Home Blog Page 1879

ബാറിൽ ടച്ചിംഗ്സിനെ ചൊല്ലി തർക്കം, പത്തനംതിട്ടയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി

പത്തനംതിട്ട.ബാറിൽ ടച്ചിംഗ്സിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് പത്തനംതിട്ടയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി . പത്തനംതിട്ട അമല ബാറിൽ ടച്ചിങ് ആയി നൽകിയ ചിക്കൻ ഫ്രൈ അടുത്ത ടേബിളിലെ ആളുകൾ എടുത്തു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം -രണ്ട് യുവാക്കളെ ഹെൽമറ്റ് കൊണ്ട് ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

ഇന്നലെ രാത്രിയായിരുന്നു സംഭവം .പത്തനംതിട്ട അമല ബാറിൽ ഇരുന്ന് രണ്ടു സംഘങ്ങൾ മദ്യപിക്കുകയായിരുന്നു . തൊട്ടടുത്ത ടേബിളിൽ നിന്ന് ടച്ചിങ്സ് ആയി നൽകിയ ചിക്കൻ ഫ്രൈ എടുത്തുവെന്ന് ആരോപിച്ച തർക്കം തുടങ്ങി . സംഘർഷത്തിലേക്ക് വഴി മാറിയതോടെ ബാർ ജീവനക്കാർ ഇരുകൂട്ടരെയും പുറത്താക്കി -തുടർന്ന് വാറിനു മുന്നിൽ രണ്ടു യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു

ഹെൽമറ്റ് കൊണ്ട് തലക്കടിയേറ്റ പത്തനംതിട്ട സ്വദേശികളായ രണ്ടുപേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി – പോലീസ് എത്തി ആക്രമണം നടത്തിയ രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് – മദ്യലഹരിയിൽ ആയതിനാൽ പരിക്കേറ്റ യുവാക്കളുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലീസിനെ പറ്റിയിട്ടില്ല –

സഞ്ജു ടെക്കിയുടെ യൂട്യൂബ് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

ആലപ്പുഴ.ഓടുന്ന കാറിൽ സിമ്മിംഗ് പൂൾ ഒരു യാത്ര ചെയ്തതടക്കം തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയിരുന്ന യൂട്യൂബ് സഞ്ജു ടെക്കി എന്ന സജു ടി എസിന്റെ
യൂട്യൂബ് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. യൂട്യൂബിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ച
മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ 9തോളം വീഡിയോകളാണ് നീക്കം ചെയ്തത്.
ആലപ്പുഴ എൻഫോഴ്സ്മെന്റ് R രമണൻ ഇയാൾ നടത്തിയ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ വിശദാംശങ്ങളും ഇത് വീഡിയോയാ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന്റെ വിവരങ്ങളും കാണിച്ചു യൂട്യുബിന് കത്ത് നൽകിയിരുന്നു. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയുള്ള കുളി, 160 കിലോമീറ്റർ അധികം വേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യം പകർത്തിയത്, മൊബൈൽ ഫോൺ വീഡിയോ എടുത്തുകൊണ്ടുള്ള വാഹനം ഓടിക്കൽ തുടങ്ങിയ വീഡിയോകൾ ആണ് നീക്കം ചെയ്തത്. ഈ വീഡിയോകളിൽ നിന്നായി ഇയാൾ ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചത്. ഇയാൾ നടത്തിയ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ റിപ്പോർട്ടും കത്തിനൊപ്പം അയച്ചിരുന്നു. ഓടുന്ന കാറിൽ സിമ്മിംഗ് പൂൾ ഒരുക്കിയുള്ള യാത്രയിൽ എം
വിഡി നിയമനടപടി എടുത്തതിന് പിന്നാലെ എംവിഡിയേയും മാധ്യമങ്ങളെയും പരിഹസിച്ച് സജു ടി എസ് രംഗത്ത് എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി അടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. സജുവിനെതിരെ നടപടി കടുപ്പിച്ച ആലപ്പുഴ എൻഫോസ്മെന്റ് ആർടിഒ ആറ് രമണൻ കഴിഞ്ഞദിവസമാണ് ഇയാളുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ മോട്ടോർ വാഹന വകുപ്പ് നൽകിയ ശിക്ഷ പ്രകാരം സേവനം ചെയ്യുകയാണ് മറ്റു രണ്ടു സുഹൃത്തുക്കളും.

