Home Blog Page 1838

മിസ് കേരള 2024: കിരീടം ചൂടി മേഘ ആന്റണി; കോട്ടയം സ്വദേശി അരുന്ധതി ഫസ്റ്റ് റണ്ണറപ്പ്

കൊച്ചി: ഇംപ്രസാരിയോ മിസ് കേരള 2024 കിരീടം എറണാകുളം വൈറ്റില സ്വദേശി മേഘ ആന്റണിക്ക്. എറണാകുളം സെന്റ് തേരാസസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ. കോട്ടയം സ്വദേശി എൻ.അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി.

300 മത്സരാർഥികളിൽനിന്ന് വിവിധ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24–ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. ഫൈനലിൽ മൂന്നു റൗണ്ടുകളാണ് ഉണ്ടായിരുന്നത്.

മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നിയെയും തിരഞ്ഞെടുത്തു. അദ്രിക സഞ്ജീവ് ആണ് മിസ് ടാലന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനൽ.

ബാഗിൽ എന്തെന്ന് നാട്ടുകാർ, ഇറച്ചിയെന്നു യുവാവ്; ഭാര്യയുടെ മൃതദേഹം പുറത്തെടുത്തു പൊലീസ്

നാഗർകോവിൽ: യുവതിയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റു ചെയ്തു.

മരിയയുടെ മൃതദേഹം അരിവാളുപയോഗിച്ചു മൂന്നു കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം മാരിമുത്തു ബാഗുകളിലാക്കിയിരുന്നു. ബാഗുകളുമായി പോകുകയായിരുന്ന മാരിമുത്തുവിന് നേരെ സമീപത്തുനിന്ന നായ കുരച്ച് ബഹളം വച്ചു. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. ബാഗിലെന്താണെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയാണെന്നായിരുന്നു മറുപടി. പിന്നാലെ മാരിമുത്തുവിനെ തടഞ്ഞുനിർത്തിയ നാട്ടുകാർ, പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണു ബാഗുകളില്‍ നിന്നു മരിയയുടെ മൃതദേഹം കണ്ടെത്തിയത്.

തൂത്തുക്കുടിയിലെ മീൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന മരിയ സന്ധ്യയെ മാരിമുത്തുവിന് സംശയം തോന്നിയിരുന്നു. ഇതിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ മരിയയും മാരിമുത്തുവും തമ്മിൽ വീണ്ടും വഴക്കുണ്ടായി. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കി വച്ചിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. ദമ്പതികൾ രണ്ടുമാസം മുൻപാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലേക്കു താമസം മാറിയത്. കോൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് മാരിമുത്തു. തിരുനെൽവേലി ജില്ലയിലെ തച്ചനല്ലൂർ പൊലീസ് സ്റ്റേഷനിൽ 2022ൽ റജിസ്ടർ ചെയ്ത കേസിൽ പ്രതിയാണ് മാരിമുത്തു.

ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി 2 മരണം, 60 പേർക്ക് പരുക്ക്

ബര്‍ലിന്‍: ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടു മരണം. അറുപതു പേർക്ക് പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഒരു കുട്ടിയുമുള്ളതായാണ് വിവരം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കാർ ആൾകൂട്ടത്തിനിടയിലൂടെ നാനൂറ് മീറ്ററോളം മുന്നോട്ടു നീങ്ങി. സംഭവത്തിന്റെ ദൃശ്യം സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാറോടിച്ച അൻപതു വയസുകാരനായ സൗദി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2006 മുതൽ ജർമനിയിൽ സ്ഥിരതാമസമാക്കിയ ഇയാൾ ഡോക്ടറായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കാറിൽ സ്ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തിൽ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രതി താമസിക്കുന്ന ബേൺബർഗ് കേന്ദ്രീകരിച്ചും പൊലീസിന്റെ പരിശോധന തുടരുകയാണ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ആക്രമണമാണെന്നു കരുതുന്നതായും പ്രദേശിക സർക്കാർ വക്താവ് മത്തിയാസ് ഷുപ്പെയും നഗര വക്താവ് മൈക്കൽ റീഫും പറഞ്ഞു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ന് മക്ഡെബർഗ് സന്ദർശിക്കുമെന്നാണ് സൂചന. മക്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഉടൻ രാജിവയ്ക്കണമെന്ന് ഇലോൺ മസ്ക് എക്സിലൂടെ ആവശ്യപ്പെട്ടു.

2016 ഡിസംബർ 19 ന് ബര്‍ലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇറ്റലിയിലേക്കു കടന്ന തുനീസിയയിൽ നിന്നുള്ള അഭയാര്‍ത്ഥിയായ അനീസ് അംരിയെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊലപ്പെടുത്തി. 2016 ലെ ആക്രമണത്തിന്റെ എട്ടാം വാർഷികത്തിന്റെ പിറ്റേന്നാണ് ‌സമാനമായ സംഭവം.

