Home Blog Page 1353

വീട്ടിലെ പ്രസവത്തിനിടെ മരണം; യുവതി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വിവരങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിൽ 35കാരിയായ അസ്മ മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിസ്തയ്ക്കിടെ മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് മരണ കാരണമെന്നാണ് വീട്ടുകാരുടെ പരാതി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്. തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ തന്നെ. ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീൻ ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് തിരിച്ചത്. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പൊലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.

ഒന്നരവർഷം മുൻപാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ താമസമാക്കുന്നത്. സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീൻ. മടവൂർ ഖലീഫ എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാൾ ചെയ്തിരുന്നു. നാട്ടുകാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. ഇവർക്ക് നാല് മക്കളുള്ളതായി പോലും അറിഞ്ഞിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആശാവർക്കർമാരോട് ഗർഭിണിയല്ലെന്നും അസ്മ പറഞ്ഞിരുന്നു. അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണ്.

ട്രംപിനെതിരെ പ്രതികാര നടപടി വേണ്ടെന്ന് വെച്ചേക്കും, ഇന്ത്യ സമവായ സാധ്യത തേടുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഉന്നത സർക്കാർ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടാഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

വ്യാപാര പങ്കാളികൾക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓർഡറിലെ വകുപ്പ് ഇന്ത്യൻ സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും ചർച്ചകളുടെ വിശദാംശങ്ങൾ രഹസ്യമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നും പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് ഇന്ത്യക്ക് ചുമത്തിയ താരിഫെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ആഗോള വിപണികളെ പിടിച്ചുകുലുക്കിയ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം പ്രതികാരമെന്ന നിലയിൽ ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യ സമവായ സാധ്യത തേടുന്നത്. ഇന്ത്യക്ക് പുറമെ, തായ്‌വാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾളും സമവായ സാധ്യത തേടുന്നു. താരിഫ് തർക്കം പരിഹരിക്കുന്നതിനായി വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യയും യുഎസും ഫെബ്രുവരിയിൽ സമ്മതിച്ചിരുന്നു.

23 ബില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് ഇറക്കുമതിയുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഉയർന്ന നിലവാരമുള്ള ബൈക്കുകളുടെയും ബർബണിന്റെയും തീരുവ, യുഎസ് ടെക് ഭീമന്മാരെ ബാധിച്ച ഡിജിറ്റൽ സേവനങ്ങൾക്കുള്ള നികുതി എന്നിവ കുറയ്ക്കാമെന്നും ഇന്ത്യ സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

സെൻസെക്സ് കൂപ്പുകുത്തി, 3000 പോയിൻറ് ഇടിഞ്ഞു; ട്രംപിൻറെ തീരുവ യുദ്ധത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി

മുംബൈ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി. സെൻസെക്സ് ഒറ്റയടിക്ക് മൂവായിരം പോയിൻറാണ് ഇടിഞ്ഞത്. നിഫ്റ്റി ആയിരം പോയിൻറും ഇടിഞ്ഞു. ഇന്ത്യൻ വിപണിക്ക് മാത്രമല്ല ഏഷ്യൻ വിപണിക്ക് മൊത്തത്തിൽ വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുവ യുദ്ധത്തിലുണ്ടായിരിക്കുന്നത്. ജപ്പാൻ, ഹോങ്കോങ് സൂചികകൾ ഒൻപത് ശതമാനം താഴ്ന്നു. ജാപ്പനീസ് കാർ കമ്പനികളുടെ മൂല്യം കൂപ്പുകുത്തി.

