28.6 C
Kollam
Wednesday 14th January, 2026 | 02:22:45 PM
Home Blog Page 2251

വയോജന മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി

ശാസ്താംകോട്ട .നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും സംയുക്തമായിഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജന സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു അയണിക്കാട് ജംഗ്ഷനിൽ സംസ്കാര ഗ്രന്ഥശാലയിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് ആർ ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാകേഷ് ഗുരുകുലം അധ്യക്ഷനായി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ കുമാരി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ തുമ്പോടൻ
എന്നിവർ ആശംസകൾ അറിയിച്ചു.

മെഡിക്കൽ ഓഫീസർമാരായ ഡോ.ശരണ്യ ആർ രാജ് ഡോ. വാണികൃഷ്ണ ഡോ.സ്വാതിമോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ബിപി ഷുഗർ,ഹീമോഗ്ലോബിൻ എന്നിവയ്ക്ക് സൗജന്യ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി തുടർന്ന് യോഗ പരിശീലനവും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു

മാനവ മൈത്രി സമ്മേളനം നടത്തി

പോരുവഴി. തെങ്ങുവിള ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് മാനവ മൈത്രി സംഗമം, പ്രതിഭകളെ ആദരിക്കൽ, ചികിത്സാ ധനസഹായ വിതരണം എന്നിവ നടത്തി.

മാനവ മൈത്രി സമ്മേളനം ചീഫ് ഇമാം ഷെഫീഖ് ബാഖവി ചടയമംഗലം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷെഫീക്ക് ഇഷൽ അധ്യക്ഷത വഹിച്ചു. സാമി ആത്മദാസ് യമി ധർമ്മപക്ഷ മുഖ്യ പ്രഭാഷണം നടത്തി. ഫാ.സോളു കോശി രാജു പ്രതിഭകളെ ആദരിച്ചു. രക്ഷാധികാരി ഷിബു എം എസ്, ചെയർമാൻ സുരാജ്, സെക്രട്ടറി ബൈജു ചാമവിള, ഷിഹാബ് കടമ്പാട്ടുവിള, സജീവ് തെങ്ങുവിള, ഹനീഫ ഇഞ്ചവിള, റനീഷ് എസ്, ട്രഷറർ റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

സൗജന്യ മെഡിക്കൽ, രക്തദാന ക്യാമ്പ് അൽമദീന ട്രാവൽസ് എം.ഡി ബിനു പൂതക്കുഴി ഉദ്ഘാടനം ചെയ്തു.
ബിജു വലിയവിള അധ്യക്ഷത വഹിച്ചു. ഇമാം സുനീർ മന്നാനി, ഷെമീർ, സൽമാൻ, ഫൈസൽ, അൻവർ, ഷിബു അര്‍ത്തിലവിള തുടങ്ങിയ പ്രസംഗിച്ചു.

വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി

പതാരം. ശാന്തിനികേതനം ഹയര്‍സെക്കന്ററി സ്കൂള്‍ 96 എസ്.എസ്.എല്‍.സി ബാച്ചിന്റെ നേതൃത്വത്തില്‍ സമാഹരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് ( 38000/ രൂപ) കൊല്ലം ഡെപ്യൂട്ടി കളക്ടര്‍ നിര്‍മ്മല്‍ കുമാര്‍ .ജി ക്ക് കൈമാറി . സുജിത് ,ആശാ രമേശ് , ശോഭ , മഞ്ജുഷ എന്നിവര്‍ പങ്കെടുത്തു .

കുഞ്ഞുമോളുടെ കുടുംബത്തിന് ആശ്വാസം പകർന്ന് പ്രതിപക്ഷ നേതാവ്

മൈനാഗപ്പള്ളി. ആനൂർകാവിൽ വാഹനപകടത്തിൽ കൊല്ലപ്പെട്ട പഞ്ഞിപ്പുല്ലും വിളയിൻ
കുഞ്ഞുമോളുടെ(45)
കുടുംബത്തിന് ആശ്വാസം പകർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശനം നടത്തി.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭർതൃസഹോദരൻ്റെ ഭാര്യ ഫൗസിയ,കുഞ്ഞുമോളുടെ ഭർത്താവ് നൗഷാദ്,മക്കൾ ഉൾപ്പെടെയുള്ള കുടുംബാഗങ്ങളെ ആശ്വസിപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.നിയമ പോരാട്ടത്തിൽ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും എല്ലാവിധ സഹായങ്ങളും കുടുംബത്തിന് ഉണ്ടാകുമെന്നും ഉറപ്പ് നൽകി.

ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ,ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ്,ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി,കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ,മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വർഗ്ഗീസ് തരകൻ ,തുണ്ടിൽ നൗഷാദ്,പി.എം സെയ്ദ് എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് , കൊല്ലം സ്വദേശി പിടിയില്‍

കോട്ടയം. നഗരസഭയിലെ പെൻഷൻ തട്ടിപ്പ്, നടത്തിയ പ്രതിയെ സഹായിച്ച ആൾ പിടിയിൽ. കൊല്ലം സ്വദേശി ശ്യാംകുമാറാണ് അറസ്റ്റിലായത്. പ്രതിയായ അഖിൽ സി വർഗീസിനെ ഒളിവിൽ കഴിയാൻ ഇയാൾ സഹായിച്ചു എന്നാണ് കണ്ടത്തൽ.

നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് വിഷയത്തിൽ സെക്രട്ടറിയെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് തദ്ദേശ ഭരണ ജില്ല ജോയന്റ് ഡയറക്‌ടർ ശിപാർശ ചെയ്തു. പ്രിൻസിപ്പൽ ഡയറക്‌ടർക്ക് കൈമാറിയ റിപ്പോർട്ടിൽ ഉടൻ നടപടിയുണ്ടാകും. തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരൻ അഖിൽ സി. വർഗീസിനുപുറമെ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്‌സ്, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ, പെൻഷൻ വിഭാഗം കൈകാര്യം ചെയ്‌തിരുന്ന കെ.ജി. ബിന്ദു എന്നിവർ നിലവിൽ അന്വേഷണവിധേയമായി സസ്പെൻഷനിലാണ്. നിലവിലെ സെക്രട്ടറി 2023 ഏപ്രിലിലാണ് കോട്ടയം നഗരസഭയിലെത്തിയത്.

ജാഗ്രത ,മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിന്റെ പുതിയ വകഭേദം

തിരുവനന്തപുരം. മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിന്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്.രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 38 കാരനായ യുവാവിന് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ് പുതിയ വകഭേദം.

ഇതിന്റ വ്യാപനത്തെ തുടർന്ന് ഓഗസ്റ്റിൽ ലോകാരോഗ്യ സംഘടന, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണ്.ഇന്ത്യയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതും 31 കേസുകളും എംപോക്‌സ് 2 വകഭേദം ആയിരുന്നു.

പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സാഹചര്യങ്ങൾ അവലോകനം ചെയ്യും. മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യവും വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിരീക്ഷണവും ശക്തിപ്പെടുത്തി. വിദേശത്തുനിന്ന് എത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബഹുതല മന്ദിരം ഉദ്ഘാടനം ചൊവ്വാഴ്ച

കരുനാഗപ്പള്ളി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് നിലകളിലായി ലിഫ്സ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ ബഹുനില മന്ദിരമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ജെ ചിഞ്ചുറാണി വിശിഷ്ടാതിഥിയാവും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. കെ സി വേണുഗോപാൽ എംപി, എംഎൽഎമാരായ ഡോ സുജിത്ത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ പി കെ ഗോപൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 2024ലെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച 324 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും. വൈകിട്ട് 6 മുതൽ ചലച്ചിത്ര പിന്നണി ഗായകൻ അതുൽ നറുകര അവതരിപ്പിക്കുന്ന സംഗീതവിരുന്നും അരങ്ങേറും.

സാമൂഹ്യ പരിഷ്കർത്താവും സാംസ്കാരിക നായകനുമായിരുന്ന സി എസ് സുബ്രഹ്മണ്യംപോറ്റി 1916 ൽ സ്ഥാപിച്ച ലോവർ ഗ്രേഡ് സെക്കൻഡറി സ്കൂൾ ആണ് പിന്നീട് കരുനാഗപ്പള്ളി ഹൈസ്കൂൾ ആയി മാറിയത്. 1924 ൽ ഇതേ വിദ്യാലയ മുറ്റത്ത് സിഎസ് സുബ്രഹ്മണ്യൻപോറ്റിയും ഡോ വി വി വേലുക്കുട്ടി അരയനും നേതൃത്വം നൽകി സംഘടിപ്പിച്ച പന്തിഭോജനത്തിന്റെ ശതാബ്ദി വർഷത്തിലാണ് പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ടെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു.

