തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. നെയ്യാറ്റിൻകര ആലത്തൂർ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വാരിയെല്ലിന് പൊട്ടലുണ്ട്. കൈകാലുകളിൽ മുറിവുണ്ട്. ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്.
പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമം ഉടൻ തന്നെ ആരംഭിച്ചിരുന്നു. ശരീരത്തിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലും ഷൈലന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഷൈലനെ രക്ഷിക്കാനായത്.
മൈനാഗപ്പള്ളി അപകടം: അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്
മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ നടപടിയാരംഭിച്ച് മോട്ടോർ വാഹനവകുപ്പും. കാർ ഓടിച്ച അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതിന് ശേഷം ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അപകടമുണ്ടാക്കിയ ശേഷം പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും അമിത വേഗതയിൽ പോകുന്നതും കാറിനെ നാട്ടുകാർ ബൈക്കുകളിൽ പിന്തുടർന്ന് തടയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതികൾ മദ്യത്തിനൊപ്പം രാസലഹരിയും ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കും.
പ്രതികൾക്കായി ശാസ്താംകോട്ട പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളെ ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ഓണാഘോഷത്തിനിടെ കുട്ടികൾ കള്ള് ഷാപ്പിൽ; ഏഴാം ക്ലാസുകാരൻ ആശുപത്രിയിലായ സംഭവത്തിൽ ജീവനക്കാർ അറസ്റ്റിൽ
ആലപ്പുഴ:
സ്‌കൂളിലെ ഓണാഘോഷത്തിനെത്തിയ കുട്ടികൾക്ക് കള്ള് വിറ്റതിന് രണ്ട് കള്ള് ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. കള്ള് കുടിച്ചതിനെ തുടർന്ന് ഏഴാം ക്ലാസുകാരൻ ആശുപത്രിയിലായിരുന്നു.
രണ്ട് ദിവസം തീവ്രപരിചാരണ വിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ജീവനക്കാർക്ക് പുറമെ ലൈസൻസികളായ നാല് പേർക്കെതിരെയും ചേർത്തല എക്‌സൈസ് റേഞ്ച് ഓഫീസ് കേസെടുത്തു.
സെപ്റ്റംബർ 13ന് തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം ഭാഗങ്ങളിലാണ് സംഭവം. പള്ളിച്ചന്ത ഷാപ്പിലെത്തിയ നാല് കുട്ടികൾക്ക് ജീവനക്കാർ കള്ള് കൊടുക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് കള്ള് കുടിച്ചതിന് ശേഷം ബാക്കി ബാഗിലാക്കി ഇവർ സ്‌കൂളിലെത്തി.
സ്‌കൂളിലെ ശൗചാലയത്തിൽ വെച്ചും ഇവർ കള്ള് കുടിച്ചു. അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും മാറ്റേണ്ടി വന്നിരുന്നു
ഷാപ്പ് ജീവനക്കാരായ മനോഹരൻ, മാനേജർ മോഹനൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസികളായ ചന്ദ്രപ്പൻ, രമാദേവി, അശോകൻ, എസ് ശ്രീകുമാർ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. കർശന ഉപാധികളോടെ സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. എന്നാൽ വിചാരണ നീണ്ടുപോകുന്നതിനാലാണ് സുനിക്ക് ജാമ്യം അനുവദിച്ചത്.
വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. ഏഴര വർഷമായി പൾസർ സുനി ജയിലിൽ ആണ്. നിരവധി തവണ ജാമ്യാപേക്ഷ നല്കിയിരിന്നുവെങ്കിലും കോടതി നിരസിക്കുകയായിരുന്നു.
അതീഷി മെർലെന;രാജ്യ തലസ്ഥാനത്തിൻ്റെ ‘തെലൈവി’യാകുന്ന മൂന്നാം വനിത
ന്യൂ ഡെൽഹി: സുഷമാ സ്വരാജിനും, ഷീലാ ദീക്ഷിദിനും ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്ന മൂന്നാമത്തെ വനിതയാണ് അതീഷി മെർലെന.
ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരുമായിരുന്ന വിജയ് കുമാര്‍ സിങ്ങിൻ്റെയും ത്രിപ്ത വാഹിയുടെയും മകളാണ് അതീഷി മാർലേന.
ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു അതിഷിയുടെ മാതാപിതാക്കൾ. മാര്‍ക്സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് അവര്‍ മകളുടെ പേരിനൊപ്പം മാര്‍ലേന എന്നുകൂടി ചേര്‍ത്തത്.
1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ ജനിച്ച അതിഷി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സ്പ്രിങ്ഡെയ്ല്‍ സ്കൂളില്‍നിന്നാണ്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കുകാരിയായി ബിരുദം സ്വന്തമാക്കി. ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സര്‍വകലാശയിൽ നിന്ന് 2003-ല്‍ ഉന്നതനിലയില്‍ ബിരുദാനന്തര ബിരുദം നേടി. ഓക്സഫഡിലും തിരിച്ച് ഇന്ത്യയിലെത്തി റിഷിവാലി സ്കൂളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചതിനുശേഷം സുഖവും സൗകര്യവും ആഡംബരവും നിറഞ്ഞ ജീവിതം ഉപേക്ഷിച്ച് അതിഷി സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായി.
മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം ഒരു കൊച്ചുഗ്രാമത്തില്‍ ജൈവകൃഷിയുമായി തുടക്കം. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ കണ്ണില്‍പ്പെട്ട അതിഷി ഡല്‍ഹിയില്‍ എത്തിയത് അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയായിട്ടായിരുന്നു. നിര്‍ഭയ സംഭവത്തില്‍ ഉള്‍പ്പെടെ അധികാര ശക്തികള്‍ക്കെതിരെ രൂക്ഷമായ പൗരത്വ പ്രക്ഷോഭത്തിലെ അംഗമായി. 2013 ൽ
ആം ആദ്മി പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമായി. രാജ്യതലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലായിരുന്നു അതിഷിയുടെ പ്രവര്‍ത്തനങ്ങള്‍. എഎപി വക്താവായും ഉപദേശകയായുമെല്ലാം പ്രവര്‍ത്തിച്ചു.
