Home Blog Page 1343

കാസ‍ർകോട് പലചരക്ക് കടയുടമയായ യുവതിയെ കടക്കുള്ളിൽ കയറി തിന്നറൊഴിച്ച് തീകൊളുത്തി; പ്രതി പിടിയിൽ

കാസർകോട്: ബേഡകത്ത് യുവതിയെ കടക്കുള്ളിൽ വച്ച് തിന്നർ ഒഴിച്ച് തീ കൊളുത്തി. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമിക്കാൻ കാരണം എന്നാണ് വിവരം.

വരാനിരിക്കുന്നത് മെഗാഭൂചലനം, സൂനാമി പരമ്പര; 3 ലക്ഷം പേരുടെ മരണം: മുന്നറിയിപ്പുമായി ജപ്പാൻ

ജപ്പാനിരിക്കുന്ന മേഖലയിലുള്ള നാൻകായി ഭൗമഘടനയിൽ വരുംകാലത്ത് ഒരു വമ്പൻ ഭൂചലനമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുകാരണം വമ്പൻ സൂനാമി പരമ്പര ഉടലെടുക്കാമെന്നും ജാപ്പനീസ് സർക്കാരിന്റെ മുന്നറിയിപ്പ്. 9 തീവ്രത വരെ വരാവുന്ന ഭൂചലനത്തിനുള്ള സാധ്യതയാണ് ജപ്പാൻ മുന്നോട്ടുവച്ചത്. 3 ലക്ഷം പേരുടെ മരണം, 1.81 ട്രില്യൻ ഡോളറിന്റെ സാമ്പത്തികനഷ്ടം, കെട്ടിടങ്ങളുടെ നാശം എന്നിവ ഇതുമൂലമുണ്ടാകാം.

ജപ്പാന്റെ തെക്കുകിഴക്കൻ ദിശയിലുള്ള പസിഫിക് തീരത്താണ് നൻകായി ട്രഫ്. ജപ്പാന്റെ കാബിനറ്റ് ഓഫിസ് റിപ്പോർട്ട് പ്രകാരം ഇത്തരമൊരു ഭൂചലനവും സൂനാമികളുമൊക്കെ സംഭവിക്കാനുള്ള സാധ്യത 80 ശതമാനം വരെയാണ്.

ഒട്ടേറെ ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാൻ. 1498ൽ ജപ്പാനിലെ എൻഷുനാദ കടലിലുണ്ടായ 8.3 തീവ്രതയുള്ള ഭൂചലനത്തെത്തുടർന്ന് ഒരു വലിയ സൂനാമി ഉടലെടുക്കുകയും 31,201 ആളുകൾ മരിക്കുകയും ചെയ്തു. തുടർന്ന് ഇന്നുവരെയുള്ള കാലയളവിൽ 1.1 ലക്ഷത്തിലധികം പേരാണ് സൂനാമിയിൽ മരിച്ചത്. ജപ്പാനിലെ സൂനാമിചിത്രം വിളിച്ചോതുന്നതാണ് ഈ കണക്ക്. സൂനാമി എന്ന പേരു പോലും ഈ പ്രകൃതിദുരന്തത്തിനു വന്നത് ജപ്പാനിൽ നിന്നാണെന്നതും ഓർക്കണം. 2011ൽ ഫുക്കുഷിമ ദുരന്തത്തിലും സൂനാമിയുടെ സാന്നിധ്യമുണ്ടായിരുന്നു.

