തിരുവനന്തപുരം. പാൽ വിപണിയിൽ റെക്കോർഡിട്ട് മിൽമ. ഓണ വിപണിയിൽ 1.33 കോടി ലിറ്റർ പാൽ വിൽപ്പനയാണ് മിൽമ നടത്തിയത്. ഉത്രാട ദിനത്തിൽ മാത്രം 3700, 365 ലിറ്റർ പാൽ സംസ്ഥാനത്ത് വിറ്റഴിച്ചു. പാൽ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും മിൽമ സർവ്വകാല റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.
നേര്യമംഗലം റാണിക്കല്ലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
അടിമാലി. നേര്യമംഗലം റാണിക്കല്ലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശികളായ അഫ്സൽ (22) അൻഷാദ് (18) എന്നിവരാണ് മരിച്ചത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കളെ കോതമംഗലത്തെയും ആലുവയിലെയും ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാർ സന്ദർശിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം പ്രതികൾ റിമാൻ്റിൽ
ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം പ്രതികൾ റിമാൻ്റിൽ.14 ദിവസത്തേക്കാണ് അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും റിമാൻ്റ് ചെയ്തത്.പ്രതികളെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലേക്ക് കൊണ്ടുപോയി
പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻ്റ് റിപ്പോർട്ട്.
അജ്മൽ മുൻപും ക്രിമിനൽ കേസിൽ പ്രതിയെന്ന് പോലീസ്.അപകടത്തിൽ പെടുമ്പോൾ കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ.
ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് അപകടം. അമിത വേഗതയിൽ എത്തിയ കാർ മൈനാഗപ്പളളി ആനൂർകാവ് സ്വദേശിനികളായ ഫൗസിയയും കുഞ്ഞുമോളും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.അപകടം കണ്ട് ഓടി കൂടിയ നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അജ്മൽ കൂട്ടാക്കിയില്ല. തുടർന്ന് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ കുഞ്ഞുമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വാഹനവുമായി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്. ഡോക്ടർ ശ്രീക്കുട്ടിയെയും അജ്മലിനെയും പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അജ്മലിനെതിരെ നേരത്തെയും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.അമിതവേഗതയിൽ അലക്ഷ്യമായി എത്തിയ കാറാണ് അപകടം വരുത്തിയതെന്ന് ദൃക്സാക്ഷികൾ.
അപകടശേഷം വാഹനം നിർത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടും അജ്മൽ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.
പിന്നീട് ഉള്ള യാത്രയിലും അജ്മൽ നിരവധി വാഹനങ്ങളിൽ ഇടിച്ചെന്നും പോലീസിന് വിവരം ലഭിച്ചു.സംഭവത്തിൽ സ്വമേധയ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ രണ്ടാഴ്ചയ്ക്കകം സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ജില്ലാ റൂറൽ പോലീസ് മേധാവിയോട് നിർദ്ദേശിച്ചു.സംഭവത്തിന് പിന്നാലെ ഡോക്ടർ ശ്രീകുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി . വലിയത്ത് ഹോസ്പറ്റലിലാണ് ഡോക്ടറെ പുറത്താക്കിയത്.ആശുപത്രി യ്ക്ക് കളങ്കം ഉണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി ആശുപത്രി മാനേജ്മെൻ്റ് പറഞ്ഞു.മദ്യ ലഹരിയിലായിരുന്നു ഇവരുടെ മനുഷ്യത്വമില്ലാത്ത യാത്ര.
നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ച് പരുക്കേറ്റ്ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്. പെരുമണ്ണ പുത്തൂർ മഠത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ്
ബൈക്ക് യാത്രക്കാരൻ മരിച്ചു.
രാമനാട്ടുകര ബംഗ്ലാവ് കോളനിയിൽ അഖിൽ ആണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
പെരുമണ്ണ ഭാഗത്ത് നിന്നും പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തിൽ പെട്ടത്.
അപകടം നടന്ന സ്ഥലത്തെ റോഡിനോട് ചേർന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡിൽ കുഴിയെടുത്തിരുന്നു. കുഴിയടച്ച ഭാഗത്ത് പൊന്തി കിടന്ന കോൺക്രീറ്റ് പാളിയിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഇടിയുടെ ആഘാതത്തിൽ അഖിൽ ലോറിയുടെ ഉള്ളിലേക്ക് തെറിച്ചുവീണു.
