപ്പെടുന്ന പ്രൊഫൈലുകൾ നൽകുന്നതിൽ മാട്രിമോണിയൽ സൈറ്റ് പരാജയപ്പെട്ടെന്നും ഇത് സേവനത്തിലെ അപാകതയാണെന്നും കമ്മീഷൻ അധ്യക്ഷ എസ് ദീപയും അംഗം എസ് ബാസ്‌കറും ഉത്തരവിൽ ചൂണ്ടിക്കാട്ടി. തുടർന്ന് രജിസ്‌ട്രേഷൻ ഫീസായ 3,766 രൂപയും മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരമായി 10,000 രൂപയും പരാതിക്കാരന് തിരികെ നൽകാൻ കമ്മീഷൻ മാട്രിമോണിയൽ സൈറ്റിനോട് നിർദ്ദേശിക്കുകയായിരുന്നു.

നാൽപ്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ

സ്ത്രീകൾ നാൽപ്പത് കഴിയുമ്പോൾ അവരുടെ ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് മാറിയേക്കാം. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാൻ കാരണമാകുന്നു. ചില വിറ്റാമിനുകൾ നിർബന്ധമായും കഴിക്കേണ്ടതിന്റെ പ്രാധാന്യം ഈ സാഹചര്യം വർധിപ്പിക്കുന്നു.

സ്ത്രീകൾ കഴിക്കേണ്ട അഞ്ച് വിറ്റാമിനുകൾ ഏതൊക്കെ എന്ന് നോക്കാം.

വിറ്റാമിൻ ഡി – സ്ത്രീകൾ പ്രായമാകുമ്പോൾ അവരുടെ എല്ലുകളുടെ സാന്ദ്രയിലും പേശികളുടെ പിണ്ഡത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ശാരീരികമായി സജീവമല്ലാത്തവരിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇത് അസ്ഥി സംബന്ധമായ അസുഖങ്ങൾക്കും പരിക്കുകൾക്കും സാധ്യത വർധിപ്പിക്കുന്നു.

ഇരുമ്പ് – പ്രായമാകുമ്പോൾ സ്ത്രീകൾക്ക് ആർത്തവ ചക്രത്തിലും ഹോർമോൺ ബാലൻസിലും മാറ്റം ഉണ്ടാകാം. ഇത് ഇരുമ്പിന്റെ കുറവിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഗർഭിണികളല്ലാത്ത പ്രായമായ സ്ത്രീകളിൽ വിളർച്ച ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

കാൽസ്യം – നാൽപ്പതു കഴിഞ്ഞാൽ സ്ത്രീകളിൽ കാൽസ്യം അഭാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. എല്ലുകളെ കരുത്തുള്ളതും ആരോഗ്യകരവുമാക്കാൻ കാൽസ്യം അനിവാര്യമാണ്. അതിനാൽ മുതിർന്ന സ്ത്രീകൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

ഫോളേറ്റ് – ശരീരത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ബി വിറ്റാമിൻ ആണ് ഫോളേറ്റ്. ഇത് സ്ത്രീകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കും. നവജാതശിശുക്കളിൽ ജനന വൈകല്യങ്ങൾ തടയാനും ഫോളേറ്റ് സഹായിക്കുന്നു.

വിറ്റാമിൻ ബി 12 – നാൽപ്പതു കഴിഞ്ഞ സ്ത്രീകളിൽ വിറ്റാമിൻ ബി 12 വളരെ പ്രധാനപ്പെട്ട മറ്റൊരു പോഷകമാണ്. ഇത് പ്രായമായ സ്ത്രീകളിൽ ഉണ്ടാകുന്ന അനീമിയ, ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ ചിലവാക്കിയത് 75000 രൂപ, വളണ്ടിയർമാരെ എത്തിക്കാൻ നാലുകോടി രൂപ ,വയനാട് ദുരന്തത്തിലെ സര്‍ക്കാര്‍ ചിലവ് ഞെട്ടിക്കും

കൊച്ചി.വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്.
ഒരു മൃതദേഹം സംസ്‌കരിക്കാന്‍ ചിലവാക്കിയത് 75000 രൂപ. വളണ്ടിയർമാരെ എത്തിക്കാൻ നാലുകോടി രൂപ ചെലവിട്ടതായും കണക്ക്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആണ് സംസ്ഥാന സർക്കാർ കണക്കുകൾ വ്യക്തമാക്കിയത്.

