.കൊച്ചി. ഡോ സെബാസ്റ്റ്യന് പോളിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. അഭിഭാഷകരെ തെരുവ് നായ്ക്കളോട് . ഉപമിച്ചതിനായിരുന്നു കേസ്. അഭിഭാഷകനും മാധ്യമ പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം. അഭിഭാഷകരെ മൊത്തത്തിൽ അപകീർത്തിപ്പെടുത്തുന്നതല്ല പരാമർശമെന്ന് കോടതി വിലയിരുത്തി.
അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ്സ് ഇടിച്ചു പിതാവ് മരിച്ചു
തൃശ്ശൂര്‍. അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ്സ് ഇടിച്ചു പിതാവ് മരിച്ചു. തൃശ്ശൂർ പൂച്ചിന്നിപാടത്ത് ആണ് അപകടം
തൊട്ടിപ്പാൾ സ്വദേശി വിൻസെൻറ് ആണ് മരിച്ചത്. മകൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. ഇന്ന് വൈകുന്നേരം 5.30നു ആണ് സംഭവം. തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.
ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയിൽ
വയനാട്. മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയിൽ . ആംബുലൻസ് ആവശ്യപ്പെട്ടിട്ടും പട്ടിക ജാതി വകുപ്പ് അധികൃതർ വിട്ടുനൽകിയില്ലെന്ന് പരാതി. വീഴ്ച വരുത്തിയ ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു.
ഇന്നലെ വൈകിട്ടാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എടവക പഞ്ചായത്തിലെ വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മ മരിക്കുന്നത്. ഊരിൽ നിന്നും ശ്മശാനത്തിലേക്ക് നാല് കിലോമീറ്റർ ഉണ്ടെന്നും ആംബുലൻസ് വിട്ടു നൽകണമെന്നും അധികൃതരെ അറിയിച്ചു. വിട്ടു നൽകാമെന്ന് മറുപടിയും നൽകി. എന്നാൽ ഇന്ന് വൈകിട്ട് നാലുമണി ആയിട്ടും ആംബുലൻസ് എത്താതിരുന്നതോടെയാണ് ഓട്ടോറിക്ഷയിൽ മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയത്. വിവരങ്ങൾ അറിയിക്കുന്നതിൽ പ്രമോട്ടർക്ക് വീഴ്ച സംഭവിച്ചെന്ന് ട്രൈബൽ ഡെവലെപ്മെന്റ് ഓഫീസർ വ്യക്തമാക്കി. ഗുരുതര വീഴ്ച വരുത്തിയ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു.
രണ്ട് ആംബുലൻസുകൾ ഉണ്ടായിരുന്നെങ്കിലും ലഭ്യമല്ലായിരുന്നു എന്നാണ് പട്ടികജാതി വകുപ്പിൻ്റെ വിശദീകരണം.സംഭവത്തിൽ പ്രതിഷേധിച്ച് മാനന്തവാടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസ് യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു .
മലപ്പുറത്ത് ഏറ്റവും കൂടുതൽ വീട്ടുപ്രസവങ്ങൾ: ആറു മാസത്തിൽ 93 കേസുകൾ
രജനീഷ് മൈനാഗപ്പള്ളി
കേരളത്തിൽ വീട്ടുപ്രസവങ്ങളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്. സംസ്ഥാനത്ത് ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസങ്ങളിൽ 200 വീട്ടുപ്രസവങ്ങൾ നടന്നതിൽ 93 എണ്ണവും മലപ്പുറത്താണ്. ഇതോടെ മലപ്പുറം സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളിൽ മുന്നിൽ നിൽക്കുന്നു. 15 കേസുകളോടെ കണ്ണൂർ രണ്ടാമതും വയനാട് മൂന്നാമതുമാണ് (15).
അക്യൂപങ്ക്ചർ, നാച്ചുറോപ്പതി എന്നിവയുടെ മറവിൽ ചിലർ വീട്ടുപ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും ആരോഗ്യപ്രവർത്തകർ ആരോപിക്കുന്നു.
അക്യൂപംഗ്ചർ മേഖലയിലെ ഔദ്യോഗിക സംഘടനകൾ ഈ പ്രവണതയെ എതിർക്കുന്നുണ്ട്.
വാക്സിൻ വിരുദ്ധ കൂട്ടായ്മകളും വീട്ടുപ്രസവങ്ങളുടെ വളർച്ചയ്ക്ക് ഇടയാകുന്നു. സിസേറിയൻ കഴിഞ്ഞവർ, ആദ്യ പ്രസവം നടത്തുന്നവർ എന്നിവരിൽ പോലും വീട്ടുപ്രസവം തിരഞ്ഞെടുക്കുന്ന പ്രവണതയാണ് കണ്ടെത്തിയിരിക്കുന്നത്.