വിവിധ പ്രകൃതിദുരന്തങ്ങൾ നടമാടുന്ന രാജ്യമാണ് ജപ്പാൻ. തങ്ങളുടെ സാങ്കേതിക വിദ്യയിലുള്ള പാടവവും പരിജ്ഞാനവും ദുരന്തങ്ങളെ ചെറുക്കാനുള്ള മേഖലയിലും ജപ്പാൻ ഉപയോഗിക്കാറുണ്ട്. ഇടയ്ക്കിടെ തങ്ങളെ അലട്ടുന്ന ഭൂചലനങ്ങൾക്ക് പ്രതിരോധമൊരുക്കാനായി എർത്ത്‌ക്വേക്ക് എൻജിനീയറിങ് എന്നൊരു മേഖല തന്നെ ജപ്പാൻ ഒരുക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്കായുള്ള ഷോക്ക് അബ്സോർബറുകൾ, സ്ലൈഡിങ് വോളുകൾ, ടെഫ്‌ലോൺ ഫൗണ്ടേഷൻ വോളുകൾ തുടങ്ങി ഒട്ടേറെ സാങ്കേതികവിദ്യകൾ ഇതിന്റെ ഭാഗമായുണ്ട്. എർത്ത്ക്വേക്ക് എൻജിനീയറിങ്ങിൽ സൂനാമികൾക്കു തടയിടാനുള്ള സാങ്കേതികവിദ്യകളും ജപ്പാൻ നടപ്പാക്കിയിരുന്നു.

വലിയ ജനബാഹുല്യമുള്ള ഇടങ്ങളിൽ ജനങ്ങളെ സംരക്ഷിക്കാനായി 40 അടി വരെ പൊക്കമുള്ള കടൽഭിത്തികളും ജപ്പാൻ കെട്ടിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഇടങ്ങളിലേക്കും ജനവാസമേഖലകളിലേക്കും സൂനാമിത്തിരകൾ മൂലമുള്ള വെള്ളം കടന്നുകയറിയാൽ അതു തിരിച്ചുവിടാനായി ആധുനിക ഫ്ലഡ്ഗേറ്റുകളും ജപ്പാൻ തയാർ ചെയ്തിട്ടുണ്ട്. 51 അടി വരെ പൊക്കമുള്ളവയാണ് ഇത്.

രാജ്യത്തെ ഊർജമേഖലയ്ക്ക് നിർണായക സംഭാവനകൾ നൽകുന്ന ആണവനിലയങ്ങൾക്ക് സൂനാമിഘട്ടങ്ങളിൽ സുരക്ഷ നൽകാനുള്ള സംവിധാനങ്ങളും ജപ്പാൻ ആവിഷ്കരിച്ചിട്ടുണ്ട്. കഴിയുന്നതും ഈ നിലയങ്ങൾ തീരത്തുനിന്നു ദൂരെ എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. എന്തെങ്കിലും തരത്തിൽ ഭൂചലനമുണ്ടാകുന്ന പക്ഷം സേഫ് മോഡിലേക്കു പോകാനുള്ള സംവിധാനവുമുണ്ട്.

പൊലീസ് റിപ്പോർട്ട് തള്ളി, സർക്കാർ വാദം മതിയായ കാരണമല്ലെന്ന് കോടതി; ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് പരോൾ

കൊച്ചി: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോൾ. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധി.

ഭർത്താവിന് 30 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിക്കളഞ്ഞു. നിഷാമും സഹോദരങ്ങളുമായി സ്വത്തു തർക്കം നിലനിൽക്കുന്നതിനാൽ തടവുപുള്ളിയെ പുറത്തു വിട്ടാൽ സാഹചര്യം മോശമാകാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചായിരുന്നു പരോൾ നിഷേധിച്ചത്. മാത്രമല്ല, ജയിൽ അധികൃതരുമായുണ്ടായ മോശം സാഹചര്യങ്ങളെ തുടർന്നാണ് നിഷാമിനെ വിയ്യൂർ ജയിലിലേക്ക് സ്ഥലം മാറ്റിയതെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി.