കരുനാഗപ്പള്ളിയിലെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കണം: കെ സി വേണുഗോപാല്‍ എം പി

കരുനാഗപ്പള്ളി. നഗരത്തിലെ ഉയരപ്പാതയുടെ നീളം കൂട്ടുന്നതും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കെ.സി.വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

വളരെ വേഗം വളരുന്ന നഗരമാണ് കരുനാഗപള്ളി. ആ നഗരത്തെ വിഭജിക്കുന്ന തരത്തില്‍ കെട്ടിയടച്ചുകൊണ്ടുള്ള പാതനിര്‍മ്മാണം അനുവദിക്കാന്‍ കഴിയില്ലെന്ന് എംപി യോഗത്തില്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഫ്‌ളൈ ഓവറിന്റെ നീളം കൂട്ടുമ്പോള്‍ പരമാവധി പില്ലര്‍ എലിവേറ്റഡ് ഹൈവെ തന്നെ നിര്‍മ്മിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ദേശീയപാതയിലെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കാന്‍ കരാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് എംപി പറഞ്ഞു. റോഡിലെ കുഴികള്‍കാരണം ദൈനംദിനം അപകടങ്ങള്‍ പതിവാണ്.
മഴമാറി നില്‍ക്കുന്ന സാഹചര്യമായതിനാല്‍ നിലവിലെ കുഴികളടക്കുന്ന പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്നും എംപി നിര്‍ദ്ദേശിച്ചു.

പുത്തന്‍തെരുവ്,വവ്വാക്കാവ്,ഓച്ചിറ എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മ്മിക്കണം. ജനവാസ മേഖലകളില്‍ നിന്ന് ദേശീയപാതയിലേക്ക് വേണ്ടത്ര എന്‍ട്രി പോയിന്റുകളുടെയും അടിപ്പാതകളുടെയും അഭാവം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പുമായി കൂടിയാലോചന നടത്താതെ പാതനിര്‍മ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കിയതിന്റെ ഭവിഷ്യത്താണ് ഇപ്പോള്‍ നേരിടുന്നതെന്നും എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ജീവനാഡിയാണ് ദേശീയപാത. സമാന്തരഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകാതെ ദേശീയപാത വികസന പ്രവര്‍ത്തനം ആരംഭിച്ചത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും കെ.സി.വേണുഗോപാല്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു.വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ അപര്യാപ്തത പാതനിര്‍മ്മാണത്തില്‍ പ്രകടമാണ്. ആ ഉത്തരവാദിത്തം കളക്ടര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനകളില്‍ ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്ന് സി.ആര്‍.മഹേഷ് നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കളാണുള്ളത്. ഇത് ജനപ്രതിനിധികള്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ചെങ്കിലും ജനപ്രതികളുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ കൂടിക്കാഴ്ച നടത്തിയിട്ടുമില്ല. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം കെ.സി.വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീരുമാനം എടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ദേശീയപാത അതോറിറ്റിയിലെ മുതിര്‍ന്ന അംഗത്തെ പ്രശ്‌നം പഠിക്കാന്‍ അയക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ജൂനിയറായ ഉദ്യോഗസ്ഥനെയാണ് അയച്ചത്.

വൈദ്യുതി പോസ്റ്റ്, വാട്ടര്‍ലൈന്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യസര്‍വീസുകളുടെ കണക്ഷന്‍മാറ്റുന്നതിനുള്ള കാലതാമസം കൊണ്ടാണ് സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം വൈകാന്‍ കാരണം. കരുനാഗപള്ളി,ഓച്ചിറ മേഖലയില്‍ സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം എങ്ങുമെത്തിയില്ല. ഓക്ടോബര്‍ 30ന് മുമ്പായി ഇത്തരം അവശ്യസര്‍വീസുകളുടെ കണക്ഷനുകള്‍ എത്രയും വേഗം മാറ്റുന്നതിന് വിവിധവകുപ്പുകളുമായി ഏകോപിപ്പിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. സര്‍വീസ് റോഡുകളുടെ നിര്‍മ്മാണം പരമാവധി വേഗത്തിലാക്കുമെന്ന് നാഷണല്‍ ഹൈവെ റീജണല്‍ ഓഫീസറും പ്രോജക്ടര്‍ ഓഫീസറും കെ.സി.വേണുഗോപാല്‍ എംപിക്ക് ഉറപ്പുനല്‍കി. വൈദ്യുത ലൈന്‍മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട അണ്ടര്‍ ഗ്രൗണ്ട് കേബിളിംഗിന് ആവശ്യമായ കേബിളുകളുടെ ലഭ്യത കുറവ് പരിഹരിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.