അപകട സമയത്ത് ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരും പരിസരവാസികളും ചേർന്നാണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്
വടക്കഞ്ചേരിയിൽ വാഹനാപകടം
പാലക്കാട്. വടക്കഞ്ചേരി തങ്കം ജങ്ഷനിൽ കെ എസ് ആർ ടി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 ഓളം യാത്രക്കാർക്ക് പരുക്ക്.മൂന്ന് മണിയോടെയാണ് സംഭവം.തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും, വടക്കഞ്ചേരി ടൗണിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ തൃശ്ശൂരിലെയും ആലത്തൂരിലെയും നെന്മാറയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
കണ്ണീരണിഞ്ഞ് നാട്;കുഞ്ഞുമോൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലും വിളയിൽ വീട്ടിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോളുടെ (45) ആകസ്മിക വേർപാടിൽ നാട് കണ്ണീരണിഞ്ഞു.കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് 6 ഓടെ മൃതദേഹം വീട്ടിലെത്തിച്ചു.സമൂഹത്തിൻ്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ കുഞ്ഞുമോൾക്ക് യാത്രാമൊഴിയേകാൻ പഞ്ഞിപ്പുല്ലും വിളയിൽ വീട്ടിൽ എത്തിയിരുന്നു.അന്തിമോപചാരം അർപ്പിക്കാനെത്തിയവർക്ക് പോലും കരച്ചിൽ നിയന്ത്രിക്കാനായില്ല.
കൊല്ലം നഗരത്തിലെ ചുമട്ടുതൊഴിലാളിയായ ഭർത്താവ് നൗഷാദിനെയും പെൺമക്കളെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും പരിസരവാസികളും ഏറെ ബുദ്ധിമുട്ടി.അപകടത്തിൽ സാരമായി പരിക്കേറ്റ ഭർതൃസഹോദരൻ്റെ ഭാര്യ ഫൗസിയ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി കുഞ്ഞുമോളെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത് നൊമ്പരക്കാഴ്ചയായി.വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിനു വച്ച ശേഷം മൃതദേഹം വടക്കൻ മൈനാഗപ്പള്ളി മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ കബറടക്കി.

പെൺമക്കളുടെ വിവാഹ ശേഷം നൗഷാദും കുഞ്ഞുമോളും മാത്രമാണ് വീട്ടിലുള്ളത്.പകൽ നേരത്തെ വിരസതയകറ്റാൻ വീടിനു സമീപം ചെറിയൊരു കടയും കുഞ്ഞുമോൾ നടത്തി വരുന്നുണ്ടായിരുന്നു.വീടിൻ്റെ അടുത്തായി താമസിക്കുന്ന മൂത്ത മകൾ സൂഫിയ എല്ലാ ദിവസവും വിശേഷങ്ങൾ അറിയാൻ കുടുംബ വീട്ടിൽ എത്തുമായിരുന്നു.തിരുവോണ ദിവസമായ ഞായറാഴ്ച വൈകിട്ട് 5.15 ഓടെ മദ്യലഹരിയിൽ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29) ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചാണ് കുഞ്ഞുമോൾ മരിച്ചത്.ഭർതൃസഹോദരൻ്റെ ഭാര്യ ഫൗസിക്കൊപ്പം സ്കൂട്ടറിൽ ആനൂർക്കാവ് ജംഗ്ഷനിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.വീട്ടിലേക്ക് മടങ്ങാൻ ഇവർ സഞ്ചരിച്ച സ്കൂട്ടർ റോഡ് കോസ് ചെയ്യന്നതിനിടയിൽ സോമവിലാസം ചന്ത ഭാഗത്ത് നിന്ന് വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ തെറിച്ച് റോഡിൻ്റെ സൈഡിലേക്കു വീണു.കാറിൻ്റെ ബോണറ്റിലേക്ക് വീണ കുഞ്ഞുമോൾ തെറിച്ച് കാറിൻ്റെ മുൻപിലെ ടയറിൻ്റെ അടിയിലേക്ക് വീഴുകയായിരുന്നു.രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഡ്രൈവർ വാഹനം പിറകോട്ട് എടുത്ത ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ഓടിച്ചു പോകുകയായിരുന്നു.കുഞ്ഞുമോളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല.വാഹനം ഓടിച്ചിരുന്നയാളും കൂടെയുണ്ടായിരുന്ന യുവതിയും മദ്യലഹരിയിലായിരുന്നു.നിർത്താതെ പോയ കാർ പിന്നീട് കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് മതിൽ ഇടിച്ച് തകർത്ത് നിൽക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന അജ്മലിൻ്റെ പെൺസുഹൃത്ത് കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ നെയ്യാറ്റിൻകര സ്വദേശി ശ്രീക്കുട്ടിയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ കൈമാറിയിരുന്നു.തുടർന്ന് കാർ ഉപേക്ഷിച്ച് മതിൽ ചാടി രക്ഷപ്പെട്ട അജ്മലിനെ ഇന്നലെ പുലർച്ചെ പതാരത്ത് വച്ച് പോലിസ് പിടികൂടുകയായിരുന്നു.പതാരത്ത് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിനിടയാണ് അജ്മൽ പിടിയിലായത്.ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
വാടകവീട്ടില്‍ ചാരായനിര്‍മാണം; പ്രതികള്‍ അറസ്റ്റില്‍
കൊല്ലം: വാടകവീട്ടില്‍ വില്‍പ്പനക്കായി നിര്‍മിച്ച വ്യാജചാരായവുമായി പ്രതികള്‍ പോലീസ് പിടിയില്‍. ചവറ, ഇടയിലേഴത്ത് വീട്ടില്‍ രാധാകൃഷ്ണന്‍പിള്ള (72), ഇയാളുടെ മകന്‍ രാധേഷ് കൃഷ്ണന്‍ (38) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. ഇവരുടെ പുതുക്കാട്ടിലുള്ള വാടകവീട്ടിലെ മുറിയില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 32 ലിറ്റര്‍ വ്യാജചാരായവും ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മറ്റും പോലീസ് കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഓണക്കാലത്ത് വ്യാജമദ്യവും മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് പരിധിയിലെ സ്റ്റേഷനുകളില്‍ പ്രത്യേക
സ്‌കോഡ് രൂപവത്കരിച്ചിരുന്നു.
