കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ കേസ്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന എഫ്ഐആറില്‍ ‘നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്സ്’ എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ ഉത്സവ കമ്മിറ്റി എന്നിവരും പ്രതികളാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ ട്രൂപ്പിനെതിരെ കേസ്
എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ഇതാ 10 മാർഗങ്ങൾ
എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആഘോഷിക്കുന്നു. ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. ‘ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷയുള്ള ഭാവികൾ’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം. എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ഒന്ന്
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ശരീര താപനില നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. അതിനാൽ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.
രണ്ട്
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നതിലൂടെ വിവിധ ആരോഗ്യപ്രശ്നങ്ങളെ തടഞ്ഞ് നിർത്താൻ സഹായിക്കുന്നു.
മൂന്ന്
പതിവായി വ്യായാമം ചെയ്യുന്നത് പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്താനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ശീലമാക്കുക.
നാല്
ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ മറ്റ് പ്രവർത്തനങ്ങളിലും ഉറക്കം നിർണായക പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
അഞ്ച്
വിട്ടുമാറാത്ത സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദ്രോഗം, പൊണ്ണത്തടി, വിഷാദം തുടങ്ങിയ വിവിധ ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ആറ്
അമിതമായ മദ്യപാനം ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിൽ കരൾ തകരാറ്, ചിലതരം അർബുദ സാധ്യത വർദ്ധിപ്പിക്കൽ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. മദ്യപാനം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഏഴ്
പുകവലി ശ്വാസകോശ അർബുദം, ഹൃദ്രോഗം, ശ്വസന പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുകയും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
എട്ട്
പതിവായി കൈ കഴുകുക, പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ദിവസവും കുളിക്കുക തുടങ്ങിയ നല്ല ശുചിത്വ ശീലങ്ങൾ പാലിക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ഒൻപത്
ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും പതിവായി ആരോഗ്യ പരിശോധനകളും സ്ക്രീനിംഗുകളും നിർണായകമാണ്. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, വിവിധ അർബുദങ്ങൾ എന്നിവയ്ക്കുള്ള സ്ക്രീനിംഗുകൾ, വാക്സിനേഷനുകൾ, ദന്ത പരിശോധനകൾ എന്നിവ ചെയ്യുക.
പത്ത്
സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക എന്നുള്ളതാണ് മറ്റൊരു കാര്യം. മാനസികവും വൈകാരികവുമായ ക്ഷേമത്തിനും, പിന്തുണ നൽകുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ബന്ധങ്ങൾ അത്യാവശ്യമാണ്.
12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; 42 കാരന് നാല് ജീവപര്യവും ഒരു ലക്ഷം രൂപ പിഴയും
കൊല്ലം: കൊല്ലത്ത് 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 42 കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും വിധിയില്‍ പറയുന്നു.
2016 ജനുവരി മുതലാണ് അമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ പ്രതി ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതിക്കെതിരെ മറ്റ് ജില്ലകളിലും പോക്സോ കേസുകളും മലപ്പുറം ജില്ലയിൽ കൊലപാതക കേസും നിലവിലുണ്ട്.
ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു
കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. നടൻ്റെ ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിൻവലിച്ചത്.
8-ാം ക്ലാസിൽ 2 പിരീഡ്, 9ലും 10ലും ഓരോ പീരീഡ്; വിദ്യാർഥികളുടെ വ്യായാമ സമയം ഫലപ്രദമായി ഉപയോഗിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളുടെ വ്യായാമം ഉറപ്പുവരുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ലോക സൂംബാ ദിനമായ ഏപ്രിൽ 29ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആയിരം വിദ്യാർത്ഥികളുടെ മെഗാ സൂംബാ ഡിസ്പ്ലെ സംഘടിപ്പിക്കും.