ആരോഗ്യ പ്രശ്‌നങ്ങളും അപകടവും
ജില്ലാ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, ചില സന്ദർഭങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ മരണം അത്രയ്ക്ക് അടുത്തിരുന്ന ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അമിത രക്തസ്രാവം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ചിലരിൽ ജീവൻ രക്ഷപ്പെട്ടത്. രണ്ടുവർഷം മുമ്പ് വീട്ടുപ്രസവത്തിനിടെ കുട്ടി മരിച്ച സംഭവം മലപ്പുറത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
ആശുപത്രി സൗകര്യങ്ങൾ ഒഴിവാക്കുന്നത് അപകടകരം
ഗർഭകാലത്തിന്റെ തുടക്കം മുതൽ ആശുപത്രി സൗകര്യങ്ങൾ ഒഴിവാക്കുന്നവരുണ്ട്. വാക്സിനേഷൻ, സ്‌കാനിംഗ്, അയൺ ഫോളിക് ഗുളികകൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങൾ നിരസിക്കുന്ന ഈ ഗർഭിണികൾ ആശാപ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ അപകടം കൂടാതെ കഴിയുന്ന ചില സംഭവങ്ങൾ പ്രചരിപ്പിച്ചാണ് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്.
പകർച്ചവ്യാധിയും പ്രചാരണവും
“പ്രസവം രോഗമല്ല, ഒരു പ്രകൃതിദത്ത പ്രക്രിയയാണ്” എന്ന ആശയം പ്രചരിപ്പിച്ച്, ആശുപത്രി ആവശ്യമില്ലെന്ന് വിശ്വസിപ്പിക്കുന്ന കാമ്പെയ്‌നുകളാണ് ഇതിന് പിന്നിൽ. എന്നാൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസവങ്ങളിൽ 14 ശതമാനം പേർക്ക് സങ്കീർണ്ണതകൾ അനുഭവപ്പെടാമെന്ന് വ്യക്തമാക്കുന്നു. മുൻകരുതലുകൾ ഇല്ലാത്ത വീട്ടുപ്രസവം അമ്മയും കുഞ്ഞും അപകടത്തിലാക്കുന്ന സാധ്യതയേറെയാണ്.
ജില്ലാവാർഷിക കണക്കുകൾ
മലപ്പുറം: 93
കണ്ണൂർ: 15
വയനാട്: 15
എറണാകുളം: 14
ഇടുക്കി: 12
കോഴിക്കോട്: 11
കാസർകോട്: 9
തിരുവനന്തപുരം: 8
കൊല്ലം: 7
തൃശൂർ: 6
ആലപ്പുഴ: 6
പാലക്കാട്: 3
കോട്ടയം: 3
പത്തനംതിട്ട: 1
ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
വൈദ്യസഹായം ലഭിക്കാതെ സ്വമേധയാ വീട്ടിൽ പ്രസവം നടത്തുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഗുരുതര ഭീഷണിയാണ്. സുരക്ഷിതമായ പ്രസവം ഉറപ്പാക്കാൻ പ്രസവങ്ങൾ ആശുപത്രികളിൽ നടത്തുന്നതിന് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കണമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
പുകവലിക്കാരിൽ തലച്ചോറിന് അകാല വാർദ്ധക്യം: പഠനം
പുകവലി തലച്ചോറിന്റെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് യുഎസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന പുതിയ പഠനം വ്യക്തമാക്കുന്നു. തലച്ചോറിന്റെ വലിപ്പം പ്രായമേറുന്നതിന് അനുയോജ്യമായ രീതിയിൽ ചുരുങ്ങുമ്പോൾ, പുകവലിക്കൽ ഈ പ്രക്രിയയുടെ വേഗത വർധിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
32094 പേരിൽ നടത്തിയ പഠനത്തിൽ, ഒരാൾ എത്ര കൂടുതൽ പുകവലിക്കാനാണ് അടിമയാകുന്നത്, അത്രയും അധികം തലച്ചോറിന്റെ വലിപ്പം കുറയുന്നതായി കണ്ടെത്തി. ഡിമെൻഷ്യയും അൽഷിമേഴ്‌സ് പോലുള്ള പ്രായബന്ധമായ രോഗങ്ങൾ പുകവലിക്കാരിൽ ചെറുപ്പത്തിലേ കണ്ടുവരാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കാനുള്ള പ്രേരണയും ഇതിനുള്ള ജീനുകളിലെ മാറ്റങ്ങൾക്കും ബന്ധമുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
പുകവലി ശ്വാസകോശത്തെയും ഹൃദയാരോഗ്യത്തെയും മാത്രമല്ല, തലച്ചോറിനെയും ഗുരുതരമായി ബാധിക്കുന്നു. പരിക്കുകൾ പൂർണമായും പരിഹരിക്കാനാവില്ലെങ്കിലും, പുകവലി നിർത്തുന്നത് നഷ്ടം കൂടുതൽ വരാതിരിക്കാൻ സഹായകമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പുകവലി ഒഴിഞ്ഞ ഒരു ജീവിതമാണ് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടതെന്ന് പഠനം നിർദേശിക്കുന്നു.
