Home Blog Page 1878

ബോർഡിംഗ് സ്കൂളിലെ പരിചയം, വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടൽ; 20കാരിയെ ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 2.5 കോടി, കാർ

ബെംഗളൂരു: കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് 2.5 കോടി രൂപയും ആഭരണങ്ങളും കാറും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. അടുപ്പത്തിലായിരുന്ന കാലത്ത് എടുത്ത വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും കാറും തട്ടിയത്. മാസങ്ങളോളം ബ്ലാക്ക്‌മെയിൽ തുടർന്നതോടെ പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെണ്‍കുട്ടിയും മോഹൻ കുമാറും ഒരേ ബോർഡിംഗ് സ്കൂളിലാണ് പഠിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സ്കൂൾ കാലത്തിന് ശേഷം ബന്ധമുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടി. പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് മോഹൻ കുമാർ യുവതിക്ക് വാക്ക് നൽകി. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തി. അപ്പോൾ ചിത്രീകരിച്ച വീഡിയോകളാണ് മോഹൻ കുമാർ പിന്നീട് പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉപയോഗിച്ചത്. താൻ ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപ ആരുമറിയാതെ പിൻവലിച്ച് പെണ്‍കുട്ടി കുമാറിന് നൽകി. ബ്ലാക്ക്‌മെയിൽ തുടരുന്നതിനിടെ പലപ്പോഴായി 1.32 കോടി കൂടി നൽകി. അതോടൊപ്പം വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും തട്ടിയെടുത്തു. മറ്റു വഴിയില്ലാതെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. ആസൂത്രണം ചെയ്ത കുറ്റകൃത്യമാണിതെന്നും 2.57 കോടി രൂപ യുവാവ് പെണ്‍കുട്ടിയിൽ നിന്ന് തട്ടിയെടുത്തെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ് പറഞ്ഞു. ഇതിൽ 80 ലക്ഷം രൂപ കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു.

ഒരാഴ്ച മുൻപ് നിക്കാഹ്, ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ അപകടം

പെരിന്തൽമണ്ണ (മലപ്പുറം): നാടിനെ ദുഃഖത്തിലാക്കി നവവധുവിന്റെ അപകടമരണം. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്റെ മകൾ നേഹ (22) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു നേഹയുടെ വിവാഹം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചായിരുന്നു മരണം.

അൽശിഫ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ ജൂബിലി ജംക്‌ഷനു സമീപമാണ് അപകടം.

ഈ മാസം ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂർ അറവങ്കര സ്വദേശി അസ്‌ഹർ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. അസ്‌ഹറിനൊപ്പം യാത്ര ചെയ്യുമ്പോൾ പിന്നിൽനിന്നെത്തിയ ക്രെയിൻ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദിൽ കബറടക്കും. മാതാവ്: ഫളീല. സഹോദരങ്ങൾ: നിയ, സിയ.

ഒരാൾ പൊക്കത്തിൽ മതിലും ആഡംബര വസതിയും; ജിന്നുമ്മയുടെ പ്രവർത്തനം എങ്ങനെയെന്ന് നാട്ടുകാർക്ക് പോലും അജ്ഞാതം

കാസര്‍കോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ജിന്നുമ്മ എന്ന ഷമീനയുടെ ജീവിതം കാസർകോട് കൂളിക്കുന്നിൽ ആഡംബരത്തോടെയായിരുന്നു. സാധാരണക്കാർ താമസിക്കുന്ന പ്രദേശത്തെ ഇവരുടെ പ്രവൃത്തികൾ നാട്ടുകാർക്ക് പോലും അജ്ഞാതവും. തികച്ചും ഗ്രാമീണ അന്തരീക്ഷമാണ് കൂളിക്കുന്നിന്. സാധാരണക്കാർ താമസിക്കുന്ന പ്രദേശം. ഷമീന ജനിച്ച് വളർന്നത് ഇവിടെയായിരുന്നു.