പൊതുവിദ്യാലയങ്ങളിൽ പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി തലംവരെ പഠിക്കുന്ന എല്ലാ കുട്ടികളും ദിവസവും നിശ്ചിത നേരം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ആവശ്യമായ അവസരം ഉണ്ടാക്കും. പ്രീ പ്രൈമറി,പ്രൈമറി ക്ലാസുകളിൽ SCERT രൂപപ്പെടുത്തിയിട്ടുള്ള ഹെൽത്തി കിഡ്സ് പദ്ധതി വരുന്ന അധ്യായന വർഷം എല്ലാ സ്കൂളുകളിലും നടപ്പിലാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂൾ അധ്യാപകർക്കും അവധിക്കാല പരിശീലനം നൽകും. അപ്പർ പ്രൈമറി തലത്തിൽ ആഴ്ചയിൽ മൂന്ന് ആരോഗ്യ,കായിക വിദ്യാഭ്യാസ പീരീഡുകളിൽ കുട്ടികൾക്ക് കളികളിൽ ഏർപ്പെടാൻ ഉള്ള അവസരം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എട്ടാം ക്ലാസിൽ രണ്ട് പിരീഡും,9, 10 ക്ലാസുകളിൽ ഓരോ പീരീഡ് വീതവും ആരോഗ്യ,കായിക വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഈ പീരീഡുകൾ കുട്ടികൾക്ക് കളിക്കുവാനുള്ള അവസരം നൽകണം. ഹയർസെക്കൻഡറി തലത്തിൽ ആഴ്ചയിൽ രണ്ട് പീരീഡുകൾ കായിക വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിട്ടുള്ളത് കുട്ടികൾക്ക് കളിക്കുവാനുള്ള അവസരമായി മാറണം. സ്കൂൾ പ്രവർത്തനത്തിലെ അവസാന പിരീഡ് എല്ലാ അധ്യാപകരും ഒത്തുചേർന്ന് കുട്ടികൾക്ക് കായിക പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള അവസരം ഉറപ്പാക്കണമെന്നും നിർദേശം.
സ്കൂളുകളിൽ സ്പോർട്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ഹൗസുകൾ തമ്മിലുള്ള ഇന്റർ ഹൗസ് /ഇന്റർ ക്ലാസ് കായിക മത്സരങ്ങൾ സംഘടിപ്പിക്കണം. കേരളത്തിൽ ചരിത്ര വിജയമായി മാറിയ ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേളയ്ക്ക് സമാനമായി സ്കൂൾ തലം മുതൽ ജില്ലാതലം വരെ ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള സംഘടിപ്പിക്കാൻ നടപടികൾ കൈക്കൊള്ളും. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ നിർബന്ധമായും കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം നിലവിലുണ്ട്. സമാനമായ നിർദ്ദേശമാണ് മുഖ്യമന്ത്രിയുടെ യോഗത്തിലും ഉയർന്നുവന്നത്. ഇതിനായി ആരോഗ്യരംഗത്തെ വിദഗ്ധരെയും,കായിക രംഗത്തെ വിദഗ്ധരെയും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ വിഭാഗം കുട്ടികൾക്കും ചെയ്യുവാൻ കഴിയുന്ന വ്യായാമ പ്രവർത്തനങ്ങളടെ ഡിജിറ്റൽ വീഡിയോകൾ തയ്യാറാക്കും.
കേരളത്തിലെ എല്ലാ കുട്ടികളും ഒരു ദിവസം ഒരേ സമയം ഒരേ രീതിയിലുള്ള കായിക പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടുള്ള മാസ് കായിക പ്രവർത്തന ക്യാമ്പയിൻ സംഘടിപ്പിക്കും. സംസ്ഥാനത്ത് മുമ്പ് വിജയകരമായി നടപ്പിലാക്കിയിരുന്ന സമ്പൂർണ്ണ കായിക ക്ഷമതാ പദ്ധതി കൂടുതൽ സജീവമായ നിലയിൽ പുനരാരംഭിക്കും. ഇതിനായി പ്രത്യേക ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് ബാറ്ററി രൂപീകരിക്കുവാൻ ആവശ്യമായ നിർദ്ദേശം SCERT യ്ക്ക് നൽകിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആയിരം പൊതുവിദ്യാലയങ്ങളിൽ കായിക പരിശീലനം നൽകുന്നതിന് വേണ്ടിയുള്ള പ്രത്യേക ഡേ ബോർഡിങ് സ്കീം ആരംഭിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നും മന്ത്രി വ്യക്തമാക്കി.