ജനവാസ മേഖലകളില്‍ കാല്‍നട മേല്‍പ്പാലം മുന്‍ഗണനാ ക്രമത്തില്‍ പണിയണമെന്ന് എംപി നിര്‍ദ്ദേശിച്ചു. ഭിന്നശേഷിക്കാര്‍ക്കും ശാരീരിക പരിമിതിയുള്ളവര്‍ക്കും പ്രയോജനകരമായ വിധം ദേശീപാതയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ എക്‌സലേറ്ററുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയോട് ആവശ്യപ്പെടുമെന്ന് എംപി യോഗത്തെ അറിയിച്ചു. തീരപ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെടാതെവേണം ജലവിതരണ പൈപ്പുകള്‍ പുനഃവിന്യസിപ്പിക്കേണ്ടതെന്നും എംപി ആവശ്യപ്പെട്ടു.

മലിനജല നിര്‍മ്മാര്‍ജനത്തിനായി ഓടകള്‍ പണിയണം. ദേശീയപാത ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി വെള്ളക്കെട്ട് മൂലം ജനജീവതം ദുസഹമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിഹാരം കാണണം. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നിടത്ത് വ്യാപകമായി വെള്ളക്കെട്ടാണ്. ഇത് പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കുടിവെള്ള പൈപ്പ് പൊട്ടുന്നതും നിത്യസംഭവമാണ്. അതിന് പരിഹാരം കാണുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

ചങ്ങന്‍കുളങ്ങര ജംഗ്ഷനില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന അടിപ്പാതയുടെ വീതിയും ഉയരവും കൂട്ടണം. ഇടുങ്ങിയ അടിപ്പാത പ്രായോഗികമല്ലെന്നും സി.ആര്‍.മഹേഷ് അഭിപ്രായപ്പെട്ടു.ആലപ്പുഴ പറവൂര്‍ മുതല്‍ കായംകുളംവരെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ഡക്ടുകള്‍ സ്ഥാപിക്കുന്നതില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കണം. ഓരോ 500 മീറ്ററിലും അവശ്യസര്‍വീസുകളുടെ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് ഡക്ടുകള്‍ നിര്‍മ്മിക്കാമെന്ന് ദേശീപതാ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് സി.ആര്‍ മഹേഷ് എംഎല്‍എ ആരോപിച്ചു.

കെസി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപള്ളി പിഡബ്ലുഡി ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടര്‍ ദേവിദാസ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സി.ആര്‍.മഹേഷ് എംഎല്‍എ, കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുനിമോള്‍
കൊല്ലം ഡിവിഷന്റെ ചുമതലയുള്ള എന്‍എച്ച്എ പ്രോജക്ട് ഡയറക്ടര്‍ വിപിന്‍ മധു,കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, അമൃത് പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ദേശീയപാത അതോറിറ്റി റീജണല്‍ ഓഫീസര്‍ മീണ ഓണ്‍ലൈനായി പങ്കെടുത്തു

കവിയും പൊതുപ്രവര്‍ത്തകനുമായ കെ വി രാമകൃഷ്ണപിള്ള നിര്യാതനായി

പതാരം:സാമൂഹിക-സാംസ്കാരിക- പൊതു മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന ശൂരനാട് തെക്ക് മുൻ ഗ്രാമപഞ്ചായത്ത് അംഗം തൃക്കുന്നപ്പുഴ വടക്ക് കാവുള്ളതിൽ വടക്കതിൽ കെ.വി രാമകൃഷ്ണപിള്ള (91) നിര്യാതനായി.സാക്ഷരത പ്രവർത്തകൻ,കവി,കോൺഗ്രസ്(എസ്) സംസ്ഥാന കമ്മിറ്റി അംഗം,കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:രാധമ്മയമ്മ.മക്കൾ:ശ്രീജ( സൂപ്രണ്ട്,കെഎസ്എംഡിബി കോളേജ്,ശാസ്താംകോട്ട),ശ്രീകുമാർ (അഡ്വ.ക്ലാർക്ക്,ശാസ്താംകോട്ട),
ശ്രീകാന്ത്(റിട്ട.ബിഎസ്എഫ്),ശ്രീകല.
മരുമക്കൾ:ബി.സി പിള്ള (ഓട്ടോ ടാക്സി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം),രമ്യ ചന്ദ്രൻ(വനിത വ്യവസായ സഹകരണ സംഘം,ശൂരനാട്),രാജി,വിനോദ് കുമാർ.