പടിയിറങ്ങും മുന്നേ, പ്രസിഡൻ്റ് ബൈഡൻ്റെ അവസാന ഔദ്യോഗിക വിദേശ സന്ദർശനം പ്രഖ്യാപിച്ചു, മാർപാപ്പയുടെ അടുത്തേക്ക്!

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് പദവിയിൽ ജോ ബൈഡന്‍റെ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം പ്രഖ്യാപിച്ചു. ഡൊണൾഡ് ട്രംപിന് അധികാരം കൈമാറുന്നതിന് മുന്നോടിയായി ജനുവരിയിലാണ് പ്രസിഡന്‍റ് ബൈഡൻ അവസാന ഔദ്യോഗിക വിദേശ സന്ദർശനം പ്രഖ്യാപിച്ചിരിക്കുന്നത്. പടിയിറങ്ങും മുന്നേ മാർപാപ്പയുടെ അടുത്തേക്കാകും ബൈഡൻ എത്തുക. വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് ബൈഡന്‍റെ തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ജനുവരി ഒൻപതിനാകും പ്രസിഡന്റ് ബൈഡന്‍റെ അവസാന ഔദ്യോഗിക സന്ദർശനം തുടങ്ങുക. ഇറ്റലി, വത്തിക്കാന്‍ സന്ദര്‍ശനം നടത്തി ജനുവരി 12 നാകും ബൈഡൻ മടങ്ങിയെത്തുകയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നിലവിലെ തീരുമാനപ്രകാരം ജനുവരി 10 നാകും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച. തികച്ചും വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയാകും ബൈഡനും മാർപാപ്പയും തമ്മിൽ നടത്തുകയെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ആഗോള തലത്തിൽ സമാധാനം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകൾ മാര്‍പാപ്പയുമായി ബൈഡന്‍ നടത്തിയേക്കുമെന്നും വൈറ്റ് ഹൗസ് വിവരിച്ചിട്ടുണ്ട്.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും ബൈഡൻ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ഇറ്റലിയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനുള്ള ചർച്ചകളാകും മെലോണിയുമായി നടത്തുകയെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റലിയും വത്തിക്കാനും സന്ദർശിച്ച ശേഷം മടങ്ങിയെത്തുന്ന ബൈഡൻ ഒരാഴ്ചയ്ക്ക് ശേഷമാകും സ്ഥാനമൊഴിയുക. ഔദ്യോഗിക തീരുമാന പ്രകാരം ജനുവരി 20 നാണ് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ബൈഡൻ അധികാരം കൈമാറുക. നേരിട്ട് തന്നെ ചടങ്ങിൽ പങ്കെടുത്താകും ബൈഡൻ, ട്രംപിന് അധികാരം കൈമാറുകയെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുള്ളതിനാൽ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ബൈഡൻ പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. പ്രസിഡന്‍റ് ബൈഡൻ മാത്രമല്ല നിലവിലെ പ്രഥമ വനിത ജിൽ ബൈഡനും ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുമെന്നും വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്രൂ ബെറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് കാമുകിയെ ഭീഷണിപ്പെടുത്തി; യുവാവും സുഹൃത്തും പിടിയിൽ

ബംഗളുരു: സ്ത്രീകളെ കെണിയിൽ വീഴ്ത്തിയ ശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്ത കുറ്റത്തിന് രണ്ട് യുവാക്കളെ ബംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് പിടികൂടിയത്. ബിരുദധാരികളായ ഇരുവരും രണ്ട് സ്വകാര്യ കമ്പനികളിലാണ് ജോലി ചെയ്യുന്നത്.

32കാരിയായ ഒരു സ്ത്രീ പരാതിയുമായി ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയപ്പോഴാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചത്. ഏതാനും വർഷം മുമ്പ് പരിചയപ്പട്ട ഹരീഷുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു. ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ തന്റെ സുഹൃത്തായ ഹേമന്ദ് എന്നയാളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന് പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമത്രെ.

പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദുമെന്ന് പൊലീസ് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇരുവരും നേരത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുമുണ്ട്. ഇതിന് പുറമെ മറ്റ് സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞും ഇയാൾ നിർബന്ധികകുമായിരുന്നത്രെ. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കേസിന്റെ വിശദ വിവരം ലഭ്യമാക്കുമെന്നും ബംഗളുരു പൊലീസ് അറിയിച്ചു.

വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊട്ടിയം: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചി കയറ്റി വച്ചിരുന്ന ടിപ്പര്‍ ലോറിക്ക് പുറകിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. കൂട്ടിക്കട ചക്കാലയില്‍ വീട്ടില്‍ നിന്നും അയത്തില്‍ തറാക്കുടി കാഷ്യു ഫാക്ടറിക്ക് സമീപം താമസിക്കുന്ന ഷാജഹാന്റെയും ലൂസിയയുടെയും മകന്‍ ഫൈസല്‍ (17) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സെയ്ദലി(16)യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് നാലരയോടെ മൈലാപ്പൂര് ലയാ മില്‍ക്കിന് സമീപത്തായിരുന്നു അപകടം. മൈലാപ്പൂര് എകെഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ പോയ ശേഷം സ്‌കൂട്ടറില്‍ വരവെയായിരുന്നു നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്ക് പിന്നിലിടിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫൈസലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടിയം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഫൈസലിന്റെ സഹോദരി: ഫാത്തിമ.

സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

King Cobra on brown sand.

സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റു. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റേയും ബീനയുടേയും മകള്‍ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്.
ഇന്ന് ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ വലതു കാല്‍ പാദത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. പിന്നാലെ പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ അടിച്ചു കൊന്നു.
നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടി നിരീക്ഷണത്തിലാണ്.

പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളി യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

കൊല്ലം: പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളി യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ബംഗാള്‍ സ്വദേശി സബൂജ് കുമാര്‍ ബിശ്വാസ്ി (34)നെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. 2015 ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പശ്ചിമ ബംഗാളില്‍ ഭര്‍ത്താവുമൊത്ത് താമസിച്ചു വരവേ പ്രതിയുമായി സ്നേഹത്തിലാവുകയും, ഒളിച്ചോടി കൊല്ലം ചാത്തന്നൂരില്‍ താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതി മറ്റൊരു ബംഗാളി സ്വദേശിയായ യുവാവുമായി സ്നേഹത്തിലായി. ഇത് പ്രതി അറിയുകയും യുവതിയെ താമസസ്ഥലത്ത് വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം പശ്ചിമ ബംഗാളിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചാത്തന്നൂര്‍ പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. ബംഗാളി സ്വദേശികളായ നാല് പേരും കോടതിയില്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ കമലാസനന്‍ ഹാജരായി.

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്… വ്യാഴാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് 96,007പേര്‍

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. വ്യാഴാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് 96,007പേര്‍. ഈ സീസണിലെ വലിയ തിരക്കാണിത്. പകല്‍ 12 വരെ 46,000 പേരാണ് പമ്പ വഴി എത്തിയത്. പുല്‍മേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി. ഇതില്‍ 70,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയും 22,121 പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്.

വെള്ളിയും തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പകല്‍ 12 വരെ 54,099 പേര്‍ ദര്‍ശനം നടത്തിയപ്പോള്‍ വൈകിട്ട് അഞ്ചുവരെ വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് വഴി 70,964 പേര്‍ ശബരിമലയിലെത്തി. പകല്‍ 12വരെ പമ്പ വഴി 51,818 പേരും പുല്‍മേടുവഴി 2281 പേരുമാണ് എത്തിയത്. ഇതില്‍ സ്‌പോട്ട് ബുക്കിങ് മാത്രം 11,657 പേര്‍.

സീസണിലെ ഏറ്റവും വലിയ തിരക്കുണ്ടായിട്ടും ദര്‍ശനം സുഗമമാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സാധിച്ചെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ ഒരുലക്ഷത്തിലേറെപേര്‍ എത്തുമെന്ന് കണക്കാക്കി കൃത്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വെള്ളി മുതലാണ് സ്‌പോട്ട് ബുക്കിങ്ങില്‍ വലിയ വര്‍ധനയുണ്ടായത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 19 വരെ ആകെ 4,46,130 പേരാണ് സ്‌പോട്ട് ബുക്കിങ് ചെയ്തത്.

ക്രിസ്മസ് സന്ദേശവുമായി സായാഹ്നത്തിലെത്തി തേവലക്കര ഗേൾസ് സ്കൂൾ

തേവലക്കര : പങ്കുവെക്കലിന്റെയും സഹജീവസ്നേഹത്തിന്റെയും ക്രിസ്മസ് സന്ദേശവുമായി തേവലക്കര ഗേൾസ് ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വേങ്ങയിലെ അമ്മമാരുടെ ഭവനം സായാഹ്നം സന്ദർശിച്ചു. പാട്ടുപാടിയും സമ്മാനങ്ങൾ നൽകിയും സന്തോഷം പങ്കിട്ടു. ഹെഡ്മാസ്റ്റർ അഹമ്മദ്‌ നിസാറുദീൻ ക്രിസ്മസ് സന്ദേശം നൽകി. പി റ്റി എ പ്രസിഡന്റ്‌ എ സാബു, സ്റ്റാഫ്‌ സെക്രട്ടറി ഇ അനീസ്, പി റ്റി എ അംഗം ഷമീറ ഹുസൈൻ, അധ്യാപകരായ ശാന്തിദേവി, റസീല, മാധുരി, രമ്യ കെ നായർ, പ്രിയ, ശ്രീലക്ഷ്മി, ഹസീന ബീവി , ശാലിനി, അജി, സീനത്ത് എന്നിവർ സംസാരിച്ചു. സായാഹ്നം ഡയറക്ടർ സിസ്റ്റർ റോസി നന്ദി അറിയിച്ചു.