‘3 ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയിട്ടുണ്ട്, പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ സൂചന ലഭിച്ചു’
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ്. സുകാന്തിനെ പിടിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യക്ക് കാരണം. പ്രതി മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിസിപി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച വന്നിട്ടില്ലെന്നും രണ്ട് ടീമായി അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിയെ പിടികൂടിയാലെ കൂടുതൽ വിവരം കിട്ടുകയുള്ളൂ. മൂന്ന് ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയിട്ടുണ്ട്. സുകാന്തിന്റെ മൊബൈലും ലാപ്ടോപ്പും പരിശോധിക്കണം. മരിച്ച ഉദ്യോഗസ്ഥയുടെ ഫോൺ തകർന്ന നിലയിലാണ് ലഭിച്ചത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായുള്ള ആരോപണത്തിൽ ചില തെളിവുകൾ കിട്ടിയിട്ടുണ്ട്. ആ തെളിവുകൾ പരിശോധിക്കുകയാണെന്നും ഡിസിപി അറിയിച്ചു.
താമസിക്കുന്ന സ്ഥലത്ത് നിന്നാണ് സുകാന്തിന്റെ മൊബൈലും ലാപ്ടോപ്പും കണ്ടെത്തിയത്. രാജ്യം വിട്ട് പോകാതിരിക്കാൻ ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. സുകാന്തിന്റെ മാതാപിതാക്കളും ഒളിവിലാണ്. കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നു. ഐബിയിൽ നിന്ന് സുകാന്തിന് സഹായം ലഭിക്കുന്നതിന് തെളിവില്ല. സുകാന്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
വീട്ടിലെ പ്രസവത്തിനിടെ മരണം; യുവതി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വിവരങ്ങൾ പുറത്ത്
കൊച്ചി: എറണാകുളം പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിൽ 35കാരിയായ അസ്മ മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിസ്തയ്ക്കിടെ മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് മരണ കാരണമെന്നാണ് വീട്ടുകാരുടെ പരാതി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്. തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ തന്നെ. ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീൻ ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് തിരിച്ചത്. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പൊലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.
ഒന്നരവർഷം മുൻപാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ താമസമാക്കുന്നത്. സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീൻ. മടവൂർ ഖലീഫ എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാൾ ചെയ്തിരുന്നു. നാട്ടുകാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. ഇവർക്ക് നാല് മക്കളുള്ളതായി പോലും അറിഞ്ഞിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആശാവർക്കർമാരോട് ഗർഭിണിയല്ലെന്നും അസ്മ പറഞ്ഞിരുന്നു. അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണ്.
ട്രംപിനെതിരെ പ്രതികാര നടപടി വേണ്ടെന്ന് വെച്ചേക്കും, ഇന്ത്യ സമവായ സാധ്യത തേടുന്നുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടാഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാപാര പങ്കാളികൾക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓർഡറിലെ വകുപ്പ് ഇന്ത്യൻ സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും ചർച്ചകളുടെ വിശദാംശങ്ങൾ രഹസ്യമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നും പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് ഇന്ത്യക്ക് ചുമത്തിയ താരിഫെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ആഗോള വിപണികളെ പിടിച്ചുകുലുക്കിയ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം പ്രതികാരമെന്ന നിലയിൽ ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യ സമവായ സാധ്യത തേടുന്നത്. ഇന്ത്യക്ക് പുറമെ, തായ്‌വാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾളും സമവായ സാധ്യത തേടുന്നു. താരിഫ് തർക്കം പരിഹരിക്കുന്നതിനായി വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യയും യുഎസും ഫെബ്രുവരിയിൽ സമ്മതിച്ചിരുന്നു.
23 ബില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് ഇറക്കുമതിയുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഉയർന്ന നിലവാരമുള്ള ബൈക്കുകളുടെയും ബർബണിന്റെയും തീരുവ, യുഎസ് ടെക് ഭീമന്മാരെ ബാധിച്ച ഡിജിറ്റൽ സേവനങ്ങൾക്കുള്ള നികുതി എന്നിവ കുറയ്ക്കാമെന്നും ഇന്ത്യ സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സെൻസെക്സ് കൂപ്പുകുത്തി, 3000 പോയിൻറ് ഇടിഞ്ഞു; ട്രംപിൻറെ തീരുവ യുദ്ധത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി
മുംബൈ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി. സെൻസെക്സ് ഒറ്റയടിക്ക് മൂവായിരം പോയിൻറാണ് ഇടിഞ്ഞത്. നിഫ്റ്റി ആയിരം പോയിൻറും ഇടിഞ്ഞു. ഇന്ത്യൻ വിപണിക്ക് മാത്രമല്ല ഏഷ്യൻ വിപണിക്ക് മൊത്തത്തിൽ വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുവ യുദ്ധത്തിലുണ്ടായിരിക്കുന്നത്. ജപ്പാൻ, ഹോങ്കോങ് സൂചികകൾ ഒൻപത് ശതമാനം താഴ്ന്നു. ജാപ്പനീസ് കാർ കമ്പനികളുടെ മൂല്യം കൂപ്പുകുത്തി.