സർക്കാർ വാദം പരോൾ അനുവദിക്കാതിരിക്കാൻ മതിയായ കാരണമല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊലീസ് റിപ്പോർട്ട് എതിരാണ് എന്നത് ഇവിടെ പരോൾ നിഷേധിക്കാൻ പര്യാപ്തമല്ല. തടവുകാരൻ പുറത്തു പോയാൽ അവിടെ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറയുന്നതിനു പകരം അതുണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, പ്രൊബേഷൻ ഓഫിസർ പരോൾ അനുവദിക്കുന്നതിന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. വിയ്യൂർ ജയിലിലേക്ക് മാറ്റിയതിന്റെ പേരിൽ നിഷാമിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2015 മുതൽ തുടർച്ചയായി ജയിലിൽ ആണെന്നും ഇതിനിടയിൽ ഏതാനും തവണ ഇടക്കാല ജാമ്യം ലഭിച്ചത് ഒഴിച്ചാൽ പരോൾ ലഭിച്ചിട്ടില്ലെന്നും നിഷാം ചൂണ്ടിക്കാട്ടിയിരുന്നു. തടവുകാരന് വർഷം 60 ദിവസം പുറത്തു നിൽക്കാൻ വ്യവസ്ഥയുണ്ട്. അതുകൊണ്ട് നിഷാമിന് നിയമപരമായി പരോൾ ലഭിക്കാൻ അർഹതയുണ്ടെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്. 2015ൽ തൃശൂരിലെ താമസ സ്ഥലത്ത് സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നിഷാം ഇപ്പോൾ.

തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ എനിക്കെതിരെ സമരം ചെയ്യേണ്ടത്? ഷെയിം ഷെയിം എന്നേ പറയാനുള്ളൂ: ഗണേഷ് കുമാർ

കൊല്ലം: സുരേഷ് ഗോപിയെ കുറിച്ചുള്ള തൊപ്പി പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാർ ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താൻ തമാശ പറഞ്ഞത്. അതിനൊക്കെ സമരം ചെയ്യുന്നത് മോശം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. കമ്മീഷണർ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ കാറിന് പുറകിൽ എസ്‍പിയുടെ തൊപ്പി വെച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്നാണ് ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്.

“ഒരു വിമർശനവും പാടില്ലേ ഈ നാട്ടിൽ? പൊലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ എനിക്കെതിരെ സമരം ചെയ്യേണ്ടത്? ആളുകളെ മനസ്സിലാക്കാൻ നമുക്ക് കിട്ടുന്ന അവസരമാണ് ഇതെല്ലാം. ഉദ്ദേശ്യം സമരമോ പ്രതിഷേധമോ മന്ത്രിയോടുള്ള പിണക്കമോ ഒന്നുമല്ല. സമരത്തിന് വേറെ കാരണമൊന്നും ഇല്ലെങ്കിൽ തൊപ്പി കേസിലും സമരം ചെയ്യാം. പത്തനാപുരത്ത് നടക്കുന്നത് തൊപ്പി സമരമാണ്.

സിനിമ ഷൂട്ടിങ്ങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് ഞാൻ തമാശ പറഞ്ഞത്. അതിനൊക്കെ സമരം ചെയ്യുന്നുവെങ്കിൽ മോശം മോശം എന്നേ പറയാനുള്ളൂ. അപ്പോ അങ്ങനെയൊരു തൊപ്പിയുണ്ടായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു.

ഐപിഎസ് ഉദ്യോഗസ്ഥൻറെ തൊപ്പി ചുമ്മാ ഇട്ടു നടക്കാൻ പറ്റുമോ? ഞാൻ ഇട്ടു നടന്നാൽ ശരിയാണോ? നിയമവിരുദ്ധമാണ്. ഷൂട്ടിങിന് വേണ്ടി ഉപയോഗിക്കുന്നത് ശരി. സിനിമയിൽ ഐജി, ഡിജിപി ഒക്കെ ആയിരിക്കും. ആ വേഷവും ഇട്ട് കാറോടിച്ച് പോകാൻ പറ്റുമോ? പൊലീസും എംവിഡിയും പിടിക്കും. ഞാനൊരു നടനാണ്. ഞാനത് ചെയ്യാൻ പാടില്ല. ഞാൻ എൻറെ കാര്യമാണ് പറഞ്ഞത്. നമ്മളുപയോഗിക്കാൻ പാടില്ലാത്ത സാധനം എടുത്ത് ഉപയോഗിക്കുന്നത് യൂസ് ആണ് മിസ് യൂസ് ആണോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.

തൊപ്പി എന്ന് പറഞ്ഞൊരാളുണ്ടല്ലോ. അപ്പോ അയാൾക്കും പിണക്കം വരണ്ടേ. ഇതൊന്നും കാര്യമുള്ള കാര്യങ്ങളല്ല.”

സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നാണ് കെ ബി ഗണേഷ് കുമാർ ഇന്നലെ പാലക്കാട് പറഞ്ഞത്. സുരേഷ് ഗോപിക്ക് കട്ട് പറയാൻ താൻ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാൽ ജനങ്ങളാണ് കട്ട് പറയേണ്ടതെന്ന് ഗണേഷ് കുമാർ പറഞ്ഞു.

സുരേഷ് ഗോപി വർഷങ്ങൾക്ക് മുമ്പ് ഭരത് ചന്ദ്രൻ ഐപിഎസ് ആയി അഭിനയിച്ചപ്പോൾ പൊലീസ് തൊപ്പി കാറിൻറെ പിന്നിൽ സ്ഥിരമായി വെച്ചിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. സാധാരണ ഉന്നത പൊലീസുകാർ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ തൊപ്പി ഊരി സീറ്റിൻറെ പിന്നിൽ വെക്കാറുണ്ട്. അത്തരത്തിൽ സുരേഷ് ഗോപി കുറെക്കാലം എസ്‍പിയുടെ തൊപ്പി കാറിൻറെ പിന്നിൽ വെച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വെച്ചിരുന്നത്. അത്രയേ അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളൂവെന്നും ഗണേഷ് കുമാർ പരിഹസിച്ചു. മാധ്യമപ്രവർത്തകരോടുള്ള സുരേഷ് ഗോപിയുടെ സമീപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗണേഷ് കുമാർ.

ഔദ്യോഗിക പാനലിനെതിരെ മത്സരം വേണ്ട, മത്സരം നടന്നാൽ സമ്മേളനം റദ്ദാക്കും; കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: സിപിഐ സമ്മേളനകാലത്തേക്കു കടന്നതോടെ ഭാരവാഹിത്വത്തിലേക്കു പരമാവധി മത്സരം ഒഴിവാക്കാനുള്ള നീക്കവുമായി സംസ്ഥാന നേതൃത്വം. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിർദേശമാണ് താഴേത്തട്ടിലേക്കു നൽകിയിരിക്കുന്നത്. ജില്ലാ നേതാക്കൾക്കാണ് ഇതു സംബന്ധിച്ച് കർശന നിർദേശം നൽകിയിരിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള മത്സരം നടക്കുകയാണെങ്കിൽ ആ സമ്മേളനം തന്നെ റദ്ദാക്കാനാണ് തീരുമാനം. വീണ്ടും സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ സമ്മേളനം നടത്തി സമവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശമാണ് നേതാക്കൾക്കു നൽകിയിരിക്കുന്നത്. അടുത്തിടെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെയും മുൻ എംപി ചെങ്ങറ സുരേന്ദ്രനേയും സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം വിമർശനം ഉയർത്തുന്ന സാഹചര്യത്തിലാണ് സമ്മേളനങ്ങളിൽ വിഭാഗീയതയ്ക്കു തടയിടാനുള്ള നീക്കം സംസ്ഥാന നേതൃത്വം ശക്തമാക്കിയിരിക്കുന്നത്.

പാർട്ടിയുടെ ലോക്കൽ സമ്മേളനങ്ങളാണ് നടന്നുവരുന്നത്. അതു കഴിഞ്ഞ് ജില്ലാ സമ്മേളനങ്ങളിലേക്കു കടക്കും. സെപ്റ്റംബറിലാണ് സംസ്ഥാന സമ്മേളനം നടക്കുക. ഈ ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാന നേതൃത്വത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് താഴേത്തട്ടിലുള്ള സമ്മേളനങ്ങിൽ പോലും മത്സരങ്ങൾ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നത്.