ഇന്ത്യൻ വിപണിയിലെന്നല്ല, ഏഷ്യൻ വിപിണിയിൽ തന്നെ ഏറെക്കുറെ എല്ലാ സൂചകങ്ങളും ഇടിവിലാണ്. മുൻ നിര കമ്പനികളുടെ ഓഹരി മൂല്യത്തിൽ 19. 4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. 50 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയ ശേഷം മാത്രം ഇടിഞ്ഞത്. ഒരു ഡോളറിന് 84 രൂപ 64 പൈസ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. ട്രംപിൻറെ തീരുവ യുദ്ധത്തിന് പിന്നാലെ ചൈന, അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ഉയർത്തിയതോടെ ലോകം വ്യാപാര യുദ്ധത്തിലേക്കെന്ന ഭീതിയാണ് വിപണിയിൽ ദൃശ്യമാകുന്നത്. ഇതാണ് ഓഹരി വിപണികൾ കൂപ്പുകുത്താൻ കാരണം. ആഗോള സാമ്പത്തിക മാന്ദ്യത്തിന് തന്നെ ഇത് കാരണമാകുമോയെന്ന ആശങ്കയാണ് വിദഗ്ധ‍ർ പങ്കുവയ്ക്കുന്നത്.

ലോയ്ഡ്‌സ് മെറ്റൽസ് ആൻഡ് എനർജി, നാഷണൽ അലുമിനിയം കമ്പനി എന്നിവയുടെ ഓഹരികൾ 9 ശതമാനത്തിലധികം ഇടിഞ്ഞു, സെയിൽ, ഹിന്ദുസ്ഥാൻ കോപ്പർ, വേദാന്ത ലിമിറ്റഡ്, ഹിൻഡാൽകോ എന്നിവയുടെ ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു. ജെ എസ് ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ സിങ്ക്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ എന്നിവയുടെ ഓഹരികൾ 5 ശതമാനത്തിലധികം ഇടിഞ്ഞു. ടാറ്റാ സ്റ്റീൽ 10 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. ശക്തമായ ഇടിവ് നിഫ്റ്റി മെറ്റൽ സൂചിക ഏകദേശം 7 ശതമാനം ഇടിഞ്ഞ് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അദാനി എന്റർപ്രൈസസ്, എൻ എം ഡി സി, വെൽസ്പൺ കോർപ്പ് , മറ്റ് മെറ്റൽ ഓഹരികൾ എന്നിവ നാല് ശതമാനത്തിലധികം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.

മോഹന്‍ലാല്‍- ശോഭന കോംബോ…..’തുടരും’ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍- ശോഭന കോംബോയില്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം തുടരുമിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രില്‍ 25ന് തിയറ്ററുകളിലെത്തും. മോഹന്‍ലാല്‍- ശോഭന കോംബോ 20 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണിത്.
ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്.
മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ബിനു പപ്പു, സംഗീത് കെ പ്രതാപ്, ഇര്‍ഷാദ് അലി, ആര്‍ഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി സുരേഷ്‌കുമാര്‍, ജെയ്സ് മോന്‍, ഷോബി തിലകന്‍, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം – ജേക്സ് ബിജോയ്. എഡിറ്റിംഗ്- നിഷാദ് യൂസഫ്, ഷഫീഖ് വി ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അവന്തിക രഞ്ജിത്. കലാസംവിധാനം – ഗോകുല്‍ ദാസ്. മേക്കപ്പ് – പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈന്‍ – സമീറ സനീഷ്. സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സന്‍ പൊടുത്താസ്.

കേന്ദ്രം വക ഷോക്ക്! പെട്രോളിനും ഡീസലിനും വില കൂടും, എക്സൈസ് ഡ്യൂട്ടി 2 രൂപ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെൽഹി : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു.
ഇതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.

ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതല്‍ ഞെരുക്കും.

കെ സ്മാർട്ട് പഞ്ചായത്തുകളിലേക്ക്; കാത്തുകാത്തിരുന്ന് ലഭിച്ച ബിൽഡിങ് പെർമിറ്റുകൾ സെക്കൻറുകൾക്കുള്ളിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കെ സ്മാർട്ട് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് പൂർണസജ്ജമാകും. ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ സ്മാർട്ട് പോർട്ടലിലൂടെ ലഭിക്കും. ഏപ്രിൽ 10 മുതൽ പഞ്ചായത്തുകളിലും സേവനമെത്തും.