വയോധികയോട് ലൈംഗികാതിക്രമം; പ്രതി പിടിയില്‍
കൊല്ലം: വയോധികയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കരിക്കോട്, മുണ്ടോലിത്താഴതില്‍, ഫിലിപ്പ് മകന്‍ ജോസ് (45) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. വീട്ടുജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധികയെ പ്രതി തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ഇത് നിരസിച്ച് മുന്നോട്ട് പോയ വയോധികയെ തള്ളിയിട്ടശേഷം ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
കുന്നത്തൂർ കിഴക്ക് അടകപ്പുറത്തു കളീക്കൽ പുത്തൻ വീട്ടിൽ അമ്മിണി മാത്യു നിര്യാതയായി
കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് അടകപ്പുറത്തു കളീക്കൽ പുത്തൻ വീട്ടിൽ പരേതനായ
വൈ.മാത്യുവിൻ്റെ (റിട്ട.ഹൈസ്കൂൾ അധ്യാപകൻ,വി.എച്ച്.എസ്.എസ്
കുഴിക്കലിടവക,പാങ്ങോട്) ഭാര്യ അമ്മിണി മാത്യു (92) നിര്യാതയായി.കിഴക്കേ കല്ലട ചിറ്റേത്ത് കുടുംബാംഗമാണ്.സംസ്ക്കാര ശുശ്രുഷകൾ ബുധൻ രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കും.സംസ്കാരം 12.30ന് കൈതക്കോട് ശാരോൻ ഫെല്ലോഷിപ് ചർച്ച് സെമിത്തേരിയിൽ നടക്കും.മക്കൾ:ജോൺ മാത്യു,ആനി ശാമൂവേൽ,അനിത സാം,ആശ ഇമ്മാനുവേൽ,ആലീസ് മാത്യു.മരുമക്കൾ:സൂസൻ ജോൺ,കെ.ശമുവേൽ,സാം കുട്ടി,പി.ജി ഇമ്മാനുവേൽ.
കുളത്തൂപ്പുഴയില്‍ യുവാവ് ആറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയില്‍
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ നെടുവണ്ണൂര്‍ക്കടവ് ഭാഗത്ത് ആറ്റില്‍ വീണു മരിച്ച നിലമേല്‍ കൊച്ചു കുന്നുംപുറം ഇരട്ടമുകളില്‍ വീട്ടില്‍ മുജീബ് (39) ന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. പ്രതി കുളത്തുപ്പുഴ നെടുവണ്ണൂര്‍ക്കടവ് സ്വദേശി മനോജ് (42) അറസ്റ്റിലായി. കഴിഞ്ഞ ദിവസം നെടുവണ്ണൂര്‍ കടവില്‍ മദ്യപിക്കാന്‍ ഒത്തുകൂടിയ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി മുജീബിനെ ആറ്റിലേക്ക് തള്ളിയിടുകയായിരുന്നു.
ഒഴുക്കില്‍ പെട്ട മുജീബിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സിന്റെയും സ്‌കൂബ ടീമിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കൂടെ മദ്യപിക്കാന്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ആണെന്നും പ്രതി മനോജ് ആണെന്നും വ്യക്തമായത്. മനോജിനെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.








































