23.9 C
Kollam
Wednesday 14th January, 2026 | 06:26:30 AM
Home Blog Page 2247

വാർത്താനോട്ടം

2024
സെപ്തംബർ 24 ചൊവ്വ

BREAKING NEWS

?ലബനനില്‍ ഇസ്രായേല്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

? ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി പറഞ്ഞു.

? തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.

? ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാന്‍ഡറായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍.

?കേരളീയം?

?കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല, പശുവിന്റേതെന്ന് മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടര്‍ വ്യക്തമാക്കി.

? അര്‍ജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തെരച്ചില്‍ നിര്‍ത്തില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍. ഇന്ന് റെഡ് അലര്‍ട്ട് ആയതിനാല്‍ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചില്‍ തുടരുകയെന്നും എംഎല്‍എ അറിയിച്ചു

?സര്‍ക്കാരിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ പി.വി.അന്‍വര്‍ എം.എല്‍.എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരെ മാധ്യമങ്ങള്‍ വല്ലാതെ പൊക്കികാണിക്കുന്ന അവസ്ഥ ഈയടുത്തകാലത്ത് ഉണ്ടായല്ലോ എന്നും അതെല്ലാം എത്രനാള്‍ നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

?മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം.

?അമിതജോലി സമ്മര്‍ദം മൂലം യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ്.

?മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ ലോറന്‍സ് രംഗത്തെത്തിയതോടെയാണ് പൊതുദര്‍ശനത്തിനിടെ കയ്യാങ്കളി അരങ്ങേറിയത്.

? 2025 വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബര്‍ 30 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 6-ലാണ് ഇക്കാര്യം അറിയിച്ചത്.

?എസ്എന്‍ഡിപി കുന്നത്തുനാട് യൂണിയന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെ. കെ.കര്‍ണനെ നീക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് നടപടി സ്റ്റേ ചെയ്തത്.

? കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

? മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി നേരത്തെ തള്ളിയിരുന്നു.

?സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണാകും. ഹോണററി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

? ആലുവ സ്വദേശിയായ നടിയുടെ പീഡനാരോപണത്തില്‍ നടന്‍ ജയസൂര്യയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നതെന്ന് കണക്കിലെടുത്താണ് കേസ് തീര്‍പ്പാക്കിയത്.

? കോട്ടയം കുമരകം കൈപ്പുഴമുട്ടില്‍ നിയന്ത്രണം വിട്ട കാര്‍ ആറ്റിലേക്ക് വീണുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്.

?? ദേശീയം ??

? മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്ന വിവാദ പ്രസ്താവനയുമായി
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഞായറാഴ്ച കന്യാകുമാരിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

?കര്‍ണാടകയിലെ യാദ്ഗിറില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം നാലുപേര്‍ മരിച്ചു. വയലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ആളുകളാണ് മരിച്ചത്. മൂന്നു പേര്‍ മിന്നലേറ്റ് ചികിത്സയിലാണ്.

? ഇന്ത്യന്‍ നാവികസേനയുടെ അഭിമാന ദൗത്യമായ നാവിക സാഗര്‍ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും.ഗോവയിലെ ഐ.എന്‍.എസ്. മണ്‍ഡോവിയില്‍നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് നാവിക സേന ഉപമേധാവി വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ അറിയിച്ചു.

?കൊക്കെയ്ന്‍ നിറച്ച ക്യാപ്‌സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ച ബ്രസീലിയന്‍ യുവതി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് 124 കൊക്കെയ്ന്‍ നിറച്ച ക്യാപ്‌സ്യൂളുകള്‍ യുവതി വിഴുങ്ങിയിരുന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു.

? ഭൂമി തര്‍ക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ അമ്പുകൊണ്ടുള്ള ആക്രമണം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വനിതാ എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ബീഹാറിലെ അരാരിയയില്‍ ജോക്കിഹാട്ട് എന്ന ഗ്രാമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത്.

? രണ്ട് നഴ്‌സറി സ്‌കൂള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുംബൈക്കടുത്തുള്ള ബദ്‌ലാപൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിന്‍ഡെ (23) പൊലീസ് വാഹനത്തിനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും പൊലീസ് അറിയിച്ചു.

?തിരുവനന്തപുര
ത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം.

?? അന്തർദേശീയം ??

