Home Blog Page 1810

വിസ്മയ കേസ്: പ്രതി കിരണിന് പരോള്‍

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വര്‍ഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പ്രൊബേഷന്‍ റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു.
വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് എതിരായിരുന്നു. പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയില്‍ മേധാവിയുടെ പരിഗണനയ്ക്ക് വിട്ടു. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയില്‍ ആസ്ഥാനത്തിന്റെ വിശദീകരണം.
കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങള്‍ കിരണിനെതിരെ തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

2021 ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുണ്ടറ ഇരട്ടകൊലപാതക കേസിൽ പ്രതി പിടിയിൽ…പിടിയിലായത് ജമ്മു കാശ്മീരിൽ നിന്ന്

കുണ്ടറ ഇരട്ടകൊലപാതക കേസിൽ പ്രതി പിടിയിൽ. പടപ്പക്കര സ്വദേശി അഖിലാണ് പിടിയിലായത്. ശ്രീനഗറിൽ നിന്നുമാണ് അഖിലിനെ പിടികൂടിയത്. അമ്മയേയും മുത്തച്ഛനെയുമാണ് അഖിൽ കൊലപ്പെടുത്തിയത്. കൃത്യം നടന്ന് നാല് മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
അമ്മയെ അതി ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട മകനെ കണ്ടെത്താൻ കുണ്ടറ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കുണ്ടറ പടപ്പക്കര സ്വദേശി പുഷ്പലതയെയാണ് വീട്ടിൽ വച്ച് മകൻ അഖിൽ കുമാർ ചുറ്റികയും കൂർത്ത ഉളിയും കൊണ്ട് അടിച്ച് അതി ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതിയുടെ ആക്രമണത്തിൽ പുഷ്പലതയുടെ പിതാവും കൊല്ലപ്പെട്ടിരുന്നു. ഇടയ്ക്ക് ഇന്ത്യയിലാകെ യാത്രചെയ്യാറുള്ള അഖിൽ കേരളം വിട്ടു പോയിട്ടുണ്ടാകുമെന്ന പൊലീസിന്റെ നിഗമനം ശെരിവയ്ക്കുന്നതായി ജമ്മു കാശ്മീരിൽ നിന്ന് പ്രതിയെ പിടികൂടിയത്. അഖിലിനായി പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പണം ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിലാണ് ലഹരിക്കടിമയായ അഖിൽ അമ്മയെക്കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ആക്രമണം തടഞ്ഞ പുഷ്പലതയുടെ പിതാവും പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

കൊടി സുനിക്ക് പരോൾ

തിരുവനന്തപുരം.ടി.പി ചന്ദ്രശേഖരൻ കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചു

30 ദിവസത്തെ പരോളിൽ സുനി പുറത്തിറങ്ങി

സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം

മനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നു

കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ DGP പരോൾ അനുവദിച്ചത്

കുന്നത്തൂരിൽ ആളില്ലാത്ത വീട്ടിലെ ഷെഡിൽ കത്തി കരിഞ്ഞ നിലയിൽ വയോധികൻ്റെ മൃതദേഹം

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ ആളില്ലാത്ത വീട്ടിലെ ഷെഡിൽ വൃദ്ധൻ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി.കുന്നത്തൂർ പടിഞ്ഞാറ് ശ്രീവിലാസത്തിൽ സഹദേവനെ (65) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.കുന്നത്തൂർ കളീലുവിള ജംഗ്ഷനിലാണ് സംഭവം.വീട്ടുകാർ എണാകുളത്താണ് കഴിഞ്ഞു വരുന്നത്.ഇതിനാൽ സഹദേവൻ്റെ സഹോദരൻ ഓമനക്കുട്ടനാണ് വീടും പറമ്പുമെല്ലാം നോക്കി വരുന്നത്.രണ്ടാഴ്ച മുമ്പ് സഹദേവൻ ഇവിടെയെത്തി ഷെഢിൽ താമസം ആരംഭിക്കുകയായിരുന്നു.വീട്ടുടമസ്ഥ എറണാകുളത്ത് നിന്നും ഇന്ന് ഉച്ചയ്ക്ക് 2 ഓടെ കുന്നത്തൂരിലെ കുടുംബ വീട്ടിലെ സി.സി.ടി.വി മൊബൈൽ ഫോണിൽ പരിശോധിച്ചപ്പോൾ ഷെഡ് പൂർണമായും കറുത്ത് കിടക്കുന്നതായി മനസിലായി.ഉടൻ തന്നെ ഓമനക്കുട്ടനെ വിളിച്ച് വിവരം അറിയിച്ചു.ഇയ്യാൾ എത്തി നോക്കുമ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.ഷെഡിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറും പത്തായവും മറ്റ് ഫർണീച്ചറുകളുമെല്ലാം കത്തിക്കരിഞ്ഞു.മണ്ണെണ്ണ ഒഴിച്ചാണ് തീ കത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.മറ്റ് ദുരൂഹതകൾ ഉള്ളതായും സൂചനയില്ല.ശാസ്താംകോട്ടയിൽ നിന്നും പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.ഉടൻ തന്നെ മൃതദേഹം ഇവിടെ നിന്നും മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. അനാരോഗ്യകരമായ ഭക്ഷണശീലം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

  1. ബീറ്റ്‌റൂട്ട് ജ്യൂസ്

പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. മാതളം ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന കൊളസ്ട്രോള്‍ നില കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. ക്രാന്‍ബെറി ജ്യൂസ്

ലോലോലിക്ക അഥവാ ക്രാൻബെറികളിൽ ആന്‍റി ഓക്‌സിഡന്‍റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

  1. ചീര ജ്യൂസ്

വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ചീര ജ്യൂസ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

  1. ആപ്പിൾ ജ്യൂസ്

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആപ്പിള്‍ ജ്യൂസ് കുടിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

  1. ചെറി ജ്യൂസ്

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ചെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

  1. തക്കാളി ജ്യൂസ്

തക്കാളി ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

  1. തണ്ണിമത്തന്‍ ജ്യൂസ്

വിറ്റാമിനുകളായ എ, സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

വന്ദേഭാരത് അടക്കം 163 ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതവും തടസ്സപ്പെട്ടു; കർഷക ബന്ദിൽ സ്തംഭിച്ച് പഞ്ചാബ്

ചണ്ഡിഗഡ്: കർഷക സംഘടനകൾ പ്രഖ്യാപിച്ച പഞ്ചാബ് ബന്ദ് പുരോ​ഗമിക്കുന്നു. റോഡ്, റെയിൽ ​ഗതാ​ഗതം വ്യാപകമായി തടസപ്പെട്ടു. പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകൾ റദ്ദാക്കി. കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു.

താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് നാല് മണി വരെ റെയിൽ, റോ‍‍‍ഡ് ​ഗതാ​ഗതം തടയാനും കടകൾ അടച്ചിടാനുമാണ് ആഹ്വാനം. സംസ്ഥാന വ്യാപകമായി 280 ഇടങ്ങളിലാണ് കർഷകർ ട്രാക്ടറുകളുമായടക്കം എത്തി റോഡുകൾ തടഞ്ഞത്. ബസ് സർവീസുകളും മുടങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. റെയിൽ ​ഗതാ​ഗതവും വ്യാപകമായി തടസപ്പെട്ടു. ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് അടക്കം 163 ട്രെയിനുകളാണ് റദ്ദാക്കിയത്. 17 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അത്യാവശ്യ സേവനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം സമരം ചെയ്യുന്ന കർഷകരുമായി പഞ്ചാബ് സർക്കാർ രണ്ട് തവണ ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ആവശ്യങ്ങൾ അം​ഗീകരിക്കും വരെ സമരം തുടരുമെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്നുമാണ് കർഷകരുടെ നിലപാട്. സമരത്തിന്റെ ഭാ​ഗമായി ഖനൗരി അതിർത്തിയിൽ 35 ദിവസമായി നിരാഹാര സമരം തുടരുന്ന മുതിർന്ന കർഷക നേതാവ് ജ​ഗ്ജീത് സിം​ഗ് ധല്ലേവാളിന്റെ ആരോ​ഗ്യനില മോശമായി തുടരുകയാണ്. ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകാൻ സുപ്രീം കോടതി പഞ്ചാബ് സർക്കാറിന് നൽകിയ സമയം നാളെ അവസാനിക്കും. കേസ് നാളെ കോടതി പരി​ഗണിക്കുന്നുണ്ട്. അതിന് മുൻപ് ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചാൽ സംഘർഷത്തിന് സാധ്യതയുണ്ട്.