ഇന്ത്യൻ വിപണിയിലെന്നല്ല, ഏഷ്യൻ വിപിണിയിൽ തന്നെ ഏറെക്കുറെ എല്ലാ സൂചകങ്ങളും ഇടിവിലാണ്. മുൻ നിര കമ്പനികളുടെ ഓഹരി മൂല്യത്തിൽ 19. 4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. 50 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയ ശേഷം മാത്രം ഇടിഞ്ഞത്. ഒരു ഡോളറിന് 84 രൂപ 64 പൈസ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. ട്രംപിൻറെ തീരുവ യുദ്ധത്തിന് പിന്നാലെ ചൈന, അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ഉയർത്തിയതോടെ ലോകം വ്യാപാര യുദ്ധത്തിലേക്കെന്ന ഭീതിയാണ് വിപണിയിൽ ദൃശ്യമാകുന്നത്. ഇതാണ് ഓഹരി വിപണികൾ കൂപ്പുകുത്താൻ കാരണം. ആഗോള സാമ്പത്തിക മാന്ദ്യത്തിന് തന്നെ ഇത് കാരണമാകുമോയെന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.
ലോയ്ഡ്‌സ് മെറ്റൽസ് ആൻഡ് എനർജി, നാഷണൽ അലുമിനിയം കമ്പനി എന്നിവയുടെ ഓഹരികൾ 9 ശതമാനത്തിലധികം ഇടിഞ്ഞു, സെയിൽ, ഹിന്ദുസ്ഥാൻ കോപ്പർ, വേദാന്ത ലിമിറ്റഡ്, ഹിൻഡാൽകോ എന്നിവയുടെ ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു. ജെ എസ് ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ സിങ്ക്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ എന്നിവയുടെ ഓഹരികൾ 5 ശതമാനത്തിലധികം ഇടിഞ്ഞു. ടാറ്റാ സ്റ്റീൽ 10 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. ശക്തമായ ഇടിവ് നിഫ്റ്റി മെറ്റൽ സൂചിക ഏകദേശം 7 ശതമാനം ഇടിഞ്ഞ് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അദാനി എന്റർപ്രൈസസ്, എൻ എം ഡി സി, വെൽസ്പൺ കോർപ്പ് , മറ്റ് മെറ്റൽ ഓഹരികൾ എന്നിവ നാല് ശതമാനത്തിലധികം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
മോഹന്‍ലാല്‍- ശോഭന കോംബോ…..’തുടരും’ റിലീസ് തീയതി പ്രഖ്യാപിച്ചു
മോഹന്‍ലാല്‍- ശോഭന കോംബോയില്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം തുടരുമിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രില്‍ 25ന് തിയറ്ററുകളിലെത്തും. മോഹന്‍ലാല്‍- ശോഭന കോംബോ 20 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചു. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണിത്.
ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്.
മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ബിനു പപ്പു, സംഗീത് കെ പ്രതാപ്, ഇര്‍ഷാദ് അലി, ആര്‍ഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി സുരേഷ്‌കുമാര്‍, ജെയ്സ് മോന്‍, ഷോബി തിലകന്‍, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം – ജേക്സ് ബിജോയ്. എഡിറ്റിംഗ്- നിഷാദ് യൂസഫ്, ഷഫീഖ് വി ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അവന്തിക രഞ്ജിത്. കലാസംവിധാനം – ഗോകുല്‍ ദാസ്. മേക്കപ്പ് – പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈന്‍ – സമീറ സനീഷ്. സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സന്‍ പൊടുത്താസ്.








