വാഴപ്പഴം വേഗത്തില്‍ കറുത്ത് പോകുന്നുണ്ടോ? പരിഹാരമുണ്ട്….

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും വാഴപ്പഴം പ്രിയപ്പെട്ടതാണ് വാഴപ്പഴം വെറുതെ കഴിക്കാനും അവ കൊണ്ട് മറ്റെന്തെങ്കിലും വിഭവങ്ങള്‍ ഉണ്ടാക്കാനും ബെസ്റ്റാണ്. മാത്രമല്ല വാഴപ്പഴം വര്‍ഷം മുഴുവനും ലഭ്യമാണ്. എങ്കിലും പഴം സംഭരിക്കുമ്പോള്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അവ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കറുക്കാന്‍ തുടങ്ങും എന്നതാണ്.
ശരിയായ രീതിയില്‍ സംഭരിക്കുന്നില്ലെങ്കില്‍ അവ വേഗത്തില്‍ കേടാകും എന്നത് ഉറപ്പാണ്. എന്നാല്‍ വാഴപ്പഴം എങ്ങനെ ശരിയായി സംഭരിക്കണമെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍ അവ ഒരാഴ്ച വരെ ഫ്രഷ് ആയി സൂക്ഷിക്കാം എന്ന് അറിയാമോ? വാഴപ്പഴം കേടുകൂടാതെ എങ്ങനെ സംഭരിക്കണം….
വാഴപ്പഴം കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ തണ്ടുകള്‍ അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുക. വാഴപ്പഴം വേര്‍തിരിച്ച് ഓരോന്നിന്റെയും മുകള്‍ഭാഗം പൊതിയണം. എന്നാല്‍ വാഴപ്പഴം മുഴുവന്‍ മൂടേണ്ട ആവശ്യമില്ല. ഇങ്ങനെ ചെയ്യുന്നത് പഴം വേഗത്തില്‍ കറുക്കുന്നതിനെ തടയുന്നു. കൗണ്ടര്‍ടോപ്പില്‍ വാഴപ്പഴം കൂടുതല്‍ നേരം സൂക്ഷിക്കരുത് എന്നതാണ് അടുത്ത മാര്‍ഗം. പകരം അവ തൂക്കിയിടുക.
വാഴപ്പഴത്തിന്റെ മുകളില്‍ കെട്ടി നിങ്ങളുടെ അടുക്കളയില്‍ എവിടെയെങ്കിലും ഒരു കയറോ ചരടോ ഉപയോഗിച്ച് തൂക്കിയിടുന്നതാണ് ഇവ കേടാകാതെ സൂക്ഷിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. വാഴപ്പഴം മറ്റ് പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും അകറ്റി നിര്‍ത്തുക. ആപ്പിള്‍, തക്കാളി തുടങ്ങിയ പഴങ്ങള്‍ എഥിലീന്‍ വാതകം പുറത്തുവിടുന്നു. ഇത് പാകമാകുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. അതിനാല്‍ പഴം പ്രത്യേകം സൂക്ഷിക്കുന്നത് അവ കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കും.
ഫ്രിഡ്ജില്‍ വാഴപ്പഴം സൂക്ഷിക്കുന്നതും നല്ലതല്ല. തണുത്ത അന്തരീക്ഷത്തില്‍ വാഴപ്പഴം വേഗത്തില്‍ കേടാകും. ഊഷ്മാവില്‍ ഉണങ്ങിയ സ്ഥലത്ത് അവ വെക്കുന്നതാണ് നല്ലത്. വാഴപ്പഴം വാങ്ങുമ്പോള്‍ അധികം പഴുക്കാത്തതോ പാടുകളില്ലാത്തതോ ആയവ തിരഞ്ഞെടുക്കുക. ഇനി നന്നായി പഴുത്തതാണെങ്കില്‍ ആവശ്യത്തിന് മാത്രം വാങ്ങുക എന്നതാണ് ബുദ്ധി.