ഉമാ തോമസ് എംഎൽഎ യുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി.ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലെ ആശുപത്രിയിൽ എത്തിച്ചതിനേക്കാൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ നടത്തിയ സി ടി സ്കാനിൽ ശ്വാസകോശത്തിലെ ചതവുകൾ കൂടിയത് കണ്ടെത്തി.തലച്ചോറിലെ പരിക്കിൻ്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ല എന്നും റെനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണിയും വ്യക്തമാക്കി

കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായാണ് ആശുപത്രി ഇന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയത്. ശ്വാസകോശത്തിലെ ചതവുകൾ അല്പം കൂടിയിട്ടുള്ളതായും തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതൽ ഗുരുതരം ആയിട്ടില്ല എന്നും രാവിലെ നടത്തിയ CT സ്കാനിൽ വ്യക്തമായതായി ഡോക്ടർമാർ പറഞ്ഞു

നിലവിൽ എംഎൽഎ വെന്റിലേറ്ററിൽ തുടരുകയാണെന്നും,കുറച്ചുദിവസം കൂടി വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണ് എന്നും ഡോക്ടർമാർ പറഞ്ഞു.ശ്വാസകോശത്തിന്റെ ചതവുകൾ മാറുന്നതിനു വേണ്ടി ആന്റിബയോട്ടിക്കുകൾ ഉൾപ്പെടുന്ന ചികിത്സയ്ക്ക് ആണ് പ്രാധാന്യം നൽകുന്നത്.

സ്കാനിംഗിൽ പുതിയ പരിക്കുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും ഡോക്ടർമാർ പറഞ്ഞു.നിലവിലെ സ്കാനിംഗിൽ തലച്ചോറിൽ കൂടുതൽ പരിക്കുകൾ ഇല്ലാത്തത് നല്ല കാര്യമാണ് എന്നും ഡോക്ടർമാർ പറഞ്ഞു.അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല എന്നും ശ്വാസകോശത്തിലെ പരിക്കുകൾ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത് എന്നും ഡോക്ടർമാർ വിശദീകരിച്ചു. ആരോഗ്യനിലയിൽ വ്യത്യാസം ഉണ്ടാകുന്ന മുറക്ക് മാത്രമേ വെന്റിലേറ്ററിന്റെ സപ്പോർട്ട് കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നും നിലവിൽ അബോധാവസ്ഥയിൽതന്നെയാണ് രോഗി ഉള്ളതെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.

അണ്ണാസർവകലാശാലയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ രാഷ്ട്രീയപ്രതിഷേധം ശക്തം,വിജയ് ഗവര്‍ണറെ കണ്ടു

ചെന്നൈ.അണ്ണാസർവകലാശാലയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ രാഷ്ട്രീയപ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ ഉന്നയിച്ച് ടിവികെ പ്രസിഡന്റെ വിജയ് ഗവർണറെ കണ്ടു. സുരക്ഷിതമായ തമിഴ്നാട് നിർമിക്കുമെന്ന് കാട്ടി പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിജയ് തുറന്ന കത്തെഴുതി. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ വസ്തുതാന്വേഷണ സമിതി ചെന്നൈയിൽ എത്തി യൂണിവേഴ്സിറ്റി അധികൃതരുമായി കൂടിക്കാഴ്ച നടത്തി.

അണ്ണാസർവകലാശാലയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിപക്ഷപാർട്ടികളൊന്നാകെ സമരമുഖത്താണ്. ടിവികെ പ്രസിഡന്റും നടനുമായ വിജയ് പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി തുറന്ന കത്തെഴുതി.
സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കും, ഏത് സാഹചര്യത്തിലുംസഹോദരനായി കൂടെയുണ്ടാകും, അത്രികമങ്ങൾക്ക് അറുതിവരുത്തും തുടങ്ങിയ കാര്യങ്ങളാണ് കത്തിലുള്ളത്. വിഷയം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ട് കത്തുനല്‍കി. സർക്കാരിനെതിരെ വിവധയിടിങ്ങളിൽ എഐഎഡിഎംകെയും പ്രത്യക്ഷ സമരം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയിലുള്ള സർ ആരാണെന്ന് കണ്ടുപിടിക്കണമെന്ന് പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. കേസിലെ പ്രതി ഡിഎംകെ കാരനാണെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആവർത്തിച്ചു. അതേ സമയം ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച വസ്തുതാന്വേഷണ സമിതി ചെന്നൈയിൽ എത്തി യൂണിവേഴ്സിറ്റി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. പെൺകുട്ടുയേയും കുടുംബത്തേയും സമിതി അംഗങ്ങൾ കാണും.

കേരളത്തിന് ഒരേ ഒരു ആചാര്യനേ ഉള്ളു അത് ശ്രീനാരായണ ഗുരു, വര്‍ക്കലയില്‍ മന്ത്രി എം ബി രാജേഷ്

വര്‍ക്കല. ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീർഥാടനത്തിന് തുടക്കമായി.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. ലോക സമാധാനത്തിന് ഗുരുസന്ദേശങ്ങൾ വഴികാട്ടിയാണ് എന്ന് ലോകാരാധ്യനായ മാർപ്പാപ്പ പ്രഖ്യാപിച്ചത് ഗുരുദർശനങ്ങളുടെ ശക്തി വെളിവാക്കുന്നതെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു

രാവിലെ ഏഴരയോടെ ശിവഗിരി തീർത്ഥാടനത്തിന് തുടക്കമിട്ട് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സമ്മേളനം തുടങ്ങിയത്. കേരളത്തിന് ഒരേ ഒരു ആചാര്യനേ ഉള്ളു അത് ശ്രീനാരായണ ഗുരുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആധുനിക കേരളത്തിൻ്റെ ശിലാസ്ഥാപനമാണ് അരുവിപ്പുറത്ത് ഗുരു നടത്തിയതെന്നും  മന്ത്രി

കേരളത്തിലെ അധസ്ഥിത ജനവിഭാഗത്തിന് ഇന്നും സാമൂഹിക നീതി അകലെയെന്ന് സ്വാമി സച്ചിദാനന്ദ.

മൂന്നു ദിവസങ്ങളിലായി പത്ത് സമ്മേളനങ്ങൾ തീർഥാടനത്തിന്റെ ഭാഗമായി നടക്കും. ജനുവരി ഒന്നിനാണ് തീർഥാടന സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പുറപ്പെട്ടിട്ടുള്ള തീർഥാടന പദയാത്രകൾ ഇന്നു രാത്രിയോടെ ശിവഗിരിയിൽ എത്തിച്ചേരും. 31ന് നടക്കുന്ന തീർഥാടന ഘോഷയാത്രയിൽ എല്ലാ പദയാത്രികരും അണിനിരക്കും

ഓടയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം. തച്ചോട്ടുകാവിൽ ഓടയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി.തച്ചോട്ടുകാവ്
വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന വിദ്യാധരനെയാണ്
മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ കണ്ടതിനെ തുടർന്നു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഓടയ്ക്ക് കോൺക്രീറ്റ് മൂടി ഇല്ലാത്തതിനാൽ കാൽവഴുതി വീണതാകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വിദ്യാധരൻ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നു ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.
മൃതദേഹം തുടർനടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.