പാവപ്പെട്ട കുടുംബ പശ്ചാത്തലമായിരുന്നെങ്കിലും സാമ്പത്തിക ഉയർച്ച നേടിയത് വളരെ വേഗത്തിലാണ്. യുവതി ജിന്നുമ്മ ആയി മന്ത്രവാദവും ആഭിചാരവും ചെയ്യാൻ തുടങ്ങിയതോടെയാണ് പണം എത്താൻ തുടങ്ങിയത്. നാട്ടിൽ തന്നെ ആഡംബര വീടുണ്ടാക്കി. രണ്ട് കാറുകൾ വാങ്ങി. വീടിന് ഉയരമേറിയ മതിലുകളുണ്ട്. സദാസമയവും സിസിടിവി നിരീക്ഷണ സംവിധാനവും. ഈ മതിൽക്കെട്ടിനകത്ത് എന്ത് നടക്കുന്നുവെന്ന് നാട്ടുകാർക്ക് പോലും അറിയില്ല.

പലർക്കും ജിന്നുമ്മയെ കുറിച്ച് ചോദിക്കുമ്പോൾ പറയാൻ പേടിയാണ്. ചിലർക്ക് ആകെ അങ്കലാപ്പ്. സമ്പന്നരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ജിന്നുമ്മയുടെ പ്രവർത്തനം. ബാധയുണ്ടെന്നും ഒഴിപ്പിക്കണമെന്നും പറഞ്ഞ് ഭയപ്പെടുത്തൽ. ചിലപ്പോൾ മന്ത്രവാദത്തിലൂടെ സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന മോഹന വാഗ്ദാനം. ഏതായാലും തട്ടിപ്പിലൂടെ ഷമീനയുടെ കൈയിൽ വരുന്നത് ലക്ഷങ്ങളായിരുന്നു. സഹായികളായി സ്ത്രീകൾ അടങ്ങുന്ന സംഘമുണ്ട്. സമ്പന്നരെ ക്യാൻവാസ് ചെയ്യാൻ മാത്രമായി മറ്റൊരു സംഘവും പ്രവർത്തിച്ചു.

ഉപ്പും കടുകും കർപ്പൂരവും ഏലസും തകിടുമെല്ലാമായി മന്ത്രവാദം. 13 വയസുകാരി പാത്തുട്ടി ദേഹത്ത് കൂടിയതായി ഭാവിച്ച് ഉറഞ്ഞ് തുള്ളും. ഓരോ അഭിനയത്തിന് ശേഷവും കയ്യിലെത്തുന്ന തുക ഉപയോഗിക്കുന്നത് ആഡംബര ജീവിതത്തിനായിരുന്നു. കേരളത്തിൽ മാത്രമല്ല കർണാടകത്തിലും സജീവമാണ് ജിന്നുമ്മ. ഇവരുടെ തട്ടിപ്പിന്റെ കൂടുതൽ വേർഷനുകൾ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ.

ഇന്ത്യൻ സഭാ ചരിത്രത്തിലാദ്യം: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിൻ്റെ കര്‍ദ്ദിനാൾ സ്ഥാനാരോഹണം ഇന്ന്

തിരുവനന്തപുരം: ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി ഒൻപതിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങിൽ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കർദ്ദിനാളായി ഉയർത്തപ്പെടും. ഇദ്ദേഹത്തോടൊപ്പം മറ്റ് ഇരുപത് പേരെയും കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും.

തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. എട്ടാം തീയതി സെന്റ് ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും.

ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആന്‍റണി, അനൂപ് ആന്‍റണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ എംഎൽഎമാർ ഉൾപ്പടെ മലയാളി പ്രതിനിധിസംഘവും എത്തിയിട്ടുണ്ട്. കേരളത്തിന് അഭിമാനനിമിഷമാണെന്ന് സംഘം പ്രതികരിച്ചു. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.

നസ്രിയയുടെ നാത്തൂൻ സിനിമയിൽ നിന്നുതന്നെ; ആരാണെന്നറിയാമോ?

നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീമിന്റെ വിവാഹനിശ്ചയം ആരാധകർക്ക് സർപ്രൈസ് ആയിരുന്നു. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹനിശ്ചയ വിരുന്നിലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ മുതൽ ആരാധകർ തിരഞ്ഞത് ആരാണ് നസ്രിയയുടെ നാത്തൂനായെത്തുന്ന സുന്ദരി എന്നായിരുന്നു. ഫാഷൻ ഡിസൈനറായ ഫിസ സജീലാണ് നവീന്റെ ഭാവി വധു.

ആവേശം എന്ന സിനിമയിലൂടെയാണ് ഫിസ സജീൽ ചലച്ചിത്രരംഗത്തെത്തുന്നത്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസയുടെ സഹായി ആണ് ഫിസ. ആവേശം സിനിമയുടെ വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്തു സഹായിച്ചാണ് ഫിസ സിനിമയിലേക്കെത്തുന്നത്. അതേ സിനിമയിൽ സംവിധാന സഹായി ആയിരുന്നു നവീൻ. ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും ഈ സെറ്റിൽ വച്ചായിരിക്കുമെന്നാണ് ആരാധകരുടെ അനുമാനം.

കൊച്ചിയിൽ വച്ചുനടന്ന സ്വകാര്യ ചടങ്ങിലായിരുന്നു നവീന്റെയും ഫിസയുടെയും വിവാഹ നിശ്ചയം നടന്നത്. ചടങ്ങിനിടെ നസ്രിയ നാത്തൂന് നൽകിയ വജ്രമാല സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സഹോദരന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെ കുടുംബത്തിലേക്ക് ക്ഷണിച്ചുകൊണ്ട് നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും വൈറലായി. അതിനു പിന്നാലെയാണ് ഫിസ ആരെന്നറിയാൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ തിരഞ്ഞത്.

പാക്കിസ്ഥാനിൽ മസൂദ് അസ്ഹറിന്റെ പ്രസംഗം, ദൃശ്യങ്ങൾ ഭീകരസംഘടനകളുടെ ഓൺലൈൻ കൂട്ടായ്മയിൽ: നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു പാക്കിസ്ഥാനോടു ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ബഹാവൽപുരിൽ നടന്ന സമ്മേളനത്തിൽ മസൂദ് അസ്ഹർ പ്രസംഗിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണു ഇന്ത്യ ശക്തമായി പ്രതികരിച്ചത്.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പാണ് അത് തുറന്നുകാട്ടുന്നതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മസൂദ് പാക്കിസ്ഥാനിൽ ഇല്ലെന്ന വാദം ഇതോടെ പൊളിയുകയാണ്. ഇന്ത്യൻ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ മസൂദിനു പങ്കുണ്ട് – ജയ്സ്വാൾ പറഞ്ഞു.

പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ആക്രമണം വരെയുള്ള കേസുകളിൽ പ്രതിയായ മസൂദ് അസ്ഹറിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഭീകരസംഘടനകളുടെ ഓൺലൈൻ കൂട്ടായ്മയിലാണു പ്രത്യക്ഷപ്പെട്ടത്. ഇത് എന്നു ചിത്രീകരിച്ചതാണെന്നു വ്യക്തമല്ല. രണ്ടു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഇത്തരമൊരു വിഡിയോ ദൃശ്യം മസൂദിന്റേതായി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയ്ക്കും ഇസ്രായേലിനുമെതിരായ പോരാട്ടം ഊർജിതമാക്കാൻ പ്രസംഗത്തിൽ മസൂദ് ആഹ്വാനം ചെയ്യുന്നുണ്ട്.

സിറിയയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അവിടെയുള്ള ഇന്ത്യക്കാരുമായി ബന്ധം പുലർത്തന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ യുഎൻ വിഭാഗങ്ങളിൽ സേവനം ചെയ്യുന്നവർ ഉൾപ്പെടെ 90 ഇന്ത്യക്കാരാണ് ഇപ്പോൾ സിറിയയിലുള്ളത്.