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ,കോവിഡിനു പിന്നാലെ നടുക്കമുയര്‍ത്തി മറ്റൊരു വില്ലന്‍

മനുഷ്യരാശിയുടെ നിലനില്‍പ്പിന് ചോദ്യ ചിഹ്നമുയര്‍ത്തിയ കോവിഡിനു പിന്നാലെ നടുക്കമുയര്‍ത്തി മറ്റൊരു വില്ലന്‍ രംഗത്ത്. കോവിഡ് മഹാമാരി പടര്‍ത്തിയത് കൊറോണ വൈറസായിരുന്നെങ്കില്‍ ഇക്കുറി ഭീതി പരത്തി പടര്‍ന്നു പിടിക്കുന്നത് മാരകമായ ബാക്ടീരിയയാണ്.

സ്‌ട്രെപ്‌റ്റോകോക്കസ് പയോജെന്‍സ് എന്ന ബാക്ടീരിയയാണ് വില്ലന്‍. മാസം ഭക്ഷിക്കുന്ന ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം ഉറപ്പാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം (എസ്ടിഎസ്എസ്) എന്നാണ് ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗത്തിന്റെ പേര്. ജപ്പാനില്‍ ഈ രോഗം പടര്‍ന്നുപിടിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജപ്പാനില്‍ ഈ വര്‍ഷം ജൂണ്‍ രണ്ടോടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയര്‍ന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ആകെ 941പേരെയാണ് ജപ്പാനില്‍ ഈ രോഗം ബാധിച്ചത്. നിലവിലെ രോഗബാധ നിരക്ക് തുടര്‍ന്നാല്‍ ഈ വര്‍ഷം 25000 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍.

ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് (ജിഎഎസ്) സാധാരണയായി കുട്ടികളില്‍ തൊണ്ടവേദനയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് സന്ധിവേദന, സന്ധി വീക്കം, പനി, കുറഞ്ഞ രക്തസമ്മര്‍ദം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു. അന്‍പതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വാസ പ്രശ്‌നങ്ങള്‍ക്കും കോശനാശത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് മരണത്തിന് വരെ ഇടയാക്കുന്നു. 30 ശതമാനമാണ് രോഗബാധയേറ്റാല്‍ മരണനിരക്ക്.

രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുമെന്ന് ടോക്കിയോ വിമന്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ദനായ കെന്‍ കികുച്ചി പറഞ്ഞു. രാവിലെ കാലില്‍ വീക്കം കണ്ടാല്‍ ഉച്ചയോടെ കാല്‍മുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളില്‍ മരിക്കുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

കൊച്ചി ഡിഎൽഎഫ് ഫ്‌ളാറ്റിലെ 350 പേർക്ക് ഛർദിയും വയറിളക്കവും; രോഗം പടർന്ന് കുടിവെള്ളത്തിൽ നിന്ന്

കൊച്ചി :കാക്കനാട്ടെ ഡിഎൽഎഫ് ഫ്‌ളാറ്റിലെ 350 പേർ ഛർദിയും വയറിളക്കവുമായി ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് വിവരം. ആരോഗ്യ വകുപ്പ് ഫ്‌ളാറ്റിലെത്തി ജലസാമ്പിളുകൾ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്‌ളാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്

ഫ്‌ളാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുൻസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്‌ളാറ്റിലെ ജലസ്രോതസ്സുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്താനുള്ളത്

നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ചതിനാൽ ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്‌ളാറ്റിൽ ജലവിതരണം നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.

കൊട്ടാരക്കരയില്‍ ബിജെപി നേതാവിന്റെ കാർ ആക്രമിച്ചു

കൊട്ടാരക്കര. ബിജെപി നേതാവിന്റെ കാർ ആക്രമിച്ചു. ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി ശാലു കുളക്കടയുടെ കാറിന് നേരെയാണ് ആക്രമണം നടന്നത്. കാറിന്റെ പിൻഭാഗത്തെ ചില്ല് എറിഞ്ഞുടച്ചു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു വീട്ടിൽ നിർത്തിയിട്ട കാറിന് നേരെ ആക്രമണം ഉണ്ടായത്. രാഷ്ട്രീയ എതിരാളികളാണ് ആക്രമണത്തിന് പിന്നിൽ എന്ന് ശാലു പറയുന്നു.