ഇന്ന് ചേർന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കേജ്രറിവാൾ രാജിവെയ്ക്കുമ്പോൾ അതീഷിയെ പകരക്കാരിയാക്കാൻ തീരുമാനമുണ്ടായത്.
അതീഷി ദില്ലി മുഖ്യമന്ത്രിയാകും
ന്യൂ ഡെൽഹി: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കേജരിവാൾ രാജിവെയ്ക്കുമ്പോൾ പകരക്കാരിയായി അതീഷി ചുമതലയേൽക്കും.നിലവിൽ റവന്യു, വിദ്യാഭ്യാസം വകുപ്പുകളുടെ മന്ത്രിയും കേജരിവാളിൻ്റെ വിശ്വസ്തയും ആണ്.
മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് ജയിൽ വിമോചിതനായ ശേഷം അപ്രതീക്ഷിതമായാണ് കേജരിവാൾ രാജി പ്രഖ്യാപനം നടത്തിയത്.
ഇന്ന് വൈകിട്ട് 4.30ന് കേജരിവാൾ ദില്ലി ലെഫ്.ഗവർണർ വി.കെ.സക്സേനയ്ക്ക് രാജിക്കത്ത് നൽകും.
സുഷമാ സ്വരാജിനും, ഷീലാ ദീക്ഷിദിനും ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്ന മൂന്നാമത്തെ വനിതയാണ് അതീഷി.
നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ന്യൂ ഡെൽഹി :നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ഏഴ് വർഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം അനുവദിക്കണം എന്നതായിരുന്നു പൾസർ സുനി യുടെ ആവശ്യം. സാക്ഷികളുടെ വിസ്താരം അനന്തമായി നീണ്ടു പോവുകയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ അടക്കം താൻ നേരിടുന്നതായും സുനി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ വിചാരണയുമായി ബന്ധപ്പെട്ട ബൈജു പൗലോസിന്റെ മൊഴി അടക്കമുള്ള വിവരങ്ങൾ കോടതി മുമ്പാകെ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിൽപൾസർ സുനിയുടെ ജാമ്യാപേക്ഷ എതിർത്ത് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്നത് അടക്കമാണ് കേരളം സുപ്രീം കോടതിയിൽ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഹ അധ്യക്ഷൻ ആയ ബഞ്ച് കേസ് പരിഗണിച്ചത്.
അജ്മലിനെയും ശ്രീകുട്ടിയെയും പിൻതുടർന്ന് എത്തിയവർ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം
പ്രതിയായ അജ്മലിനെയും ശ്രീകുട്ടിയെയും പിൻതുടർന്ന് എത്തിയവർ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്
വാഹനം തടഞ്ഞ് നിർത്തിയത് പിൻതുടർന്ന് എത്തിയവർ
ബൈക്കിൽ എത്തിയവർ അജ്മലിനെ മർദ്ദിച്ചു
അജ്മലും ഡോക്ടർ ശ്രീക്കുട്ടിയ്ക്കും തൻ്റെ വീട്ടിലേക്ക് ഓടി കയറിയെന്ന് പ്രദീപ്
അജ്മൽ വീടിൻ്റെ പിൻവശത്തൂടെ രക്ഷപ്പെടുകയായിരുന്നു
പിൻതുടർന്ന് എത്തിയവർ അക്രമിക്കുമെന്ന് ഭയം ഡോക്ടർ ശ്രീക്കുട്ടി പങ്കുവെച്ചെന്ന് പ്രദീപ്
ഡോ. ശ്രീക്കുട്ടി വിവാഹമോചിത, സ്ഥിരം മദ്യപാനി; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പോലീസ് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകടസ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
നരഹത്യക്കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരുക്കേറ്റ് റോഡിൽ കിടന്ന കുഞ്ഞുമോളുടെ ദേഹത്തൂടെ കാർ കയറ്റി രക്ഷപ്പെടാൻ അജ്മലിനെ പ്രേരിപ്പിച്ചത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കേസിൽ അകപ്പെട്ടതോടെ ഡോ. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കോയമ്പത്തൂരിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രീക്കുട്ടി അടുത്തിടെയാണ് കരുനാഗപ്പള്ളിയിൽ ജോലിക്കെത്തിയത്. ഇവിടെ വെച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. വിവാഹമോചിതയാണ് ശ്രീക്കുട്ടി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്തെ ശ്രീക്കുട്ടിയുടെ വാടക വീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസത്കാരം നടക്കാറുണ്ടായിരുന്നു.
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
കരുനാഗപ്പള്ളി’ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയില്‍. ആലപ്പാട്, പൂമുഖത്ത് വീട്ടില്‍ അമ്പു (42) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കാക്കതുരുത്ത് വെച്ച് പ്രതിയും ആലപ്പാട് സ്വദേശിയായ ഉണ്ണികുട്ടന്‍റെ സുഹൃത്തായ റിച്ചുവുമായുണ്ടായ വാക്ക്തര്‍ക്കത്തില്‍ ഉണ്ണികുട്ടന്‍ ഇടപെട്ടതിലുള്ള വിരോധം നിമിത്തം, അമ്പുവിന്‍റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഉണ്ണികുട്ടനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു വിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ജോയ്, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാര്‍, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









