പൂരം കലക്കൽ, ബ്രൂവറി വിഷയങ്ങളിൽ ഉൾപ്പെടെ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് പാർട്ടിയുടെ താഴേത്തട്ടിലുള്ള നേതാക്കൾ ഉന്നയിക്കുന്നത്. പല വിഷയങ്ങളിലും ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയാതെ സമൂഹത്തിൽ അവഹേളിക്കപ്പെടുന്ന നിലയിലാണ് പാർട്ടിയെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് എതിർശബ്ദങ്ങൾ പരമാവധി ഒഴിവാക്കാനുള്ള ശ്രമം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം ചർച്ചകളിലൂടെയാണ് പാർട്ടിയിൽ ശക്തമായ നിലപാടുകൾ രൂപീകരിക്കപ്പെടുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ ഉൾപാർട്ടി ജനാധിപത്യം നിലനിൽക്കുന്ന പാർട്ടിയാണ് സിപിഐ എന്നും മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ പ്രതികരിച്ചു.

വയനാട്ടിൽ കനത്ത വേനൽമഴ തുടരുന്നു; ഒപ്പം ഇടിയും കാറ്റും, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

കൽപ്പറ്റ: വയനാട്ടിൽ കനത്ത വേനൽ മഴ തുടരുന്നു. വൈകിട്ട് മൂന്നുമണിയോടെയാണ് മഴ തുടങ്ങിയത്. ഇടിയും കാറ്റോടും കൂടിയാണ് മഴയാണ് പെയ്യുന്നത്. അതേസമം, മഴ ശക്തമാണെങ്കിലും മഴക്കടുതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിൽ ഈ ന്യൂനമർദ്ദം വടക്ക് ദിശയിൽ സഞ്ചരിക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.

ഉഷ്ണ തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയതോടെയാണ് ഡൽഹിയിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ വരെ ഉഷ്ണതരംഗം തുടരും, പിന്നീട് താപനില സാധാരണ നിലയിൽ എത്തും. ഡൽഹിക്ക് പുറമേ ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. ചൂട് കൂടുന്ന സാഹചര്യത്തിൽ പുറത്ത് ജോലി ചെയ്യുന്ന ആളുകൾ മുൻകരുതൽ എടുക്കണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗത്തോട് പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി; ‘അവഗണിച്ച് തള്ളേണ്ടത്’

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ മലപ്പുറം പ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടുമോ എന്നതിൽ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരും. ബിജെപിയെ താഴെ ഇറക്കാൻ എവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എം എ ബേബി പ്രതികരിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റ് തിരുത്തി ഒരാൾ തിരിച്ചെത്തിയാൽ അയാൾ വേണ്ടെന്ന് സിപിഎം പറയില്ല. പക്ഷെ അവസരവാദ നിലപാടിന്റെ ഭാഗമായി വരുന്നവരോട് ഈ സമീപനമായിരിക്കില്ല. സിപിഎമ്മിൻ്റെ സ്വാധീന മേഖലയിലും ബിജെപി വളരുന്നുണ്ട്. അത് തിരുത്താൻ വേണ്ടിയുള്ള ഇടപെടൽ നടത്തും. പ്രായ പരിധി മൂലം പാർട്ടി ചുമതലകളിൽ നിന്ന് ഒഴിഞ്ഞവർ മുമ്പത്തേത് പോലെ പാർടിക്ക് സംഭാവനകൾ നൽകി തുടർന്നു പോകും.

എമ്പുരാനേതിരായ ഭീഷണി നിസ്സാരമായി കാണാനാവില്ല, ബിജെപിയുടേത് നവ ഫാസിസ്റ്റ് സർക്കാരാണ്. സംഘ പരിവാറിന്റെ താത്പര്യം സംരക്ഷിക്കാനാണ് പല ഗവർണർമാരും ശ്രമിക്കുന്നത്, ബിജെപി സർക്കാരിൻ്റെ പാവകളായി ഗവർണർമാർ മാറുന്നു. കോടതികൾ ഇത് നിസംഗമായി നോക്കിനിൽക്കുന്നു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത കോടതികൾക്കുണ്ട്. ഇന്ന് ഇക്കാര്യത്തിൽ ആശാവഹമായ വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് വന്നത്.

