പത്തനംതിട്ട ചിറ്റാറില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ആര്‍.ആര്‍.രതീഷ് ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അടുത്തിടെയായി ജോലിക്ക് കൃത്യമായി ഹാജരായിരുന്നില്ല.ഇതിലെ നോട്ടിസിനും കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.വകുപ്പുതല നടപടി എടുക്കാനിരിക്കെയാണ് മരണം. ഭാര്യയും രണ്ടുമക്കളും ഉണ്ട്
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണമാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്.
തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രീംകോടതി അംഗീകരിച്ചു. പത്തു ബില്ലുകള്‍ക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളില്‍ വൈറലായി വിവാഹ മെനു കാര്‍ഡ്… സദ്യയിലെ എല്ലാ വിഭവത്തിന്റെയും കലോറി കാര്‍ഡില്‍ രേഖപ്പെടുത്തി
പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിലും വിവാഹക്ഷണക്കത്തിലുമെല്ലാം വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നവരാണ് പുതുതലമുറ. ഇത്തരത്തിലുള്ള പല പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളും മാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. എന്നാല്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് ഒരു വിവാഹ മെനു കാര്‍ഡ് ആണ്. വെറും മെനുകാര്‍ഡ് അല്ല. വിവാഹ സദ്യയിലെ ഓരോ ഐറ്റത്തിന്റെയും കലോറി രേഖപ്പെടുത്തിയ കാര്‍ഡ്. അതായത് സദ്യയിലെ എല്ലാ വിഭവത്തിന്റെയും കലോറി കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്.
ഇന്ത്യാ സോഷ്യല്‍ എന്ന ടാഗില്‍ റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കാര്‍ഡാണ് വൈറലായത്. ഏറെ നാളിന് ശേഷം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ലഭിച്ചത് എന്ന കുറിപ്പോടെയായിരുന്നു കാര്‍ഡ് പങ്കുവയ്ക്കപ്പെട്ടത്. പശ്ചിമ ബംഗാളിലെ ചൈറ്റി ഹാളില്‍ നടക്കുന്ന വിവാഹത്തിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കാര്‍ഡില്‍, ഭക്ഷണം പാഴാക്കരുതെന്നും അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമായ കലോറിക്ക് തുല്യമായ ഭക്ഷണം കഴിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. പിന്നാലെ വെജ് – നോണ്‍വെജ് ഭക്ഷണ വിഭവങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി ഒരോ വിഭവത്തിനും നേരെ അവ എത്ര കലോറിയാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
സുരുചി എന്ന കാറ്ററിംഗുകാരുടെ കാര്‍ഡായിരുന്നു അത്. കാര്‍ഡില്‍ മറ്റ് ചില നിര്‍ദ്ദേശങ്ങള്‍ കൂടി രേഖപ്പെടുത്തിയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഡാന്‍സ് ഫ്‌ലോറില്‍ എത്ര കലോറി എരിച്ച് കളയണമെന്ന് മെനു കാര്‍ഡ് ഉപയോഗിച്ച് തീരുമാനിക്കാമെന്നായിരുന്നു ഒന്ന്. ഒപ്പം മറ്റ് ചില ആരോഗ്യ നിര്‍ദ്ദേശങ്ങളുമുണ്ട്. കലോറി നോക്കിയാണ് ഭക്ഷണം കഴിക്കേണ്ടത് എന്ന് തങ്ങള്‍ കരുതുന്നില്ലെന്നും എന്നാല്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ അധികമായാല്‍ അത് ദോഷം ചെയ്യുമെന്നും അതിനാല്‍ അല്പം ഡാന്‍സ് കളിക്കുന്നത് നല്ലതാണെന്നും വിവാഹ മെനു കാര്‍ഡ് നിര്‍ദ്ദേശിക്കുന്നു.
ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെണ്‍ സുഹൃത്തിന്റെ പേരിലുളള സിം, മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമ
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു.
ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാർഡെന്നും എക്സൈസിന് വിവരം ലഭിച്ചു. നടന്റെ പെണ്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
പെണ്‍ സുഹൃത്ത് മാസങ്ങള്‍ക്ക് മുൻപ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിയത് ഇവർ വഴിയാണോ എന്ന് സംശയമുണ്ട്. ബാംഗ്ലൂരില്‍ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ മൂന്ന് ദിവസവും ഇവർ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്നാണ് തസ്ലീമയുടെ മൊഴി. നിലവില്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാലെ ലഹരി ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുളളൂ.