ദിവസങ്ങളും മാസങ്ങളും വേണ്ടിവന്നിരുന്ന ബിൽഡിങ് പെർമിറ്റുകൾ സെക്കൻറുകൾക്കുള്ളിൽ അനുവദിച്ച് ഡിജിറ്റൽ ഗവേർണൻസിൽ വൻ മുന്നേറ്റം കുറിക്കുകയാണ് കെ സ്മാർട്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ കെ സ്മാർട്ട് ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലുമാണ് രാജ്യത്താദ്യമായി എഐയുടെയും വിവിധ റൂൾ എൻജിനുകളുടെയും സഹായത്തോടെ വലിയ മാറ്റം കൊണ്ടുവരുന്നത്.

ഏറ്റവും ലളിതമായി വെറും 30 സെക്കൻഡ് കൊണ്ട് കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കാനുള്ള അതിനൂതന സംവിധാനമാണ് കെ സ്മാർടിലൂടെ തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കേരളാ ബിൽഡിംഗ് റൂൾ അനുശാസിക്കുന്ന എല്ലാത്തരം കെട്ടിടങ്ങളുടെ പെർമിറ്റും ഇത്തരത്തിൽ കരസ്ഥമാക്കാം. ഇ-ഡിസിആർ റൂൾ എൻജിൻ, ജിഐഎസ് റൂൾ എൻജിൻ എന്നീ സംവിധാനങ്ങളുടെ സംയോജിച്ചുള്ള പ്രവർത്തനമാണ് ബിൽഡിങ് പെർമിറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ‘നോ യുവർ ലാൻഡ്’, ‘കെ- മാപ്പ്’, സിആർഇസെഡ്, മാസ്റ്റർ പ്ലാൻസ്, എയർപോർട്ട് സോൺ, റെയിൽവേ ലാൻഡ്, ലാൻഡ് സ്ലൈഡ് സോൺ, ഹൈ ടൈഡ് ലൈൻ ഏരിയ, ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻസ് എന്നിവ സിംഗിൾ പ്ലാറ്റ്‌ഫോമിലൂടെ വിശദമായി അറിയാൻ കഴിയും.

85238 പെർമിറ്റ് ആപ്ലിക്കേഷനുകൾ ലഭിച്ചതിൽ 65846 എണ്ണത്തിന് പെർമിറ്റുകൾ നൽകി. 28393 സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ആപ്ലിക്കേഷനുകളും 34496 ജനറൽ ബിൽഡിംഗ് പെർമിറ്റ് ആപ്ലിക്കേഷനുകളും ലഭിച്ചു. ഇതിൽ 28393 സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകളും 22919 ജനറൽ ബിൽഡിംഗ് പെർമിറ്റുകളും നൽകി. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവന്തപുരം കോർപ്പറേഷനിലാണ്- ഇവിടെ ആകെ 11903 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 9317 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകിക്കഴിഞ്ഞു. ആകെ അപേക്ഷകളുടെ 78.27 ശതമാനമാണിത്.

കൊച്ചി കോർപ്പറേഷനിൽ ആകെ 4314 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 3485 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകി. ആകെ അപേക്ഷകളുടെ 80.78 ശതമാനമാണിത്. കൊല്ലം കോർപ്പറേഷനിൽ ആകെ 3172 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 2697 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകി. ആകെ അപേക്ഷകളുടെ 85.03 ശതമാനമാണിത്. തൃശ്ശൂർ കോർപ്പറേഷനിൽ ആകെ 2946 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 2277 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകി. ആകെ അപേക്ഷകളുടെ 77.29 ശതമാനമാണിത്. കോഴിക്കോട് കോർപ്പറേഷനിൽ ആകെ 6179 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 4954 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകി. ആകെ അപേക്ഷകളുടെ 80.17 ശതമാനമാണിത്. കണ്ണൂർ കോർപ്പറേഷനിൽ ആകെ 2642 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 1719 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകിക്കഴിഞ്ഞു. ആകെ അപേക്ഷകളുടെ 65.06 ശതമാനമാണിത്. പൂർണ്ണമായും കടലാസ് രഹിതമായ പ്രവർത്തന ഘട്ടങ്ങളും സുതാര്യവും ലളിതവുമായ നടപടി ക്രമങ്ങളും തന്നെയാണ് കെ സ്മാർട്ടിൻറെ പ്രത്യേകതയെന്ന് അധികൃതർ അറിയിച്ചു.

അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ബാലനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് യുവാക്കൾ, കേസ്

ദാവൺഗരെ: അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. കർണാടകയിലെ ദാവൺഗരെയ്ക്ക സമീപമുള്ള നല്ലൂരിലെ അസ്താപനഹള്ളിയിലാണ് സംഭവം. സ്കൂൾ പഠനം പാതിവഴിയിൽ അവസാനിപ്പിച്ച ആദിവാസി ബാലനെ മരത്തിൽ കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗങ്ങളിലാണ് മർദ്ദിച്ചത്.

ആദിവാസി ബാലനെ തല്ലുന്നത് തടയാൻ ശ്രമിച്ച കൂട്ടുകാരനും മർദ്ദനമേറ്റിട്ടുണ്ട്. തോട്ടത്തിൽ വെള്ളമെത്തിക്കാനുള്ള പൈപ്പു കൊണ്ടായിരുന്നു സ്വകാര്യ ഭാഗങ്ങളിൽ അടക്കമുള്ള മർദ്ദനം. ഹക്കി പിക്കി എന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത ബാലനെ ഇതേ വിഭാഗത്തിലുള്ളവർ മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ മർദ്ദനമേറ്റ ബാലന്റെ മുത്തച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആദിവാസി ബാലന്റെ വസ്ത്രങ്ങൾ ബലമായി നീക്കിയ സംഘം കുട്ടിയുടെ ദേഹത്ത് ഉറുമ്പിനെ അടക്കമുള്ളത് ഇടുന്നത് അടക്കമുള്ള വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. അർധനഗ്നനാക്കിയ ബാലനെ അധിക്ഷേപിക്കുകയും അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

9 പേർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. 23കാരനായ സുഭാഷ്, 21കാരനായ ലക്കി, 22കാരനായ ദർശൻ, 25കാരനായ പരശു, 23കാരനായ ശിവദർശനൻ, 25കാരനായ ഹരിഷ്, 20കാരനായ രാജു, 18കാരനായ ഭൂനി, 32കാരനായ മധുസൂദനൻ എന്നിവർ ചേർന്നാണ് ആദിവാസി ബാലനെ മരത്തിൽ കെട്ടിയിട്ട് തല്ലിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്യ സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയിൽ വന്നിരുന്നു.

ഒന്നാമതാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു, പക്ഷേ ഇവിടുത്തെ സ്ഥിതിയെന്ത്? സ്വയം പുകഴ്ത്തൽ നിർത്തണമെന്ന് ജി സുധാകരൻ

ആലപ്പുഴ: ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉൾപ്പെടെ വിവിധ വകുപ്പുകൾക്കെതിരെ വിമർശനമുയർത്തി മുതിർന്ന് സിപിഎം നേതാവ് ജി സുധാകരൻ. എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. സ്വയം പുകഴ്ത്തൽ നടത്തിക്കോട്ടെ. പക്ഷേ ഇവിടുത്തെ സ്ഥിതി എന്താണെന്ന് ജി സുധാകരൻ ചോദിച്ചു. ശരീരത്തിൻറെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം പ്രധാനമാണ്. സംഘർഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ല. പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകൾ കാണാതെ പോകുന്നു. അയാൾക്കെതിരെ നടപടിയില്ല, അറസ്റ്റ് ചെയ്യണ്ടേ എന്നും സുധാകരൻ ചോദിച്ചു.