മുലപ്പാൽ തൊണ്ടയിൽ തിങ്ങി നവജാതശിശു മരിച്ചു

തൃശ്ശൂർ . മുലപ്പാൽ തൊണ്ടയിൽ തിങ്ങി നവജാതശിശു മരിച്ചു. വടക്കാഞ്ചേരി പരുത്തിപ്ര സ്വദേശി അൻസാർ – ഷിഫാന ദമ്പതികളുടെ 78 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

വാർത്താനോട്ടം

2024 ജൂൺ 18 ചൊവ്വ

BREAKING NEWS

?കായംകുളത്ത് സഹോദരൻ്റെ കുത്തേറ്റ യുവാവ് മരിച്ചു

? തിരഞ്ഞെടുപ്പ് തോൽ ചർച്ച ചെയ്യാൻ 3 ദിവസത്തെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തുടങ്ങും

? മൂന്നാർ കൈയ്യേറ്റം സംബന്ധിച്ച ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

? മാത്യു കുഴൽനാടൻ്റെ റിവ്യൂ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

? നീറ്റ് വിവാദം ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി. ജന്തർമന്ദറിൽ ഇന്ന് ധർണ്ണ

? കളമശ്ശേരി മുനിസിപ്പൽ ഓഫീസിൽ 6 ജീവനക്കാർക്ക് കുടിഡങ്കിപ്പനി സ്ഥിരീകരിച്ചു.

? എം പി യായി തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണൻ ഇന്ന് മന്ത്രി സ്ഥാനവും എം എൽ എ സ്ഥാനവും ഒഴിയും

? പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ, കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കും.

?കേരളീയം?

?വയനാട് ലോകസഭാ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ
സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ നാണമില്ലായ്മയെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം.

? വയനാട്ടില്‍ സിപിഐയും ഇടതുമുന്നണിയും മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐ നേതാവും വയനാടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടി ആയിരുന്ന ആനി രാജ.

? മണല്‍ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വളപട്ടണം സ്റ്റേഷനിലെ രണ്ട് എഎസ്ഐമാരെയും ഒരു സിവില്‍ പൊലീസ് ഓഫീസറെയും സ്ഥലം മാറ്റി.

? തിരുവനന്തപുരത്ത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

? മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം.പിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു. എം.പിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക.

?? ദേശീയം ??

?കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി ലോകസഭാ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ട് ലോകസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന രാഹുല്‍ഗാന്ധി ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിക്കും.

? വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നല്ല ജനപ്രതിനിധിയായിരിക്കാന്‍ പരിശ്രമിക്കുമെന്നും പ്രിയങ്കാ ഗാന്ധി. രാഹുലിന്റെ അസാന്നിധ്യം ജനങ്ങള്‍ക്ക് തോന്നാതിരിക്കാന്‍ ശ്രമിക്കുമെന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി

? മണിപ്പൂരിലെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചതിനു പിന്നാലെ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ചര്‍ച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

? മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ പോക്സോ കേസില്‍ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയില്‍
അമ്മയോടൊപ്പം പരാതി നല്‍കാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്.

? ജമ്മു കശ്മീരിലെ റിയാസിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎ ക്ക് കൈമാറി. ഈ മാസം ഒന്‍പതിന് നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് തീര്‍ത്ഥാടകര്‍ക്കാണ് ജീവന്‍ നഷ്ടമായത് റിയാസിയിലെ ശിവ കോരി ക്ഷേത്രത്തില്‍ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് ആക്രമിക്കപ്പെട്ടത്.

? എയര്‍ ഇന്ത്യ ബെംഗളൂരു-സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ ബ്ലേഡ്. വിമാനത്തില്‍ യാത്ര ചെയ്ത മാതുറസ് പോള്‍ എന്ന യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കിട്ടിയതായി എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. ബ്ലേഡിന്റെ ചിത്രമുള്‍പ്പടെ യാത്രക്കാരന്‍ പങ്കുവെക്കുകയും ചെയ്തു. ഉടന്‍ തന്നെ ഫ്ലൈറ്റ് ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ മാപ്പ് പറയുകയും മറ്റൊരു വിഭവം നല്‍കിയെന്നും ഇദ്ദേഹം പറഞ്ഞു.