?ലോകത്ത് ഏഷ്യന്‍ – ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്നും ആഗോള സമാധാനവും വികസനവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ പരിഷ്‌കരിക്കണമെന്നും യുഎന്‍ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

?കുട്ടികളില്‍ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസില്‍ പടര്‍ന്നുപിടിക്കുന്നു. മലിനജന സാമ്പിളില്‍ നടത്തിയ പരിശോധനയില്‍ ശ്വാസകോശ അസുഖങ്ങള്‍ക്ക് കാരണമാക്കുന്ന എന്ററോവൈറസ് വകഭേദമായ ഡി68 (d68) വലിയതോതില്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

?അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ (90) അന്തരിച്ചു. ഉത്തരാധുനികത, മുതലാളിത്തം എന്നിവയെക്കുറിച്ചും സമകാലിക സാംസ്‌കാരികപ്രവണതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രശസ്തമാണ്.

കായികം

? ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആവേശകരമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി മോഹന്‍ ബഗാന്‍. രണ്ടു തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഒടുവില്‍ കളിതീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കേ വിജയഗോളും ഒപ്പം ജയവും സ്വന്തമാക്കുകയായിരുന്നു മോഹന്‍ബഗാന്‍

പൂരംകലക്കല്‍, വിശദ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം. പൂരം കലക്കല്‍ സംസ്ഥാന പൊലീസ് മേധാവി വിശദ അന്വേഷണത്തിന് ശിപാർശ നൽകി. സർക്കാരിനാണ് നിർദേശം നൽകിയത്. പൂരം അന്വേഷണ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ടിനൊപ്പം ശുപാർശയും നൽകിയിരിക്കയാണ്. തുടർനടപടികൾ ഉണ്ടാവണമെന്നും ആവശ്യം. ശിപാർശയിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി
തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് റിപ്പോർട്ട്‌. തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പൂരം മുടക്കാന്‍ ശ്രമിച്ചെന്ന് പൂരം റിപ്പോർട്ട്‌. ‘പൊലീസ് നിര്‍ദേശങ്ങള്‍ മനഃപൂർവം അവഗണിച്ചു’. ‘പൂരം നിര്‍ത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ആസൂത്രിതം’. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

മധ്യ പ്രദേശ്, ഗുജറാത്ത് ട്രെയിൻ അട്ടി മറി ശ്രമം : പ്രതികൾ അറസ്റ്റിൽ

ഭോപാല്‍. മധ്യ പ്രദേശ്, ഗുജറാത്ത് ട്രെയിൻ അട്ടി മറി ശ്രമം : പ്രതികൾ അറസ്റ്റിൽ.രണ്ടു കേസുകളിലും അറസ്റ്റിലായത് റെയിൽവേ ജീവനക്കാർ.

മധ്യപ്രദേശിൽ സൈനിക ട്രെയിനിന് നേരെ യുണ്ടായ സ്ഫോടനത്തിൽ ട്രാക്ക് പട്രോളിംഗ് സ്റ്റാഫ് അറസ്റ്റിൽ.ഡിറ്റണേറ്ററുകൾ മോഷ്ടിച്ച സാബിർ എന്ന ജീവനക്കാരൻ ആണ് അറസ്റ്റിലായത്.ഗുജറാത്തിലെ സൂറത്തിൽ,ട്രെയിൻ പാളം തെറ്റിക്കാൻ ഗൂഢാലോചന നടത്തിയ മൂന്ന് റെയിൽവേ ജീവനക്കാർ അറസ്റ്റിൽ.സുബാഷ്, മനീഷ്, ശുഭം എന്നിവരാണ് അറസ്റ്റിലായത്.ഫിഷ് പ്ലേറ്റുകൾ ഇളക്കി കളഞ്ഞ സംഭവത്തിൽ ആണ് അറസ്റ്റ്. പ്രശസ്തി നേടുന്നതിനും,രാത്രി പട്രോളിംഗ് തുടരുന്നതിനും വേണ്ടിയാണ് ഫിഷ് പ്ലേറ്റുകൾ ഇളക്കിയതെന്ന് കുറ്റസമ്മതം.

മുൻകൂർ ജാമ്യമാവശ്യപ്പെട്ട് നടൻ സിദ്ധീഖ് നൽകിയ ഹർജിയിൽഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി.ലൈംഗിക പീഡന കേസിൽ  മുൻകൂർ ജാമ്യമാവശ്യപ്പെട്ട് നടൻ സിദ്ധീഖ് നൽകിയ ഹർജിയിൽ
ഹൈക്കോടതി ഇന്ന് വിധി പറയും.
തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ധീഖിന്റെ ആവശ്യം.വർഷങ്ങൾക്ക് മുൻപ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാൽസംഗ പരാതി ഉണ്ടായിരുന്നില്ല ,അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിയ്ക്ക് പിന്നിൽ ,  അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ധീഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു . അഡ്വ.ബി രാമൻപിള്ള മുഖേനയാണ് സിദ്ധീഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും

. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയ സ്‌പോട്ട് ഫോർ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ. റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ ദൗത്യം ഏകോപിപ്പിക്കും. വരും ദിവസങ്ങളിൽ മറ്റ് മൂന്ന് സ്പോട്ടുകളിൽ കൂടി തിരച്ചിൽ നടത്തും. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്തെ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അവിടുത്തെ മണ്ണ് നീക്കം ചെയ്തുള്ള തിരച്ചിൽ അവസാനിപ്പിച്ചു. അതേസമയം ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; 492 പേർ കൊല്ലപ്പെട്ടു, 5000 പേർക്ക് പരുക്ക്

ലെബനൻ: ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയതായി ലെബനനും സ്ഥിരീകരിച്ചു. ഏകദേശം 5000 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1100ഓളം ഹിസ്ബുല്ല കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഹിസ്ബുല്ലയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂത്തിലെ ആക്രമണമെന്നാണ് വിവരം

തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തുള്ള ബെക്കയിലെയും ഏകദേശം 800 ഹിസ്ബുല്ല ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇസ്രായേലിലെ അഞ്ചിടത്ത് ലെബനനും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, കോണ്‍ഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ ഇന്ന്

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ ഇന്ന്. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക,എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര് മട്ടന്നൂരില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി നിര്‍വഹിക്കും.എറണാകുളത്ത് പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും

കേരളത്തില്‍ ഏഴ് ദിവസം മഴ

മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യത.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.കേരള – കർണാടക- തീരങ്ങളിൽ തുടരുന്ന മത്സ്യ ബന്ധന വിലക്ക് നിലനിൽക്കുന്നു.കേരള – കർണാടക- തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നുo സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി

കോഴിക്കോട്.പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്സ് വൺ വിദ്യാർഥി മുഹമ്മദ്‌ സിനാന് മർദനമേറ്റെന്നാണ് പരാതി. മുപ്പത്തോളം വരുന്ന പ്ലസ്സ് ടു വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് ആരോപണം. പ്ലസ്സ് വൺ വിദ്യാർഥികൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത് ചോദ്യം ചെയ്താണ് മർദനം. സിനാൻ ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടി

കാര്‍ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചത് കൊട്ടാരക്കര സ്വദേശിയും സുഹൃത്തായ യുവതിയും

കോട്ടയം: കൈപ്പുഴമുട്ടില്‍ കാര്‍ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചത് മഹാരാഷ്ട്രയില്‍ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിയും വനിതാ സുഹൃത്തും. രാത്രി വെള്ളത്തില്‍ വീണ് മുങ്ങിപ്പോയ കാര്‍ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കൊട്ടാരക്കര സ്വദേശിയും മഹാരാഷ്ട്ര താനേയില്‍ സ്ഥിര താമസക്കാരനുമായ ജെയിംസ് ജോര്‍ജ് (48) , സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സര്‍ജിയു(27)മാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എറണാകുളത്തെ കണക്ടിങ് ക്യാബില്‍ നിന്നാണ് ഇവര്‍ കാര്‍ വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന്, കുമരകത്ത് ഹൗസ് ബോട്ടില്‍ സര്‍വീസ് നടത്തുന്നതിനാണ് ഇവര്‍ എത്തിയിരുന്നത്.

ഇവിടെ എത്തിയ ശേഷം ഹൗസ് ബോട്ടില്‍ പോകുന്നതിനായി കാര്‍ ആറ്റിറമ്ബിലേയ്ക്ക് ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കാറിനുള്ളില്‍ ഒരു കുട്ടി കൂടി ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, കാറിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ത്താണ് രണ്ടു പേരെയും പുറത്ത് എടുത്തത്. അതുകൊണ്ടു തന്നെ കാറിനുള്ളില്‍ മറ്റാരും ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്.

ദിശയറിയാതെ കാര്‍ ഓടിച്ച് വെള്ളത്തില്‍ വീണാണ് അപകടം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. മഹാരാഷ്ട്രയിലെ താനയില്‍ നിന്നും അവധി ആഘോഷിക്കാനും കുമരകം കാണാനുമാണ് ഇരുവരും എത്തിയത്. രണ്ടു പേരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

കോട്ടയം ഭാഗത്തുനിന്നും വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴിയാണ് ആറ്റില്‍ വീണതെന്ന് നാട്ടുകാര്‍ പറയുന്നു.
കാറിന്റെ ഉള്ളില്‍ നിന്നും നിലവിളി ശബ്ദം കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന കാഴ്ചയാണ് കണ്ടെത്. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്.