Home Blog Page 1856

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിലും ഇടനാഴികളിലും അനാഥരായി കഴിഞ്ഞ 17 പേർക്ക് അഭയം നൽകി ഓർത്തഡോക്സ് സഭ

തിരുവനന്തപുരം.മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിലും ഇടനാഴികളിലും അനാഥരായി കഴിഞ്ഞ 17 പേർക്ക് അഭയം നൽകി ഓർത്തഡോക്സ് സഭയ്ക്ക് കീഴിലുള്ള കാരുണ്യ വിശ്രാന്തിഭവൻ. ആവശ്യത്തിന് മരുന്നും ഭക്ഷണവും പരിചരണവും ലഭിക്കാതെ കഴിഞ്ഞ 17 പേരെയാണ് വിശ്രാന്തിഭവൻ ഏറ്റെടുത്തത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തി ബന്ധുക്കൾ ഉപേക്ഷിച്ചവർ അടക്കം ഇക്കൂട്ടത്തിലുണ്ട്. വിശ്രാന്തി ഭവൻ കോ ഓർഡിനേറ്റർ തോമസ് ജോൺ റമ്പാൻ, സിസ്റ്റർ എലിസബത്ത്, നഴ്സിംഗ് ഓഫീസർ രമ്യ രാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗികളെ ഏറ്റെടുത്തത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും അഭ്യർത്ഥനയെ തുടർന്നാണ് വിശ്രാന്തിഭവൻ രോഗികളെ ഏറ്റെടുത്തത്.

നാല് വിദ്യാർത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ വിവിധ വകുപ്പുകളുടെ അന്വേഷണറിപ്പോർട്ട്‌ ഇന്ന്

മണ്ണാര്‍ക്കാട്.കരിമ്പയിൽ നാല് വിദ്യാർത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ വിവിധ വകുപ്പുകളുടെ അന്വേഷണറിപ്പോർട്ട്‌ ഇന്ന് ജില്ലാ കളക്ടർക്ക് കൈമാറും,തുടർന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ റിപ്പോർട്ട്‌ അവതരിപ്പിക്കും,അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം,2 മാസത്തിനിടെ 6 പേര് മരിച്ച കല്ലടിക്കോട് അയ്യപ്പൻകാവ്,മുണ്ടുർ ജംഗ്ഷൻ എന്നിവിടങ്ങളിളാണ് പരിശോധനകൾ പൂർത്തീകരിച്ചത്

45 ദിവസം അവധിനല്‍കാത്ത ക്രൂരത,മലപ്പുറത്ത് പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

മലപ്പുറം. അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് പൊലീസുകാരന്‍ ജീവനൊടുക്കി,അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷത്തിലെന്ന് ആരോപണം.

വയനാട് സ്വദേശി വിനീത്(36) ആണ് ഇന്നലെ രാത്രിയില്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. തുടര്‍ച്ചയായ 45 ദിവസത്തോളം അവധിയില്ലാതെയാണ് വിനീത് ജോലി ചെയ്തത്. ഗര്‍ഭിണിയായ ഭാര്യയെയും മകനെയും കാണാത്തതിലുള്ള മാനസിക സംഘര്‍ഷമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ആയിരുന്നു മുപ്പത്തിമൂന്നുകാരനായ വിനീത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. അരീക്കോട് സായുധ പൊലീസ് ക്യാമ്പിലായിരുന്നു വിനീതിന് ജോലി. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കു വെടിയേറ്റ നിലയിലായിരുന്നു. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.

തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ:തബലയില്‍ മാന്ത്രികത തീര്‍ക്കാന്‍ ഉസ്‌താദ് സാക്കിർ ഹുസൈന്‍ ഇനിയില്ല. 73-ാം വയസില്‍ അദ്ദേഹം അരങ്ങൊഴിഞ്ഞു. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടായ്‌ച മുമ്പാണ് അദ്ദേഹത്തെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സാക്കിർ ഹുസൈൻ. അദ്ദേഹത്തിന്‍റെ പിതാവ് അല്ലാഹ് റഖയും പ്രശസ്‌ത തബല വിദ്വാനായിരുന്നു. 1951-ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്.