തടാക തീരത്തു നിന്നും മണ്ണെടുപ്പിന് അനുമതി നൽകിയ ജില്ലാ ജിയോളജിസ്റ്റിനെ സസ്‌പെൻഡ് ചെയ്യണം: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ
ശാസ്താംകോട്ട. ശുദ്ധജല തടാക തീരത്തു നിന്നും വ്യാപകമായി മണ്ണെടുക്കുവാൻ നിയമ വിരുദ്ധമായി അനുമതി നൽകിയ ജില്ലാ ജിയോളജിസ്റ്റിനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു.തടാകത്തിനെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തി തീരത്ത് നിർമ്മാണ പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ച കലക്ടറുടെ ഉത്തരവിനെ മറികടന്നുകൊണ്ട് 35 സെന്റിലധികം ഭൂമിയിലെ മണ്ണെടുക്കാൻ അനുമതി നൽകിയ ജില്ലാ ജിയോളജിസ്റ്റിനെതിരെ കളക്ടർക്കും വിജിലൻസിനും പരാതി നൽകുവാനും തീരുമാനിച്ചു.280 മീറ്റർ സ്‌ക്വയർ വലിപ്പമുള്ള വീടിനാണ് പഞ്ചായത്ത് അനുമതി നൽകിയത്. നിർമ്മാണ പ്രവർത്തനം നിരോധിച്ച സ്ഥലത്ത് വീടിന് അനുമതി നൽകിയതും അന്വേഷണ വിധേയമാക്കണം.ഇടത്തറ ഷാജഹാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിപി.ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കെ.പി ചന്ദ്രൻ,തോമസ് വൈദ്യൻ,ബി.കൃഷ്ണകുമാർ,ശ്രീരാജ് ചിറ്റക്കാട്ട് എന്നിവർ സംസാരിച്ചു.
എം. നാരായണന്‍ നമ്പൂതിരി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം കീഴ്ശാന്തി
കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ കീഴ്ശാന്തിയായി ചെന്തൂപ്പ് ദേവസ്വത്തിലെ പൂയപ്പള്ളി പെരിയമന ഇല്ലം എം. നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ് കീഴ്ശാന്തിയുടെ കാലാവധി.
ഇന്നലെ രാവിലെ ഒന്‍പതോടെ ഗണപതി ക്ഷേത്ര സന്നിധിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കിളിമാനൂര്‍ തേരുവിള പുത്തന്‍വീട്ടില്‍ അജയകുമാര്‍-തുഷാര ദമ്പതികളുടെ മകള്‍ കീര്‍ത്തനയാണ് നറുക്കെടുത്തത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പരവൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂതക്കുളം അമ്മാരത്തുമുക്ക് ഷാജി നിവാസില്‍ ഷാജി (54) ആണ് അറസ്റ്റിലായത്. പ്രവാസിയായിരുന്ന ഷാജി നാട്ടിലെത്തിയ ശേഷം പലപ്പോഴും ഭാര്യ ബിന്ദുവുമായി വഴക്കിടുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ കാന്റീന്‍ ജീവനക്കാരിയായ ബിന്ദുവും ഷാജിയും തമ്മില്‍ കുറച്ച് നാളായി വേര്‍ പിരിഞ്ഞു കഴിയുകയായിരുന്നു. ബന്ധുക്കള്‍ മുഖേന ഒത്തുതീര്‍പ്പിലെത്തിയതിനെ ബിന്ദു ഷാജിയുടെ വീട്ടില്‍ എത്തിയിരുന്നു.
ഇവിടെ വച്ച് വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി. അക്രമാസക്തനായ ഷാജി വെട്ടുകത്തി ഉപയോഗിച്ച് ബിന്ദുവിനെ തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശേഷം ഇയാള്‍ സ്വയം കഴുത്തിലും വയറ്റിലും കുത്തി മുറിവേല്‍പ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ പരവൂര്‍ പോലീസില്‍ വിവരമറിയിക്കുകയും ഇരുവരേയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത പോലീസ് ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മോട്ടോര്‍ മോഷണം; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയില്‍
കൊല്ലം: തടിപ്പണിയ്ക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പോലീസിന്റെ പിടിയിലായി. ബീഹാര്‍ സ്വദേശിയായ സരോജ് കുമാര്‍ (36) ആണ് ചവറ പോലീസിന്റെ പിടിയിലായത്. പന്മന പോരൂര്‍ക്കര സ്വദേശിയായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള തടിപ്പണി നടത്തുന്ന സ്ഥാപനത്തില്‍ നിന്നാണ് മോട്ടോര്‍ മോഷണം
പോയത്. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരു
കയായിരുന്നു.
മോഷണ വിവരം മനസ്സിലാക്കിയ സ്ഥാപനയുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതിയായ സരോജ് കുമാറിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ മോഷണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ഓമനക്കുട്ടന്‍, എസ്‌സിപിഓ മനോജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.







