ബിജെപിയുമായുള്ള അനുഭാവം ഒരു കുറച്ചിൽ ആണെന്നു മുമ്പ് പലരും കരുതിയിരുന്നുവെന്നും ഇപ്പോൾ അത് മാറി വരുന്നുവെന്നും എം എ ബേബി പറഞ്ഞു. പാത്തും പതുങ്ങിയും സഹകരിച്ചവർ ഇന്ന് പരസ്യമായി രംഗത്ത് വന്നു തുടങ്ങി. ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കൊപ്പം എന്ന ചിന്താഗതിയാണ് ഇതിന് ഒരു കാരണം. സിപിഎം ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറില്ല. ബിജെപിയെ താഴെ ഇറക്കാൻ ഞങ്ങൾ മാത്രം മതിയെന്ന് പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യമില്ല. കോൺഗ്രസിന്റെ കൂടി സഹായത്തോടെയേ ഇത് നടക്കൂ. എവിടെയൊക്കെ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിൻ്റെ സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ സഹകരണം ഉണ്ടാകുമെന്നും ബേബി വ്യക്തമാക്കി.

യുക്തിവാദി നേതാവ് സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ

ന്യൂഡൽഹി: പ്രമുഖ യുക്തിവാദി നേതാവ് സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ. വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ് നടപടി. ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇൻ്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭ കേസ് നൽകിയിരുന്നു. 2012 മുതൽ ഫിൻലൻഡിലായിരുന്നു താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതായിരുന്നു സനൽ ഇടമറുക്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സനൽ ഇടമറുക് സ്ഥാപിച്ച റാഷണലിസ്റ്റ് ഇൻ്റർനാഷണൽ വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

ശങ്കരനാരായണൻ അന്തരിച്ചു; മകളെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കൊന്ന കേസിലെ പ്രതി

മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തി‍യെന്ന കേസിലെ പ്രതിയായിരുന്ന മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ (75) അന്തരിച്ചു. തിങ്കൾ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി ഒൻപതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴിയാണ് ശങ്കരനാരായണന്റെ മകൾ കൃഷ്ണപ്രിയയെ (13) അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.

ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയ 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു. പിന്നാലെ ശങ്കരനാരായണന്‍ പൊലീസിൽ കീഴടങ്ങുകയായിരുന്നു. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും ശങ്കരനാരായണനെ 2006 മേയിൽ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.

‘സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്തു, ഇതിനപ്പുറം ഒന്നും ചെയ്യാനില്ല’; ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: 58 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ സമരം തീർക്കാൻ സംസ്ഥാന സർക്കാ‌ർ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി വി ശിവൻകുട്ടി.

ഇതിനപ്പുറം സർക്കാരിന് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൊഴില്‍ മന്ത്രി എന്ന നിലയില്‍ ആശാവർക്കർമാർ തന്നെ കാണാൻ വന്നിരുന്നുവെന്നും അവരുടെ നിവേദനം കൈപ്പറ്റിയെന്നും ശിവൻകുട്ടി അറിയിച്ചു.

ഓണറേറിയം വർദ്ധിപ്പിക്കുന്നതടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഇന്നലെ മന്ത്രിക്ക് സമരസമിതി അഞ്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ആവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റി ഒരു മാസത്തിനുള്ളില്‍ രൂപീകരിച്ച്‌ റിപ്പോർട്ട് നല്‍കുമെന്നാണ് ശിവൻകുട്ടി സമരക്കാർക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ അതില്‍ സമരസമിതി ചർച്ച ചെയ്ത് നിലപാട് അറിയിക്കാം എന്നാണ് മറുപടി നല്‍കിയത്. ഏതായാലും നിലവില്‍ സമരവുമായി ശക്തമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഏപ്രില്‍ 12ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തില്‍ പൗരസാഗരം സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

മൂന്നുതവണ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ആശാവർക്കർമാർ തൊഴില്‍മന്ത്രിക്ക് നിവേദനം നല്‍കിയത്. വിഷയം പഠിക്കാനുള്ള കമ്മിറ്റിയുടെ സമയദൈർഘ്യം ഒരു മാസമായി കുറയ്ക്കുന്നത് ഉള്‍പ്പെടെ ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിനായി ഇടപെടല്‍ നടത്താമെന്ന തൊഴില്‍മന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. സമരസമിതി നേതാക്കള്‍ തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണാ ജോർജും സ്വാഗതം ചെയ്തിട്ടുണ്ട്.