മൂന്നാം വയസ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി. തബലയില്‍ പഞ്ചാബ്‌ ഖരാനയില്‍ അച്ഛൻ അല്ലാ രഖാ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസ്സിൽ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനൊടോപ്പം ഏതാനും മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം.പിന്നീട്‌ പന്ത്രണ്ടാമത്തെ വയസ്സിൽ ബോംബെ പ്രസ്‌ ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനൊടോപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി.കേരളത്തിലും അദ്ദേഹം പല തവണ സന്ദർശനം നടത്തിയിട്ടുണ്ട്. 2017 ൽ അദ്ദേഹം പാലക്കാട് പെരുവനത്ത് എത്തിയിരുന്നു. അന്ന് പെരുവനം കുട്ടന്‍ മാരാർ, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവർക്ക് ഒപ്പമാണ് അദ്ദേഹം വേദി പങ്കിട്ടത്. ആറ് പതിറ്റാണ്ട് നീണ്ട തന്‍റെ കരിയറിൽ അഞ്ച് ഗ്രാമി അവാർഡുകളാണ് സാക്കിര്‍ ഹുസൈന് ലഭിച്ചത്.ഈ വർഷം ആദ്യം നടന്ന 66-ാമത് ഗ്രാമി അവാർഡുകളിൽ മൂന്ന് അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. 1988-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

വിവാഹം കഴിഞ്ഞ നാലാം ദിവസം ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിവാഹം കഴിഞ്ഞ നാലാം ദിവസം ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗാന്ധി നഗര്‍ സ്വദേശിനിയായ പായലിനെയാണ് ഭവിക് വിവാഹം കഴിച്ചിരുന്നത്.
വിവാഹത്തിന് മുമ്പ് താന്‍ പ്രണയിച്ചിരുന്ന ബന്ധുവായ കല്‍പേഷുമായി ചേര്‍ന്ന് പായല്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. ശനിയാഴ്ച ഭവിക് പായലിനെ കൊണ്ടുവരുന്നതിനായി അവളുടെ വീട്ടിലേക്ക് പോയിരുന്നു. ഭവിക് തിരികെ വീട്ടിലെത്താതിരുന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.
തിരച്ചിലിനിടെ ഭവികിന്റെ ഇരുചക്രവാഹനം റോഡില്‍ വീണുകിടക്കുന്നത് കണ്ടെത്തി. ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്ന്‌പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുചക്ര വാഹനത്തിലായിരുന്ന ഭവികിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തുടര്‍ന്ന് പായലിന്റെ പിതാവും മറ്റു ബന്ധുക്കളും പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യ പായലിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയതിന്റേയും കൊലപാതകത്തിന്റേയും ചുരുളഴിഞ്ഞത്.
പായലിന്റെ കാമുകന്‍ കല്‍പേഷും മറ്റു രണ്ടുപേരും ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഭവികിനെ കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കല്‍പേഷ് പൊലീസിനോട് പറഞ്ഞു. മൃതദേഹം അടുത്തുള്ള നര്‍മദ കനാലില്‍ തള്ളിയെന്നും പ്രതികള്‍ സമ്മതിച്ചു. കല്‍പേഷും പായലും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാര്‍ ഭവികുമായുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പായല്‍ കാമുകനുമായി ചേര്‍ന്ന് തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കാനുള്ള പദ്ധതിയിട്ടത്.

തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ, സംസ്ഥാന വ്യാപകമായി സംയുക്ത പരിശോധന

തിരുവനന്തപുരം.തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ. സംസ്ഥാന വ്യാപകമായി സംയുക്ത പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പും പോലീസും. പോലീസിന്റെ സഹായത്തോടെ പരിശോധന കർശനമാക്കണമെന്ന് ഗതാഗത കമ്മീഷണർ. ഗതാഗത കമ്മീഷണർ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി നാളെ ജില്ലാ പോലീസ് മേധാവിമാരുടെ യോഗം വിളിച്ചിരിക്കയാണ്. ബ്ലാക്ക് സ്പോട്ടുകളിൽ ആയിരിക്കും സംയുക്ത പരിശോധന നടത്തുക.

ലഹരി വസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനം ഓടിക്കലിനെതിരെയും നടപടി. എക്സൈസ് സംസ്ഥാന വ്യാപക പരിശോധന ആരംഭിച്ചു . സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന. രാത്രികാലങ്ങളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കും. ഡിവിഷൻ തലത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ ക്രമീകരിച്ചു

ബാറിൽ മദ്യപ സംഘങ്ങൾ തമ്മിൽ സംഘർഷം, പിടിച്ചു മാറ്റാൻ ചെന്ന പോലീസുകാർക്ക് മർദ്ദനം

തിരുവനന്തപുരം. ബാറിൽ മദ്യപ സംഘങ്ങൾ തമ്മിൽ സംഘർഷം. പിടിച്ചു മാറ്റാൻ ചെന്ന പോലീസുകാർക്ക് മർദ്ദനം. സംഭവം തിരുവല്ലം ഡയമണ്ട് പാലസിൽ. എസ്ഐ ഉൾപ്പടെ 3 പേർക്ക് പരിക്ക്. ബിയർ ബോട്ടിൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റത് തിരുവല്ലം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക്

മംഗലംഡാമിൽ ബൈക്ക് പാലത്തിലിടിച്ച് ഒരു മരണം

പാലക്കാട് .ബൈക്കപകടത്തിൽ ഒരു മരണം. മംഗലംഡാമിൽ ബൈക്ക് പാലത്തിലിടിച്ച് ഒരു മരണം. പറശ്ശേരി കരിങ്കയം സ്വദേശി ചന്ദ്രൻ (52) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പറശ്ശേരി സ്വദേശി ബഷീറിനെ (50) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടമെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം

കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട

കോഴിക്കോട്. കൊയിലാണ്ടിയിൽ വൻ ചന്ദന വേട്ട. 130 കിലോയോളം ചന്ദനം പിടികൂടി. മുചുകുന്ന് സ്വദേശി വിനോദൻ എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ചന്ദനവേട്ട. കോഴിക്കോട് വനം വിജിലൻസ് വിഭാഗമാണ് ചന്ദനം പിടികൂടിയത്

ചന്ദനം ചെത്തി ഒരുക്കാൻ ഉപയോഗിച്ച വാക്കത്തി, ഇലക്ട്രോണിക് ത്രാസ്, മാരുതി കാർ, ഹോണ്ട ആക്ടീവ സ്കൂട്ടർ എന്നിവയും പിടിച്ചെടുത്തു. വിപണിയിൽ 5 ലക്ഷത്തിലധികം രൂപ വിലയുള്ളതാണ് ചന്ദനം. നാലുപേർ കസ്റ്റഡിയിൽ

മാര്‍ക്കോയുടെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത് സ്പീക്കര്‍

ഉണ്ണി മുകുന്ദന്‍ നായകാനായി എത്തുന്ന മാര്‍ക്കോ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറാണ് ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത്. ഡിസംബര്‍ 20നാണ് ചിത്രം തിയറ്ററിലെത്തുന്നത്.
‘ എറെ നാളായി പരിചയമുള്ള എന്റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘മാര്‍ക്കോ’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു’- ടിക്കറ്റ് ബുക്കിങ് നിര്‍വഹിച്ചുകൊണ്ട് ഷംസീര്‍ പറഞ്ഞു. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് എത്തുന്നത്. 30 കോടി ബജറ്റില്‍ 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തില്‍ 60 ദിവസവും ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചത്. ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്‌സണ്‍ ആണ്.