വിദേശകാര്യ സെക്രട്ടറിമിശ്രി ബംഗ്ലദേശിലേക്ക്

∙ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തിങ്കളാഴ്ച ബംഗ്ലദേശ് സന്ദർശിക്കും. ബംഗ്ല വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇടക്കാല സർക്കാരിനു നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസുമായി ചർച്ച നടത്തുമോ എന്നതു വ്യക്തമല്ല. ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റ്, അഗർത്തലയിലുള്ള ബംഗ്ലദേശ് അസി. ഹൈക്കമ്മിഷൻ ഓഫിസിനു നേരെയുണ്ടായ അതിക്രമം എന്നിവയുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണു വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം.

‘4 മാസം മുൻപ് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി, കാണാൻ അനുവദിച്ചില്ല’; ഇന്ദികയുടെ മരണത്തിൽ യുവാവ് കസ്റ്റഡിയിൽ

പാലോട് (തിരുവനന്തപുരം) ∙ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും പരാതിയുമായി രംഗത്ത്. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദിക (25) ആണ് മരിച്ചത്. നാല് മാസം മുൻപായിരുന്നു വിവാഹം.

ഭർത്താവ് അഭിജിത്തിനെതിരെ ശശിധരൻ പൊലീസിൽ പരാതി നൽകി. അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്നു കുടുംബം പറയുന്നു. പാലോട് പൊലീസിൽ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകൾ പീഡനം നേരിട്ടതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു. യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ദികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും. ഇന്ദിക സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു. അഭിജിത് നാല് മാസം മുൻപ് ഇന്ദികയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയെന്നും അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നുമാണ് വിവരം. അതേസമയം, വിവാഹം റജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്.

ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും

കൊച്ചി. ഹേമകമ്മറ്റി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ പുറത്ത് വിട്ടേക്കും. ഇതു സംബന്ധിച്ച വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് നാളെ. നാളെ തന്നെ നീക്കം ചെയ്ത ഭാഗങ്ങളുടെ പകര്‍പ്പും പുറത്ത് വിട്ടേക്കും. സര്‍ക്കാര്‍ വെട്ടിയ 49 മുതല്‍ 53 വരെയുള്ള ഭാഗമാണ് പുറത്ത് വിടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അപ്പീലിലാണ് തീരുമാനം

തൃക്കാക്കരയിൽ എംഡിഎംഎ പിടികൂടി

കൊച്ചി.തൃക്കാക്കരയിൽ എംഡിഎംഎ പിടികൂടി. 14 ഗ്രാം എംഡിയുമായി യുവാവ് പിടിയിൽ. പാലാരിവട്ടം SN ജംഗ്ഷൻ ഇൽ ത്രിവേണി ഹോസ്റ്റലിൽ താമസിക്കുന്ന വിഷ്ണു ആണ് പിടിയിലായത്. തൃക്കാക്കര മാർക്കറ്റിന് സമീപം മലബാർ ഹോട്ടലിൽ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കേരളത്തിൽ ഒരു പുതിയ കേന്ദ്രീയ വിദ്യാലയം വരും

ന്യൂഡെല്‍ഹി. കേരളത്തിൽ ഒരു പുതിയ കേന്ദ്രീയ വിദ്യാലയം വരും. ഇടുക്കി തൊടുപുഴയിൽ പുതിയ കേന്ദ്രീയ വിദ്യാലയത്തിന് അംഗീകാരം.സാമ്പത്തിക കാര്യ മന്ത്രി സഭ സമിതിയോഗത്തിലാണ് തീരുമാനം.രാജ്യത്ത് 85പുതിയ കേന്ദ്രയ വിദ്യാലയങ്ങൾ തുറക്കും.ജമ്മു കാശ്മീരിൽ 13 ഉം മധ്യപ്രദേശിൽ 11ഉം, രാജസ്ഥാനിൽ 9ഉം ആന്ധ്രപ്രദേശിൽ 8 ഉം പുതിയ കെ വി കൾ തുറക്കും.