കളിക്കിടെ എര്‍ത്ത് വയറില്‍ നിന്ന് ഷോക്കേറ്റ് അഞ്ചരവയസ്സുകാരന്‍ മരിച്ചു
മാവേലിക്കര: അവധിക്ക് അമ്മവീട്ടിലെത്തിയ അഞ്ചരവയസ്സുകാരന്‍ എര്‍ത്ത്‌വയറില്‍ നിന്ന് ഷോക്കേറ്റു മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയില്‍ ഹാബേല്‍ ഐസക്-ശ്യാമ ദമ്പതികളുടെ മകന്‍ ഹാമിന്‍ ആണ് മരിച്ചത്. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ ശ്യാമയുടെ അച്ഛന്‍ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴം വീട്ടില്‍ ശിവാനന്ദനന്റെ സഹോദരന്‍ രാജന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. കുഴിയാനയെ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹാമിനും സഹോദരി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹാമിയും ഒരാഴ്ച മുന്‍പാണ് അമ്മവീട്ടിലേക്ക് എത്തിയത്. ഈ വീടിനോടു ചേര്‍ന്നാണ് രാജന്റെ വീട്. വീടിന്റെ ഭിത്തിയോട് ചേര്‍ന്നായിരുന്നു എര്‍ത്ത്വയര്‍. അബദ്ധത്തില്‍ കമ്പിയില്‍ തൊട്ട കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
സമീപവാസി കൊച്ചുമോന്‍ എത്തിയപ്പോഴാണ് കുട്ടി മുറ്റത്ത് കമഴ്ന്നു കിടക്കുന്നതു ശ്രദ്ധയില്‍പെട്ടത്. വീട്ടിലെ ഫ്രഡ്ജിന്റെ തകരാറാണ് എര്‍ത്ത് വയറിലൂടെ വൈദ്യുതി പ്രവഹിക്കാന്‍ കാരണമെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഹാമിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഖത്തറിലുള്ള അച്ഛന്‍ ഹാബേല്‍ എത്തിയ ശേഷം. പെരിങ്ങര പഞ്ചായത്ത് ജീവനക്കാരിയാണ് അമ്മ ശ്യാമ.
സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു… മകള്‍ പരിക്കുകളോടെ ആശുപത്രിയില്‍
ചാത്തന്നൂര്‍: സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
പരവൂര്‍ കൂനയില്‍ മണ്ണുവിളവീട്ടില്‍ സുനില്‍കുമാര്‍ (49)ആണ് മരിച്ചത്. ഒപ്പം ബൈക്കില്‍ ഉണ്ടായിരുന്ന മകള്‍ ആര്യസുനില്‍ (21) പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനമ്പലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പരവൂര്‍ ഭാഗത്ത് നിന്നും പാരി പ്പള്ളി ഭാഗത്തേക്ക് വന്ന ബസും പാരിപ്പള്ളിയില്‍ നിന്നും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ ഓടി കൂടിയ നാട്ടുകാര്‍ ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും സുനില്‍കുമാര്‍ മരിച്ചു. തുടര്‍ന്ന് പാരിപ്പള്ളി പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
വനിതാ ചലച്ചിത്രമേള കൊട്ടാരക്കരയില്‍
കൊല്ലം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 25 മുതല്‍ 27 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം എട്ടിന് വൈകിട്ട് നാലിന് നടക്കും. കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
മിനര്‍വ തിയേറ്ററിന്റെ രണ്ടു സ്‌ക്രീനുകളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ ഫീച്ചര്‍സിനിമകളും ഡോക്യുമെന്ററികളും ഉള്‍പ്പെടെ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29-ാമത് ഐഎഫ്എഫ്‌കെയിലെ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മരം വീണ് കാര്‍ തകര്‍ന്നു
പത്തനാപുരം: ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന തീവണ്ടി യാത്രക്കാരന്റെ കാര്‍ മരം വീണു തകര്‍ന്നു. സ്റ്റേഷനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് സ്ഥലത്ത് നിന്നിരുന്ന ഉണങ്ങിയ മരമാണ് കാറ്റിലും മഴയിലും കാറിന്റെ മുകളില്‍വീണത്.
തിങ്കളാഴ്ച പുലര്‍ച്ചയുള്ള തീവണ്ടിയില്‍ യാത്ര ചെയ്തവര്‍ എത്തിയ കാറാണിത്. പൂര്‍ണ്ണമായി ഉണങ്ങി ഏതു നിമിഷവും നിലം പൊത്താവുന്ന നിലയിലായിരുന്നു മരം. സ്റ്റേഷന്‍ പരിസരത്തായി ഇത്തരത്തില്‍ അപകടാവസ്ഥയില്‍ ഒട്ടേറെ മരങ്ങളുണ്ട്.
കെ രാധാകൃഷ്ണൻ ഇ ഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ രാധാകൃഷ്ണൻ ഇ ഡിക്ക് മുന്നിൽ.കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 11 മണിക്കാണ് കെ രാധാകൃഷ്ണൻ ഹാജരായത്.
കേസുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട് എന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നാം വട്ടവും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണൻ ഇ ഡിക്ക് മുന്നിൽ എത്തിയത്.കൊച്ചി ഇ ഡി ഓഫീസിൽ അഭിഭാഷകന് ഒപ്പമാണ് രാധാകൃഷ്ണൻ ഹാജരായത്.കേസിൽ അറിയാവുന്ന വിവരങ്ങൾ നൽകുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
കെ രാധാകൃഷ്ണൻ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് കരുവാനൂർ ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ ഡിക്ക് മുന്നിലുള്ളത്.പാർട്ടി ഓഫീസുകളുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ആവശ്യപ്പെട്ട രേഖകൾ രാധാകൃഷ്ണൻ നേരത്തെ ഇ ഡിക്ക് നൽകിയിരുന്നു.മുൻപ് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. കരുവന്നൂർ കേസിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.









