? കര്‍ണാടകയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമൊഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെയാണ് സംഭവം. മുന്‍ എംഎല്‍സി എം ബി ഭാനുപ്രകാശ് ആണ് മരിച്ചത്.

? തെലങ്കാന മേദക്കിലെ സംഘര്‍ഷത്തില്‍ എട്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിനും അക്രമത്തിന് നേതൃത്വം നല്‍കിയതിനുമാണ് അറസ്റ്റ്. നേരത്തെ ബിജെപി ജില്ലാ അധ്യക്ഷന്‍ അടക്കം 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

?? അന്തർദേശീയം ??

? യുഎഇയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 49.4 ഡിഗ്രി സെല്‍ഷ്യസ്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് അല്‍ ഐനിലെ സ്വീഹാനിലാണ്.

? യുദ്ധത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഇസ്രായേല്‍ യുദ്ധമന്ത്രിസഭയെ ബെഞ്ചമിന്‍ നെതന്യാഹു പിരിച്ചുവിട്ടു. ആറംഗ യുദ്ധ മന്ത്രിസഭയാണ് നെതന്യാഹു പിരിച്ച് വിട്ടത്. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

? കായികം

? ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോര്‍ സ്റ്റിമാച്ചിനെ പുറത്താക്കി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടീം മൂന്നാം റൗണ്ടില്‍ കടക്കാതെ പുറത്തായതിനു പിന്നാലെയാണ് തീരുമാനം.

? ടി20 ക്രിക്കറ്റ് ലോകകപ്പില്‍ പാപുവ ന്യു ഗിനിയക്കെതിരെ ന്യൂസിലാണ്ടിന് 7 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 78 റണ്‍സില്‍ എല്ലാവരും പുറത്തായി. 4 ഓവറില്‍ റണ്‍സൊന്നും വിട്ടു കൊടുക്കാതെ 3 വിക്കറ്റെടുത്ത് ചരിത്രനേട്ടം കുറിച്ച ന്യൂസിലാണ്ടിന്റെ ലോക്കി ഫെര്‍ഗൂസനാണ് പാപുവ ന്യൂ ഗിനിയയുടെ നടുവൊടിച്ചത്.

? യൂറോ കപ്പ് ഫുട്ബോളില്‍ യുക്രൈനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റൊമാനിയ. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച റൊമാനിയ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള യുക്രൈനെതിരേ ആധികാരിക വിജയമാണ് നേടിയത്.

? മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയത്തെ ഒരു ഗോളിന് കീഴടക്കി റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സ്ലൊവാക്യ യൂറോ കപ്പ് തുടക്കം ഗംഭീരമാക്കി.

?തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ്. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഫ്രഞ്ച് നിരയ്‌ക്കെതിരേ മികച്ച കളി പുറത്തെടുത്ത ഓസ്ട്രിയ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.

മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു

കായംകുളത്ത് മദ്യലഹരിയില്‍ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ്‌ മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെ മദ്യപിച്ചെത്തിയ ഷാജഹാനും സഹോദരന്‍ സാദിഖും തമ്മില്‍ വാക്കേറ്റമുണ്ടായി.
പ്രകോപിതനായ ഷാജഹാൻ സഹോദരനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചു. ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു.

സീതപ്പഴം എന്ന ആത്തച്ചക്കയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

നമ്മുടെ നാട്ടില്‍ സുലഭമായ പഴവര്‍ഗങ്ങളെ വിട്ട് വരവുപഴങ്ങള്‍ക്കായി പണം ചിലവിടുന്നതും രോഗം വരുത്തുന്നതമാണ് മലയാളിക്ക് ശീലം.അത്തരത്തില്‍ മലയാളി അവഗണിക്കുന്ന ഒരു പഴമാണ് സീതപ്പഴം ആത്തച്ചക്ക എന്നൊക്കെ പറയുന്ന ബ്ളാത്തിച്ചക്ക . കസ്റ്റാർഡ് ആപ്പിള്‍ എന്നാണ് ഇംഗ്ളിഷ് പേര്. ബിലാത്തിചക്ക എന്നതിലൂടെതന്നെ ഒരുകാലത്ത് വിദേശത്തുനിന്നും വന്നവനാണിത് എന്ന് വ്യക്തം. നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളര്‍ന്നു കായ്ച്ച് നല്ല രീതിയില്‍ പഴം തരുന്ന നമുക്ക് ഇവനെ വിലവരുന്നത് തന്നെ അടുത്ത കാലത്ത് തമിഴ്നാട്ടില്‍നിന്നും നല്ലവിലക്ക് ഇവ നാട്ടിന്‍പുറത്ത് കച്ചവടത്തിനെത്തിയതോടെയാണ്.