എംബിഎ ഉത്തരക്കടലാസ് സ്കൂട്ടറിൽ കൊണ്ടു പോയില്ലേ. ഒരു മാധ്യമവും മുഖപ്രസംഗം എഴുതിയില്ല, ഒരു വൈസ് ചാൻസലറും ഒരു വിദ്യാർത്ഥി സംഘടനയും മിണ്ടിയില്ല.
പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയില്ല. എല്ലായിടത്തും ലഹരി. ഇതിലും മുന്നിലല്ലേ. സ്വയം പുകഴ്ത്തൽ നിർത്തണമെന്നും സുധാകരൻ പറഞ്ഞു. എംഎൽഎയുടെ മകൻറെ പ്രശ്നത്തിൽ താൻ സജി ചെറിയാനെതിരെ ഒന്നും പറഞ്ഞില്ല. എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയതാണ്. എംഎൽഎയുടെ മകനെ എനിക്കറിയാം. അയാൾ ലഹരിയൊന്നും ഉപയോഗിക്കില്ല. എവിടെയോ ഇരുന്നപ്പോൾ പിടിച്ചു കൊണ്ടുപോയതാണ്. അയാൾ അതൊന്നും ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു.

ആരോഗ്യ വകുപ്പിനെതിരെയും ജി സുധാകരൻ കടുത്ത വിമർശനം ഉന്നയിച്ചു. സർക്കാരിൻറെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് പാവപ്പെട്ടവന് പ്രയോജനമില്ല. ആരോഗ്യ മേഖലയിൽ നമ്പർ വൺ എന്ന് മാത്രം പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പിനെതിരെയും ജി സുധാകരൻ കടുപ്പിച്ചു. ടി വി തോമസിന് ശേഷം ആലപ്പുഴയിൽ ഏതെങ്കിലും പുതിയ വ്യവസായങ്ങൾ വന്നിട്ടുണ്ടോ. ആശുപത്രികൾ മാത്രം വരുന്നുവെന്നാണ് സുധാകരൻ കൂട്ടിച്ചേർത്തു.

പടക്കം പൊട്ടിച്ചത് ചോദ്യംചെയ്തു; നാലുപേര്‍ക്ക് വെട്ടേറ്റു

കാസര്‍കോട്: നാലാംമൈലില്‍ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് ചോദ്യംചെയ്തതിന് നാലുപേര്‍ക്ക് വെട്ടേറ്റു. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീന്‍, മകന്‍ ഫവാസ്, ബന്ധുക്കളായ റസാഖ്, മുന്‍ഷീദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
അയല്‍വാസിയുടെ വീട്ടില്‍ രണ്ടംഗസംഘം പടക്കം പൊട്ടിച്ചത് ഫവാസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ സംഘം തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. ഇതിനുശേഷം ഇബ്രാഹിം എത്തി മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു പത്തംഗ സംഘത്തിന്റെ ആക്രമണം. കണ്ണില്‍ പെപ്പര്‍ സ്‌പേ അടിച്ച ശേഷം ഫവാസിനെ ആക്രമികള്‍ കുത്തി വീഴ്ത്തുകയായിരുന്നു. വധശ്രമത്തിന് വിദ്യനഗര്‍ പൊലീസ് കേസെടുത്തു. മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തുവരികയാണ്.

കോത്തഗിരിയിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിക്കു പിന്നാലെ കരിമ്പുലിയും

നീലഗിരി.തമിഴ്നാട് നീലഗിരി കോത്തഗിരിയിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിക്കു പിന്നാലെ കരിമ്പുലിയും ഇറങ്ങി. വീടുകളോട് ചേർന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുലിയും കരിമ്പുലിയുമെത്തിയത്. പുലികൾ നടന്നു നീങ്ങുന്ന സിസി ടി വി ദൃശ്യം പുറത്തു വന്നു. മലയാളികളടക്കം തിങ്ങി പാർക്കുന്ന മേഖലയിൽ വന്യജീവി സാന്നിധ്യം നേരത്തേയും സ്ഥിരീകരിച്ചിരുന്നു. ജാഗ്രത നിർദേശം നൽകിയ വനം വകുപ്പ് നിരീക്ഷണവും ശക്തമാക്കി

REP PIC