359 മൃതദേഹം സംസ്കരിക്കുന്നതിന് രണ്ട് കോടി 76 ലക്ഷം രൂപയാണ് സർക്കാർ ആകെ ചെലവിട്ടത്. ഒന്നിന് 75000 രൂപ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വസ്ത്രം വാങ്ങി നൽകിയ വകയിൽ 11 കോടി ചെലവായെന്നും കണക്ക്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തിച്ചു നൽകിയ വസ്ത്രങ്ങൾക്ക് പുറമെയാണ് ഈ തുക ചെലവാക്കിയത്. വളണ്ടിയർമാരുടെ ഭക്ഷണത്തിനും വാഹന സൗകര്യത്തിനുമായി 14 കോടി രൂപ. താമസത്തിന് 15 കോടി. വാഹനങ്ങളിലെ ഇന്ധനത്തിന് മാത്രം 4 കോടിയും ചെലവാക്കി. 17 ക്യാമ്പുകളിൽ 30 ദിവസം ജനറേറ്റർ പ്രവർത്തിപ്പിച്ചതിന് ഏഴു കോടി ചെലവായെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യൻ എയർ ഫോഴ്സിന്റെ എയർ ലിഫ്റ്റിംഗ് ഹെലികോപ്റ്ററിന് 17 കോടി രൂപ നൽകി. സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഭക്ഷണത്തിന് പുറമെ, ക്യാമ്പിൽ ഭക്ഷണം നൽകിയതിന് 8 കോടി രൂപ ചെലവായെന്നും സർക്കാർ പറയുന്നു. കണക്കിലെ ഭീമമായ തുകകളിൽ ഇതിനോടകം വിമർശനവും വ്യാപകമായി.

വിളയിൽ പുത്തൻവീട്ടിൽ രാധ നിര്യാതയായി

മൈനാ​ഗപ്പള്ളി: വിളയിൽ പുത്തൻവീട്ടിൽ രാധ(58) നിര്യാതയായി. ഞായറാഴച രാത്രി പത്ത് മണിക്ക് പെട്ടെന്നുണ്ടായ അസുഖം മൂലമായിരുന്നു അന്ത്യം. ഭർത്താവ് രാമചന്ദ്രൻ. മകൻ രാ​ഗേഷ് ചന്ദ്രൻ, മരുമകൾ അർച്ചന, ചെറുമകൾ നിധി രാ​ഗേഷ്, സഞ്ചയനം 22 ഞായർ രാവിലെ എട്ടിന്

മരോട്ടിച്ചോടിൽ പ്രവീൺ എന്ന യുവാവിനെ കൊലപെടുത്തിയ കേസിൽകൊല്ലം സ്വദേശി സമീർ പിടിയിൽ

കൊച്ചി. മരോട്ടിച്ചോടിൽ പ്രവീൺ എന്ന യുവാവിനെ കൊലപെടുത്തിയ കേസിൽ
കൊല്ലം സ്വദേശി സമീർ പിടിയിൽ. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാക്കനാട് ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു.

കൊല്ലപ്പെട്ട പ്രവീണും – പ്രതി സമീറും തമ്മിൽ മുൻപരിചയമുണ്ട്. ഉത്രാട ദിനത്തിൽ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചു. ഇതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രവീണിന്റെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നു. CCTV അടക്കം കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശി സമീറിനെ തൃപ്പൂണിത്തുറയിൽ നിന്നും പിടികൂടിയത്. മറ്റൊരാൾ കൂടി കസ്റ്റഡിയിലുണ്ട്.

തിരുവോണം ദിനത്തിൽ കൊച്ചി കാക്കനാടും സംഘർഷം ഉണ്ടായി.
കാക്കനാട് കണ്ണങ്കേരി സ്വദേശി പ്രദീപിനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴുത്തിനു വെട്ടേറ്റ പ്രദീപിന്റെ നില ഗുരുതരമാണ്. മുൻ വൈരാഗ്യമാണ് അക്രമണത്തിന് കാരണം.പ്രദീപിനെ ആക്രമിക്കുന്നതിനിടെ പ്രതിയായ രഞ്ജിത്തിനും വെട്ടേറ്റു. രഞ്ജിത്ത് നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.ഇരുവരും ആശുപത്രിയിലാണ്. കേസിൽ പ്രതിയായ മറ്റൊരാൾ ഒളിവിലാണ്.