ഏറ്റവുമധികം ലഭ്യമാവുന്ന ഒരു സീസണല്‍ പഴമാണ് സീതപ്പഴം .
ഇതില്‍ വിറ്റാമിൻ സി യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം , മഗ്നീഷ്യം എന്നിവയും ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും മികച്ചൊരു പഴമാണ്. സീതപ്പഴം കഴിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…

സീതപ്പഴത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് ഉയർന്ന നിലയിലായതിനാല്‍ ഇവ നമ്മുടെ ശരീരത്തില്‍ ജലാംശത്തെ സന്തുലിതമായി നിലനിർത്തുന്നു .
ഇതുവഴി സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളില്‍ അനുഭവപ്പെടുന്ന ബലഹീനതകള്‍ക്കെതിരെ പോരാടുന്നു.

വിറ്റാമിൻ ബി 6 ന്റെ മികച്ച ഉറവിടം കൂടിയാണ് സീതപ്പഴം .
മാനസികാവസ്ഥ മികച്ചതാക്കി മാറ്റാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണിത്. തലച്ചോറിലെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ പുനർ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു കൊണ്ട് ഇത് മാനസികാവസ്ഥയെ മികവുറ്റതാക്കി മാറ്റുന്നു.

സീതപ്പഴം കഴിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ നേർത്ത വരകളേയും പാടുകളെയും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളേയും കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ കഴിയുന്ന പോഷകങ്ങളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ സീതപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനും വരെ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.

സീതപ്പഴത്തിന് കാൻസറിനെതിരെ പോരാടാനുള്ള പ്രത്യേക കഴിവുണ്ട്.
ഈ പഴത്തിലെ ഫ്ലേവനോയ്ഡ് സംയുക്തങ്ങളായ കാറ്റെച്ചിൻ, എപികാടെക്കിൻ എന്നിവയൊക്കെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞ് നിർത്തും.
സീതപ്പഴം പതിവായി കഴിക്കുന്നത് വഴി ആമാശയത്തിലും വൻകുടലിലും ഉണ്ടാവുന്ന കാൻസറിനുള്ള സാധ്യത കുറയ്ക്കും.

ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ അവഗണിച്ചു,ട്രെയിൻ അപകടത്തിന് കാരണമിതെന്ന് റെയിൽവേ ബോർഡ്

ഡാര്‍ജിലിംങ്. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, സിഗ്നൽ അവഗണിച്ചതിന് തുടർന്നുണ്ടായ മാനുഷികമായ പിഴവാണ്, പിടികൂടിയിൽ 15 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണമെന്ന് റെയിൽവേ ബോർഡ് ചെയർപേഴ്‌സൺ ജയ വർമ്മ സിൻഹ.വിശദമായ അന്വേഷണത്തിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും റെയിൽവേ.റെയിൽവേ ബോർഡിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി ലോക്കോ പൈലറ്റ് മാരുടെ സംഘടന രംഗത്തുവന്നു.

റെയിൽവേ സുരക്ഷാ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് അപകടത്തിന്റെ ഉത്തരവാദിത്വം മരിച്ച ലോക്കോ പൈലറ്റിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് സംഘടന പ്രതികരിച്ചു. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം തകരാറിലായതിനാൽ, കാഞ്ചൻജംഗ എക്സ്പ്രസിന് 8.20 നും ഗുഡ്സ് ട്രെയിനിന് 8.35 നും കടന്ന് പോകാൻ ‘പേപ്പർ ലൈൻ ക്ലിയറൻസ് നൽകിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.അപകടം നടന്ന പ്രദേശത്ത് റെയിൽവേ ലൈൻ പുനസ്ഥാപിച്ച് ഗതാഗത യോഗ്യമാക്കിയതായി റെയിൽവേ അറിയിച്ചു.ഗവർണർ സി വി ആനന്ദബോസ് അപകട സ്ഥലം സന്ദർശിച്ചു,പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കണ്ടു.ആറു പേരുടെ നില അതീവ ഗുരുതരമാണെന്നും ഗവർണർ അറിയിച്ചു.